/sathyam/media/post_attachments/DKREM2yt98wWNVjH6AeH.jpg)
അബുദാബി: യുഎഇയെ ഇന്ന് കാണുന്ന യുഎഇയാക്കിയ കാരണഭൂതനായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. ആധുനിക യുഎഇയുടെ ശില്‍പിയെയാണ് ഷെയ്ഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്.
യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്. പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്നുകൊണ്ടാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഭരണരംഗങ്ങളിലേക്കുള്ള ചുവടുവെപ്പ്.
അദ്ദേഹത്തിന്റെ പിതാവ് സായിദ് 1966-ൽ അബുദാബി അമീറായപ്പോൾ, ഖലീഫയെ അബുദാബിയുടെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായും (മേയർ) അൽ ഐനിലെ കോടതി വകുപ്പിന്റെ തലവനായും നിയമിച്ചു. അബുദാബി അമീറാകുന്നതിന് മുമ്പ് കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു സായിദ്.
1969 ഫെബ്രുവരി ഒന്നിന് അദ്ദേഹം അബുദാബിയുടെ കിരീടാവകാശിയായി ചുമതലയേറ്റു. അബുദാബി പ്രധാനമന്ത്രിയായും യു.എ.ഇ. പ്രതിരോധമന്ത്രിയായും യു.എ.ഇ. ഉപപ്രധാനമന്ത്രിയായും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനായും വിവിധ കാലയളവുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1976 മെയ് മാസത്തിൽ, പ്രസിഡന്റിന്റെ കീഴിൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡറായി. 1980-കളുടെ അവസാനത്തിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവനായ അദ്ദേഹം ഇന്നും ഈ സ്ഥാനത്ത് തുടരുന്നു. പരിസ്ഥിതി ഗവേഷണ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ഏജൻസിയുടെ ചെയർമാനുമായിരുന്നു അദ്ദേഹം.
യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. ഖലീഫ നടപ്പാക്കിയ വനിതാക്ഷേമപ്രവർത്തനങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി.
അധികാരമേറ്റ ഉടൻ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം നൽകി. സർക്കാരിലെ ഉന്നതപദവികളിൽ സ്‌ത്രീകൾക്കു 30% പ്രാതിനിധ്യം നൽകി. പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സർക്കാർ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാൻ അദ്ദേഹം ഉത്തരവിട്ടു. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ ഭരണം.
യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. യു.എ.ഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. സര്‍വമത സ്‌നേഹത്തിന്റെ പ്രധാന്യം അദ്ദേഹം പ്രവര്‍ത്തിയിലൂടെ തെളിയിച്ചു. അബുദാബി ഷെയ്‌ഖ് സായിദ് ഗ്രാൻഡ് മസ്‌ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികൾക്കെല്ലാം തുറന്നുകൊടുത്തത് അതിനൊരു ഉദാഹരണം മാത്രം.
1948 സെപ്റ്റംബർ 7-ന് അൽ ഐനിലെ കാസർ അൽ-മുവൈജിയിലാണ് ഖലീഫ ജനിച്ചത്. റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us