/sathyam/media/post_attachments/EGfOwTR86GBVs4JIvzNr.jpg)
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെ സംബന്ധിച്ച സിപിഎം സെമിനാറിലേയ്ക്ക് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ക്ഷണിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് സിപിഎം.
കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സിവില്‍ കോഡ് ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ് ക്ഷണം നിരസിച്ച മുസ്ലിം ലീഗ് തീരുമാനം തന്നെയായിരുന്നു സിപിഎമ്മിന്‍റെ ആദ്യ തിരിച്ചടി. അത് കോണ്‍ഗ്രസും ഏറ്റുപിടിച്ചു.
കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ലീഗിനെ തങ്ങളുടെ വേദിയിലെത്തിക്കുകയെന്ന നീക്കത്തിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ കണക്കിന് പരിഹസിച്ചു. യുഡിഎഫില്‍ അനിശ്ചിതത്വം സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ച നീക്കം ആ മുന്നണിയിലെ ഐക്യം അരക്കിട്ടുറപ്പിക്കാന്‍ കാരണമായി മാറുകയും ചെയ്തു.
ഇപ്പോഴിതാ ലീഗിനെ സെമിനാറിന് ക്ഷണിച്ചതിനെതിരെ സിപിഐ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വന്നിരിക്കുന്നു. സിപിഎമ്മിന്‍റേത് അനാവശ്യ നീക്കമാണെന്നാണ് സിപിഐയുടെ നിലപാട്. മുന്നണി ബന്ധം വഷളാക്കേണ്ടെന്ന് കരുതി അധികം പറയുന്നില്ലെന്നായിരുന്നു ഒരു സിപിഐ നേതാവിന്‍റെ പ്രതികരണം. എന്ത് ആവശ്യത്തിനാണ് സെമിനാറിലേയ്ക്ക് ലീഗിനെ വിളിച്ചതെന്നാണ് സിപിഐ നേതാക്കളുടെ ചോദ്യം.
ഇടതുമുന്നണിയില്‍ തങ്ങളുടെ ശക്തി ക്ഷയിപ്പിക്കുന്ന ഒരു ഘടകകക്ഷി ബന്ധത്തിനും സിപിഐ അന്നും ഇന്നും ഒരുക്കമല്ല. കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയിലെടുത്ത തീരുമാനത്തെ ഇപ്പോള്‍പോലും പൂര്‍ണമായും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് സിപിഐ. അതിനിടയിലേയ്ക്ക് ലീഗുകൂടി വന്നാല്‍ തങ്ങളുടെ വിഹിതങ്ങള്‍ ചോരുമെന്ന് സിപിഐയ്ക്കറിയാം.
അത് മനസിലാക്കിയാണ് സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ 'എല്ലാകാലവും സിപിഎമ്മിന്‍റെ ചിലവില്‍ ഉണ്ടുറങ്ങി കഴിയാം' എന്ന് കരുതേണ്ടെന്ന ഒളിയമ്പ് സിപിഐയ്ക്കെതിരെ തൊടുത്തത്.
അവസാനം യുഡിഎഫില്‍ പൊല്ലാപ്പുണ്ടാക്കാന്‍ ലക്ഷ്യം വച്ച നീക്കം ഇടതുമുന്നണിയില്‍ പൊല്ലാപ്പായി മാറിയിരിക്കയാണ്.