തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും ഉപദേശകരെ നിയമിക്കാനൊരുങ്ങുന്നു. മാധ്യമ, പോലീസ് ഉപദേഷ്ടാക്കളെയാണ് പുതിയതായി നിയോഗിക്കാൻ ഒരുങ്ങുന്നത്. ഇതിനായി മുതിർന്ന മാധ്യമ പ്രവർത്തകനും റിട്ട. ഡിജിപിയുമാണ് പരിഗണനയിൽ ഉള്ളത്.
സംസ്ഥാനത്ത് സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച് പോലീസ് മുന്നോട്ടു പോകുന്നതിൽ കടുത്ത പ്രതിഷേധം പാർട്ടിക്കാർ ക്കിടയിൽ തന്നെയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ താൽപര്യമാണ് ഇപ്പോഴത്തെ പോലിസ് നടപടികൾക്ക് പിന്നിലെന്നും ഒരു വിഭാഗത്തിന് പരാതി ഉണ്ട്.
അതുകൊണ്ട് തന്നെ ഈ ഉന്നതനെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഉപദേഷ്ടാവിനെ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നത്.
മുൻ ഡിജിപിമാരടക്കമുള്ളവരാണ് പരിഗണനയിൽ ഉള്ളത്. അടുത്ത മാസത്തോടെ ഒരു പ്രധാന പദവിയൊഴിയുന്ന മുൻ ഡിജിപിയ്ക്കാണ് മുൻഗണന.
സർക്കാർ - മാധ്യമ പോര് ശക്തമാകുന്ന സാഹചര്യത്തിലാണ് ഒരു മാധ്യമ ഉപദേഷ്ടാവിനെ നിയോഗിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുന്നത്. മുതിർന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ് ഈ സ്ഥാനത്തേക്ക് എത്തുക.
നേരത്തെ ജോൺ ബ്രിട്ടാസ് വഹിച്ച ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്കാണ് മുതിർന്ന ദൃശ്യമാധ്യമ പ്രവർത്തകൻ വരിക. സ്വന്തമായി വാർത്താ ചാനൽ നടത്തിവന്നിരുന്ന ഈ മാധ്യമ പ്രവർത്തകൻ കഴിഞ്ഞയിടെ ഇത് വിൽപ്പന നടത്തിയിരുയിരുന്നു.
നിലവിൽ ചാനലിന്റെ ഭാഗമാണെങ്കിലും ഇദ്ദേഹം ഉടൻ അവിടെ നിന്നും ഇറങ്ങും. കഴിഞ്ഞയിടെ മുഖ്യമന്ത്രി അമേരിക്കയിൽ പോയപ്പോഴും ഇദേഹവും അവിടെയെത്തിയിരുന്നു.
അടുത്ത ദിവസങ്ങളിൽ ചേരുന്ന പാർട്ടി നേതൃയോഗങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.