തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കേസ് മുറുകുമ്പോള്‍ കോണ്‍ഗ്രസില്‍ ഐക്യവും ശക്തിപ്പെടുന്നു. സുധാകരനെ വളഞ്ഞു പിടിക്കാന്‍ സര്‍ക്കാര്‍ കേസുകള്‍ ഒന്നൊന്നായി പുറത്തെടുക്കുമ്പോള്‍ ഗ്രൂപ്പ് പോരിന് അവധി നല്‍കി കോണ്‍ഗ്രസ് നേതൃത്വം ഒന്നിക്കുകയാണ്.
ഏറെ കാലമായി സജീവമല്ലാതിരുന്ന ഗ്രൂപ്പുകള്‍ കഴിഞ്ഞ ബ്ലോക്ക് പുനസംഘടനയുടെ പേരില്‍ ശക്തിപ്രാപിച്ചു വരുന്നതിനിടെയിലാണ് സുധാകരനെതിരെ സര്‍ക്കാര്‍ തിരിഞ്ഞതും കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം അദ്ദേഹത്തിന് കവചം തീര്‍ത്തിരിക്കുന്നതും.
മോന്‍സണ്‍ മാവുങ്കലുമൊന്നിച്ചുള്ള തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചും സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സുമാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. അടുത്തിടെയാണ് 'പുനര്‍ജനി' പുനരധിവാസ പദ്ധതിയുടെ പണപ്പിരിവിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ബാര്‍ കോഴ കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോലീസ് കേസെടുത്തത്.
ഇതോടെ കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം കേസുകളില്‍ അകപ്പെടുന്ന സ്ഥിതിയായി. പരസ്പരം ഭിന്നതയിലായിരുന്ന ഈ നേതാക്കളെ ഒന്നിപ്പിക്കാനും കോണ്‍ഗ്രസില്‍ ഐക്യം ശക്തിപ്പെടുത്താനും മാത്രമേ കേസുകള്‍ ഉപകരിച്ചിട്ടുള്ളു എന്ന വികാരം ഇടതുമുന്നണിയിലുമുണ്ട്.
ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നവര്‍ക്ക് രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ പാളിച്ച സംഭവിച്ചു എന്ന വിലയിരുത്തല്‍ ഭരണമുന്നണിയില്‍ ശക്തമാണ്.
ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ധ്രുവീകരണത്തിന് അണിയറ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയിലാണ് പ്രധാന നേതാക്കള്‍ കേസില്‍ അകപ്പെട്ടത്.
ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പേരിലും ചേരിതിരിഞ്ഞ് ഗ്രൂപ്പുകള്‍ പോരിന് തയ്യാറെടുക്കുകയാണ്. എല്ലാ കാലത്തും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും വിഴുപ്പലക്കലുമായിരുന്നു തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയുടെ കരുത്ത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ പരാജയത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഗ്രൂപ്പുകള്‍ക്കെതിരായ പൊതു വികാരവും പാര്‍ട്ടിയില്‍ ശക്തമായിരുന്നു.
പിന്നീട് ഇടതുഭരണത്തിന്‍റെ ശോഭ നഷ്ടമാകുകയും കര്‍ണാടകയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വര്‍ധിത വീര്യത്തോടെ മടങ്ങി വരികയും ചെയ്തതോടെ അധികാരത്തിലെത്തുമെന്ന പ്രതീതി കേരളത്തിലെ കോണ്‍ഗ്രസിലും ശക്തമായി. ഇതോടെ കസേര ഉറപ്പിക്കാനുള്ള വടംവലികളും തുടങ്ങി.
യഥാര്‍ഥത്തില്‍ ആ ഗ്രൂപ്പ് പോരിനെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്യേണ്ടിയിരുന്ന രാഷ്ട്രീയ നീക്കം എന്നിരിക്കെ നേതാക്കളെ ലക്ഷ്യം വച്ച് പോലീസിനെ ഇറക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം ഗ്രൂപ്പ് തന്ത്രങ്ങള്‍ മാറ്റിവച്ച് ഒന്നിക്കുകയാണ്. കേസുകളൊന്നും കോടതികളില്‍ നിലനില്‍ക്കാന്‍ പോന്ന കരുത്തുള്ളതാണെന്ന് ആരും കരുതുന്നുമില്ല. അതുകൊണ്ട് ഒരു ജനവികാരം സൃഷ്ടിച്ചെടുക്കാനും കഴിയുന്നില്ല.
അങ്ങനെയെങ്കില്‍ ഭരണപക്ഷം ചെയ്യുന്നത് രാഷ്ട്രീയമായി വലിയ അബദ്ധമാണെന്ന വിലയിരുത്തല്‍ സിപിഎമ്മിലെയും സിപിഐയിലെയും നേതാക്കള്‍ക്കുണ്ട്. അടുത്ത ഇടതുമുന്നണി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായേക്കും. സിപിഎം സംസ്ഥാന സമിതിയിലും ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നേക്കാം.