കണ്ണിന് വിരുന്നായി യുഎഇയിൽ പാലക്കാട് ദേശക്കൂട്ടായ്മ ഒരുക്കിയ 'വിശ്വമയം' കണ്യാർകളി മേള

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അജ്‌മാൻ:നാട്ടിലെ അരങ്ങിനെ അനുസ്മരിപ്പിക്കുമാറ് സജ്ജീകരിച്ച ഒൻപതുകാൽ പന്തലിൽ പൂങ്കുരുത്തോലകളും ചുവന്ന വാകപ്പൂക്കളും ഇളകിയാടി. ഒപ്പം കണ്യാർകളിയിലെ പ്രസിദ്ധങ്ങളായ പുറാട്ടുവേഷങ്ങളും കളിപ്രേമികളുടെ മനസും !

മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം, പാലക്കാട് ദേശക്കൂട്ടായ്മ ഒരുക്കിയ കണ്യാർകളി മേള അക്ഷരാർത്ഥത്തിൽ കണ്യാർകളി പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവവും പുതുതായി ഈ കലാരൂപത്തെ അടുത്തറിഞ്ഞ പാലക്കാട്ടുകാരല്ലാത്ത പലർക്കും വിസ്മയകരമായ അനുഭൂതിയുമാണ് പ്രദാനം ചെയ്തത്.

publive-image

നാടിന്റെ സാംസ്‌കാരിക തനിമകളെയും കലാപാരമ്പര്യത്തെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാമത് തവണയാണ് കണ്യാർകളി മേള യുഎയിൽ അരങ്ങേറിയത്. യുഎഇയിൽ നിന്നും നാട്ടിൽനിന്നും എത്തിയ നൂറോളം കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്.

അജ്‌മാൻ വിന്നേഴ്സ് ക്ലബ്ബിൽ രാവിലെ ഒമ്പതുമണിക്ക് കേളികൊട്ടോടെ ആരംഭിച്ച മേളയിൽ മേതിൽ സതീശൻറെ പന്തൽസ്തുതിക്കു ശേഷം സാമ്പ്രദായിക മലമകളിയും തുടർന്ന് കുഴൽമന്ദം, പല്ലാവൂർ, കാക്കയുർ, പുതിയങ്കം, കാട്ടുശ്ശേരി, ചിറ്റിലഞ്ചേരി, നെമ്മാറ, പല്ലശ്ശേന, അയിലൂർ, തത്തമംഗലം, കുനിശ്ശേരി എന്നീ ദേശങ്ങളും ദുബായ് ബാലസംഘവും, ദുബായ് കണ്യാർകളി ദേശക്കൂട്ടായ്മയും ദുബായ് വനിതാവിഭാഗവും പ്രസിദ്ധങ്ങളായ വിവിധ പുറാട്ടുകൾ അവതരിപ്പിച്ചു.

publive-image

ലാസ്യ ലയഭാവങ്ങൾ വിടർത്തിയ സ്ത്രീ വേഷങ്ങളും, പതിഞ്ഞതും ചടുലവും ഇടകലർന്ന ചുവടുവെപ്പുകളോടെയുള്ള ഒറ്റ - കൂട്ട പുറാട്ടുകളും ഇമ്പമുള്ള ഗാനങ്ങളുടെയും ചെണ്ട, മദ്ദളം, ഇലത്താളം, ഇടക്ക തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ആസ്വാദ്യകരമായി.

സാധാരണ പുരുഷന്മാർ സ്ത്രീവേഷം കെട്ടി ആടുന്ന സാമ്പ്രദായിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആദ്യമായി ഒരു പൊറാട്ട് ത്രീകളുടെ സംഘം അവതരിപ്പിച്ചതും ഈ മേളയുടെ സവിശേഷതയായി. വനിതകളുടെ പാട്ടവതരണവും ഹൃദ്യമായി.

publive-image

പ്രശസ്ത കണ്യാർകളി ആശാൻ ദാമോദരൻ കൊങ്ങശ്ശേരി യാണ് മേളയ്ക്ക് നേതൃത്വം നൽകിയത്. എൻ എം രാമചന്ദ്രൻ നായർ, വലിയാന്തൂർ ബാബു, മുരളീധരൻ കീഴേപ്പുറം, മേതിൽ ശ്രീകുമാർ, പ്രൊഫ. സുധാകരൻ, ഗംഗാധരൻ കുളങ്ങര തുടങ്ങിയ കളിആശാന്മാരും പങ്കെടുത്തു.

സാമ്പ്രദായിക തനിമയിലുള്ള പന്തൽ രൂപകൽപ്പന ചെയ്‍തത് നാട്ടിൽ നിന്നും എത്തിയ കലാസംവിധായകൻ പ്രമോദ് പള്ളിയിലാണ്. ആശാന്മാർക്കുള്ള ആദരായണ ചടങ്ങും അനുബന്ധമായി പഞ്ചാരിമേളയും നടന്നു.

publive-image

പുതിയ തലമുറയിലെ കുട്ടികളും വനിതകളുമെല്ലാം ഈ കലയോട് കൂടുതൽ ആഭിമുഖ്യം പുലർത്തിക്കാണുന്നത് പ്രതീക്ഷ നല്കുന്നു എന്ന് മേളയുടെ ഭാരവാഹികളായ വിജയപ്രകാശും ശശികുമാറും അഭിപ്രായപ്പെട്ടു, എംബിഎം ലോജിസ്റ്റിക്സ് ദുബായ് ആയിരുന്നു വിശ്വമയം കണ്യാർകളി മേളയുടെ മുഖ്യ പ്രായോജകർ.

Advertisment