Advertisment

വിഴിഞ്ഞത്തെ സംഘർഷം നേരിടാൻ പട്ടാളം ഇറങ്ങിയേക്കും ! തുറമുഖ നി‌ർമ്മാണം തടസപ്പെടുത്തുന്നതുന്നത് കൊളംബോ തുറമുഖത്തിനു വേണ്ടിയോ ? സമരത്തിന് വിദേശപണമെത്തുന്നെന്ന് സർക്കാർ. തുറമുഖ നിർമ്മാണം നിർത്തണമെന്നതൊഴിച്ച് സമരക്കാരുടെ ആവശ്യങ്ങളെല്ലാം സർക്കാ‌ർ അംഗീകരിച്ചിട്ടും രക്ഷയില്ല. ഹെവി വാഹനങ്ങൾ തടയില്ലെന്ന് ഹൈക്കോടതിയിൽ ഉറപ്പുനൽകിയ സമരക്കാർ പാറയെത്തിച്ച ലോറികളെല്ലാം തിരിച്ചയച്ചു

New Update

publive-image

Advertisment

കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്.

ക്രമസമാധാനം ഉറപ്പാക്കാനും തുറമുഖ നി‌ർമ്മാണത്തിന് സംരക്ഷണമൊരുക്കാനും കേന്ദ്രസേനയെ ഇറക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. ഹൈക്കോടതി ഉത്തരവ് അനുകൂലമായാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം കേന്ദ്രസേനയുടെ നിയന്ത്രണത്തിലായിരിക്കും.


തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും ഇതു നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിർമ്മാണം നിലച്ചിട്ടു നൂറു ദിവസങ്ങൾ പിന്നിട്ടു.


സമരക്കാർ പന്തൽ നീക്കം ചെയ്തിട്ടില്ല. റോഡിൽ തടസം സൃഷ്ടിച്ചിരിക്കുകയാണ്. കോടതി ഉത്തരവു നടപ്പാക്കാതിരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പദ്ധതി പ്രദേശത്തെ യഥാർത്ഥ വസ്തുതകൾ കോടതിയെ ബോദ്ധ്യപ്പെടുത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ സമരക്കാർ ഇതിനെ എതിർത്തു. പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങളൊന്നും വന്നിട്ടില്ലെന്ന് സമരക്കാർ വാദിച്ചു. വാഹനങ്ങൾ കടന്നു പോകുന്നതിന് തടസമുണ്ടെന്ന് ഈ വാദത്തിൽ നിന്നു വ്യക്തമാണെന്ന് സിംഗിൾബെഞ്ച് ഈ ഘട്ടത്തിൽ വാക്കാൽ പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സമരക്കാർ എന്നതുകൊണ്ട് ബലം പ്രയോഗിക്കുന്നതിന് പരിമിതിയുണ്ടെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ ഈ നിലപാട് സമരക്കാർ തുറുപ്പു ചീട്ടാക്കരുതെന്ന് സിംഗിൾ ബെഞ്ച് മുന്നറിയിപ്പു നൽകി.

കർശന നടപടി എടുക്കാൻ പൊലീസിനും കോടതിക്കും കഴിവില്ലെന്ന് തെറ്റിദ്ധരിക്കരുത്. തുറമുഖ നിർമ്മാണം തടസപ്പെടുത്തരുത്. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് അംഗീകരിക്കാതെയാണ് പാറയുമായെത്തിയ ലോറികൾ തടഞ്ഞ് തിരിച്ചയച്ചത്.

അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന് വിദേശ സഹായം ലഭിക്കുന്നതായി സർക്കാർ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ തിരിച്ചടി നേരിടുന്ന ചില വിദേശരാജ്യങ്ങളാണ് സമരത്തിന്‌ സഹായം നൽകുന്നത്. വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയാൽ ചില വിദേശ തുറമുഖങ്ങൾക്കടക്കം തിരിച്ചടിയാകും.

ഇന്ത്യൻ ചരക്കുനീക്കത്തിൽ 30 ശതമാനവും തെക്കുഭാഗത്തെ അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെയാണ്‌. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ മുക്കാൽപ്പങ്കും ഇപ്പോൾ കൊളംബോ തുറമുഖത്തുനിന്നാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഇതുമൂലം രാജ്യത്തിന്‌ പ്രതിവർഷം 2000 കോടിയുടെ നഷ്ടമുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌.


വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ കൊളംബോയിൽനിന്നുള്ള നല്ലൊരുപങ്ക്‌ ഇവിടെയെത്തും. 1500 കോടിയുടെ നഷ്ടം ഇതുവഴി കൊളംബോയ്‌ക്കുണ്ടായേക്കും. വിഴിഞ്ഞം പ്രവർത്തനക്ഷമമാകുന്നതോടെ ആദ്യ വർഷം 100 കോടി, രണ്ടാംവർഷം 500 കോടി എന്നീ ക്രമത്തിൽ വർധിച്ച്‌ 36 വർഷമെത്തുന്നതോടെ വരുമാനം 7822 കോടിയിലെത്തുമെന്നാണ്‌ കണക്കാക്കുന്നത്‌.


ഇതിനു പുറമെ തൊഴിലവസരങ്ങളും അനുബന്ധ വികസനങ്ങളുമുണ്ടാകും. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ദശലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന്‌ ശേഷിയുണ്ടാകും. 800 മീറ്റർ ബെർത്ത് ഭാവിയിൽ 2000 മീറ്ററാക്കുന്നതോടെ ടിഇയു മൂന്ന്‌ ദശലക്ഷമായി വർധിക്കും.

ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായി തീരുമാനമെടുത്ത്‌ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌. തുറമുഖ നിർമാണം നിർത്തിയാലേ സമരം നിർത്തൂവെന്ന സമരസമിതിയുടെ വാശി ഇതോടെയാണ്‌ സംശയനിഴലിലാകുന്നത്‌. സമരത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ പത്ത്‌ വർഷത്തിനിടെ 11 കോടിയുടെ വിദേശ ഇടപാട്‌ നടന്നുവെന്ന വിവരവും ഇതിനൊപ്പം ഐബി ശേഖരിച്ചിട്ടുണ്ട്‌.

സമരത്തെ പിന്തുണയ്‌ക്കുന്ന സംഘടനകൾക്ക്‌ വിദേശ സഹായം ലഭിക്കുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണിത്‌. പണ സ്രോതസ്സ്‌ ഇന്റലിജൻസ്‌ അന്വേഷിക്കുന്നുണ്ട്. തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്നവർക്ക്‌ പിന്തുണ നൽകുന്ന പത്ത്‌ സന്നദ്ധ സംഘടനകൾക്ക്‌ വിദേശ സഹായം കിട്ടുന്നതായി കേന്ദ്ര ഇന്റലിജന്റ്‌സ്‌ ബ്യൂറോ (ഐബി) പറയുന്നു.

Advertisment