അബുദാബി: നാലര പതിറ്റാണ്ട് മുമ്പ് അന്നം തേടി യുഎഇ എന്ന മരുഭൂമിയിലെത്തിയ എല്ലാവരുടെയും പ്രിയപ്പെട്ട ഹാജിക്ക, പ്രവാസം അവസാനിപ്പിച്ച് മടങ്ങുകയാണ്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയും പ്രിയപ്പെട്ട ഹാജിക്ക എന്ന ചെർപ്പുളശ്ശേരി മാരായമംഗലം സ്വദേശി കുന്നത്തുപീടിക സൈതലവി, യു.എ.ഇ എന്ന പോറ്റമ്മയുടെ കരലാളനത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നത് ഹൃദയം നുറുങ്ങുന്ന വേദയോടെയാണ്.
സൈതലവി ഹാജി യു.എ.ഇയിൽ എത്തുമ്പോൾ ശൈശവ ദശയിലായിരുന്ന ഇമാറാത്തിന്റെ വളർച്ചയെ സ്വന്തം കണ്ണുകൾ കൊണ്ട് നോക്കി കാണുകയായിരുന്നു. 1976 ലാണ് ഹാജി ആദ്യമായി യുഎഇയിൽ എത്തുന്നത്. ഒരോ പ്രവാസിയെയും പോലെ ഒരു നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ടാണ് അദ്ദേഹവും ഈ മരുഭൂമിയിൽ എത്തിയത്.
എന്നാൽ ആദ്യകാലത്ത് നിരവധി ബുദ്ധിമുട്ടുകൾ സഹിച്ച അദ്ദേഹം, പിന്നീട് അബുദാബിയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ ജോലിയിൽ പ്രവേശിച്ചു. സ്വദേശത്തേക്ക് മടങ്ങുമ്പോൾ ഈ രാജ്യവും ഈ രാജ്യത്തെ ഭരണാധികാരികളും നമുക്ക് നൽകുന്ന സ്നേഹത്തിനും കരുതലിനും അദ്ദേഹം നന്ദി പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അബൂദാബി ടി.എം.എ മാർഷ്യൽ ആർട്ട് അക്കാദമിയുടെ രക്ഷാധികാരി കൂടിയായിരുന്ന അദ്ദേഹത്തിന്, ടി എം എ അതികൃതരും സുഹൃത്തുക്കളും ചേർന്ന് ടി.എം.എയിൽ വെച്ച് യാത്രയയപ്പ് നൽകി. ശിഹാൻ മുഹമ്മദ് ഫായിസ് സെൻസായി ഹാരിസ് സെൻസായി ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും ജീവിച്ച ഈ മണ്ണിനോടും ശ്വസിച്ച വായുവിനോടുമൊപ്പം തീർത്ത ജീവിതത്തിന്റെ താളമറ്റു പോകുന്നത് അദ്ദേഹത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്. എങ്കിലും ജീവിതത്തിലെ ലക്ഷ്യ പൂർത്തീകരണത്തിന്റെ തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം മടങ്ങുന്നത്. ഭാര്യ ഖദീജയോടും മക്കൾ ഫർസാന മൻസൂർ അനസ് എന്നിവരോടുമൊപ്പം ശിഷ്ടകാല ജീവിതം ധന്യമാക്കാമെന്ന ആഗ്രഹത്താലാണ് മടക്കം