സിസേറിയന് ശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടതിന് ശേഷം ശുചിമുറിയില്‍ പോയപ്പോള്‍ കുഴഞ്ഞുവീണു; യുകെയില്‍ മലയാളി യുവാവ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

ലണ്ടന്‍: മലയാളി യുവാവ് യുകെയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ഷൈജു സ്‍കറിയ ജയിംസ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു പ്ലിമത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ചാണ് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

Advertisment

ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലായിരുന്ന ഷൈജു തിങ്കളാഴ്ച മൂത്ത മകനെ സ്‍കൂളില്‍ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം ആശുപത്രിയില്‍ തിരിച്ചെത്തി ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സമയം ചിലവഴിച്ചു.

ഉച്ചയോടെ ആശുപത്രിയുടെ ശുചിമുറിയിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. പുന്നവേലി മുളയംവേലി മുരിക്കനാനിക്കല്‍ വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ജോളിമ്മയുടെയും മകനാണ് മരിച്ച ഷൈജു. ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്‍സിറ്റി ആശുപത്രിയില്‍ ന്യൂറോ സര്‍ജറി യൂണിറ്റില്‍ നഴ്‌സാണ്‌. മക്കള്‍ - ആരവ് (5), അന്ന (4 ദിവസം).

Advertisment