അലയുടെ ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (എഎൽഎഫ്-2023) ഷിക്കാഗോയിൽ ഒരുക്കങ്ങൾ പൂർത്തിയായി

author-image
nidheesh kumar
New Update

publive-image

ഷിക്കാഗൊ: ഷിക്കാഗോയിൽ വെച്ച് മെയ് 27-ന് ശനിയാഴ്ച്ച നടക്കുന്ന ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (എഎൽഎഫ്-2023) എന്ന സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

Advertisment

ശനിയാഴ്ച്ച രാവിലെ 10:30-ന് ഷിക്കാഗൊ ചാപ്റ്റർ പ്രസിഡന്റ് എബി സുരേഷ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മലയാളത്തിന്റെ സാഹിത്യ കുലപതി സക്കറിയ തന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ വായിച്ചുകൊണ്ട് എഎൽഎഫ്-2023 ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന വിവിധ സെഷനുകളിൽ സക്കറിയ, ബെന്യാമിൻ, ഡോണ മയൂര, എതിരൻ കതിരവൻ, പ്രിയ വർഗീസ്, അനിലാൽ, ഷിജി അലക്സ് എന്നിവർ നേതൃത്വം നൽകും.

വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരൻ ബഷീറിന്റെ സ്മരണയുണർത്തുന്ന ബഷീർ കോർണർ, കേരളത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭിക്കുന്ന ഭക്ഷണശാല, കുട്ടികൾക്കായി ഒരുക്കുന്ന കരകൗശല ശില്പശാല, മലയാളത്തിലെ പ്രസിദ്ധരായ കവികളുടെയും സാഹിത്യകാരന്മാരുടെയും പുസ്തകങ്ങൾ അടങ്ങുന്ന പുസ്തക വിപണനമേള എന്നിവ ഈ സാഹിത്യോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

ഉച്ചയ്ക്കുശേഷം നടക്കുന്ന കലാ സെഷനുകളിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി രചനി അവതരിപ്പിക്കും. തുടർന്ന് വിശ്വമാനവികതയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കലാപരിപാടികളും വ്യത്യസ്തമായ നൃത്ത കലാപരിപാടികളും സാഹിത്യോത്സവത്തിന് മാറ്റുകൂട്ടും.

ആർഷ അഭിലാഷ് എംസിയായി സമ്മേളന പരിപാടികൾ നിയന്ത്രിക്കും. പ്രവാസ സമൂഹത്തിൽ മലയാള സാഹിത്യത്തേയും കലയേയും സമന്വയിപ്പിച്ചുകൊണ്ടു വ്യത്യസ്തമായ അണിയിച്ചൊരുക്കുന്ന ഈ സാഹിത്യ-സാംസ്കാരിക കലോത്സവത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കുവേണ്ടി കിരൺ ചന്ദ്രൻ അറിയിച്ചു.

Advertisment