/sathyam/media/post_attachments/Vv2HOKfdzjS71faDpPh9.jpg)
തിരുവനന്തപുരം: ഇ ശ്രീധരനെ മുന്‍നിര്‍ത്തി കെ റെയില്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ റെയിന്‍ പദ്ധതിക്ക് ബദലായാണ് ശ്രീധരന്റെ നീക്കമെങ്കിലും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഏതു വിധേനെയും സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നതും വ്യക്തം.
ഇ ശ്രീധരനെ പദ്ധതിയുമായി സഹകരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെവി തോമസ് എത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ്. ഇക്കാര്യം ഇ ശ്രീധരനും സ്ഥിരീകരിക്കുന്നുണ്ട്. നിലവിലെ സ്ഥിതിയില്‍ കേന്ദ്രാനുമതിയില്ലാതെ പദ്ധതി മുന്നോട്ടു പോകില്ലെന്ന് സര്‍ക്കാരിനും ഉറപ്പാണ്.
നിലവിലെ സാഹചര്യത്തില്‍ കെ റെയില്‍ മുന്നോട്ടു വയ്ക്കുന്ന സില്‍വര്‍ ലൈനിന് അനുകൂലമല്ല ഇ ശ്രീധരന്‍. അതിവേഗ പാതയെ അനുകൂലിക്കുന്ന അദ്ദേഹം കെ-റെയിലിനെ തന്റെ പദ്ധതിയില്‍ സഹകരിപ്പിക്കില്ലെന്ന നിലപാടിലാണ്. കെ റെയിലിന് അനുഭവ പരിചയമില്ലെന്നു പറയുന്ന ശ്രീധരന്‍ പകരം മുമ്പോട്ടുവയ്ക്കുന്നത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയാണ്.
കൊച്ചി മെട്രോയുടെ ഉദാഹരണവും ശ്രീധരന്‍ എടുത്തു പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ശ്രീധരന്‍ അയയുമെന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ സില്‍വര്‍ ലൈനില്‍ ചെറിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചാലും അത്ഭുതപ്പെടാനില്ല.
ഇ ശ്രീധരനെക്കൂടി കൂടെ കൂട്ടിയാല്‍ കേന്ദ്രത്തിന്റെ അനുമതി പദ്ധതിക്ക് ഉണ്ടാകുമെന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്. ശ്രീധരനും അത് ആവര്‍ത്തിക്കുന്നുണ്ട്. വികസനമാണ് പ്രധാനമെന്ന വാദമാണ് സര്‍ക്കാര്‍ മുമ്പോട്ടു വയ്ക്കുന്നത്.
പക്ഷേ ഇ ശ്രീധരന്റെ പിന്തുണയോടെ പദ്ധതി നടപ്പാക്കുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അത്ര താല്‍പര്യമില്ല. ശ്രീധരന്റെ നിര്‍ദേശത്തോട് തിടുക്കത്തില്‍ പ്രതികരണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. പക്ഷേ സര്‍ക്കാരിന്റെ താല്‍പര്യത്തിന് എതിരുപറയാന്‍ പാര്‍ട്ടിക്കാവുമോയെന്നും കണ്ടറിയണം.
അതിനിടെ കോണ്‍ഗ്രസിനും വിഷയത്തില്‍ ആശങ്കയുണ്ട്. ഇ ശ്രീധരന്റെ പിന്തുണയോടെ സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു പോയാല്‍ എന്തു നിലപാടെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നത്. നേരത്തെ ശ്രീധരന്റെ നേതൃത്വത്തില്‍ മുമ്പ് നടപ്പാക്കിയ പദ്ധതികളാണ് കോണ്‍ഗ്രസിന്റെ ബാധ്യത.