Advertisment

ഉയരട്ടങ്ങനെ ഉയരട്ടെ... വാനിലുയർന്ന് പറക്കട്ടെ... ! മരങ്ങളേക്കാൾ കൊടിയും കൊടിമരങ്ങളും നിറയുന്ന കേരളം... !

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കേരളത്തിലെ കൊടികളുടെ എണ്ണമെടുത്താൽ ഇവിടെയുള്ള മരങ്ങളേക്കാൾ അധികം വരും. ആലങ്കാരികമായി പറഞ്ഞതാണങ്കിലും അത് ശരിയാണെന്ന് തോന്നിയ്ക്കുന്ന വിധത്തിൽ ആണ് കൊടിയുടെയും കൊടിമരങ്ങളുടെയും വിന്യാസങ്ങൾ. "മരം ഒരു വര"മെന്ന ഹരിതമൊഴി മറന്ന്, "കൊടിമരം ഒരു വര"മെന്നാക്കിയിട്ടുണ്ട് ജനങ്ങൾ എന്ന് തോന്നുന്നു.

സോഷ്യൽ ഫോറസ്ട്രിയുടെ വനവൽക്കരണ പരിപാടികളുടെ ഉത്സാഹവും ആവേശവുമൊക്കെ തണുത്തുറഞ്ഞു. കൊടിമരവും ഒരു മരമാണല്ലോ, നട്ടാൽ കാൽ കാശിനു വിലയില്ലാത്ത റബ്ബർ മരത്തേക്കാളും "വില"യും ഉണ്ട്. അത് മനസ്സിലാക്കിയ ജനം കൊടിമരവും കൊടിയും നട്ടും നാട്ടിയും ആവേശഭരിതരാകുന്നു.

മരം തണൽ നൽകും. കൊടിമരവും കൊടിയും ആകട്ടെ, തണൽ മാത്രമല്ല സംരക്ഷണവും നൽകും. മരം ആർക്കും വെട്ടിമറിയ്ക്കാം. കൊടിമരത്തേലോ കൊടിയേലോ തൊട്ടുകളിച്ചാൽ തൊട്ടവൻ വിവരം അറിയും. തൊട്ട് നോക്കിയവൻമാരൊക്കെ വിവരമറിഞ്ഞിട്ടുമുണ്ട്. കൊടിമരത്തെയും കൊടിയെയും, അതാരുടെയാണങ്കിലും തെല്ല് ഭയത്തോടെ ആണ് ജനം കാണുന്നത്.

പല നിറത്തിലും വലുപ്പത്തിലും കൊടികൾ വഴിയിലും പുഴയിലും മലമുകളിലും കെട്ടിടങ്ങളുടെ മുകളിലും പാറിക്കളിയ്ക്കുന്ന നാട്ടിൻപുറങ്ങളും നഗരങ്ങളും കേരളത്തിലെ നിത്യകാഴ്ചയാണ്. കേരളത്തിലെ ഏത് മുക്കിലും മൂലയിലും കൊടികൾ പാറിപ്പറപ്പിയ്ക്കാൻ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ സംഘടനകളും മത്സരിയ്ക്കുന്നുണ്ട് താനും. അതനുസരിച്ച് കൊടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു.

രാഷ്ട്രീയവും മതവും ജാതിയും സംസാരിയ്ക്കുന്ന കൊടികൾ

publive-image

കേരളത്തിൽ അനേകം വ്യത്യസ്തങ്ങളായ കൊടികൾ കാണാം. എങ്കിലും പ്രധാനമായി കൊടികളെ മൂന്നായി തിരിക്കാം. രാഷ്ട്രീയം സംസാരിയ്ക്കുന്ന കൊടികൾ എന്നും മതവും ജാതിയും സംസാരിയ്ക്കുന്ന കൊടികൾ എന്നും.

കൊടികളുടെ നിറവും ഘടനയും അത് ഏത് രാഷ്ട്രീയ സംഘടനയുടേതാണ്, മതത്തിന്റെ ആണ്, ജാതിയുടെ ആണ് എന്ന് നമ്മളോട് പറഞ്ഞ് തരും.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള പാർട്ടികളുടെയും വരെ കൊടികൾ ജനങ്ങളെ നോക്കി വെല്ലുവിളിച്ച് കാറ്റത്ത് പറക്കുന്നു. മാത്രമല്ല, അവരുടെ യുവജന സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ, സർവ്വീസ് സംഘടനകൾ, തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ വക വേറെയും.

കേരളത്തിൽ, ഹിന്ദുമതത്തിലുള്ള എല്ലാ സമുദായങ്ങളും രാഷ്ട്രീയ പാർട്ടികളെപ്പോലെ സംഘടിച്ച് അവരവരുടെ ശക്തിയും സാന്നിദ്ധ്യവും സ്വാധീനവും തെളിയിക്കാനും കൊടിയും കൊടിമരവും ഉയരത്തിൽ പറപ്പിയ്ക്കുന്നു.

പീതവർണ്ണവും, പീതനിറത്തിൽ നേരിയ ചുവപ്പ് കലർന്ന സ്വർണ്ണവർണമുള്ള കൊടികളും സ്വായത്തമാക്കിയ ഹിന്ദു സമുദായത്തിലെ രണ്ട് പ്രബല സമുദായങ്ങളിൽ ഒരു സമുദായം ഒരു പടികൂടി കടന്ന് അവരുടെ സമുദായാംഗങ്ങളുടെ വീടുകളിൽ കൊടികൾ ഉയർത്താൻ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അണികൾ അക്ഷരം പ്രതി ആ തീട്ടുരം ശിരസ്സാവഹിച്ച് പീതവർണ്ണക്കൊടികൾ വീട്ടുമുറ്റത്തെ മതിലുകളിൽ പറപ്പിച്ച് ആനന്ദിയ്ക്കുന്നു.

നീലയും പച്ചയും ഒന്നിയ്ക്കുന്ന കൊടികളും, പല നിറങ്ങൾ ചേരുന്ന കൊടികളും ഉള്ള ഹിന്ദു സമുദായങ്ങളും ഇവരുടെ തൊട്ടു പിന്നാലെ ഉണ്ട്.

ക്രിസ്തീയ സമുദായത്തോടും മുസ്ലിം സമുദായത്തോടും ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ആ സമുദായങ്ങളിലെ പല ജാതികളും അവരവരുടെ കൊടികൾ നിരത്തി നട്ടും നാട്ടിയും പറപ്പിയ്ക്കുന്നു.

ചിലപ്പോൾ കൊടികൾ ആളുകളെ പേടിപ്പിയ്ക്കും. പാടത്തും പണിശാലകളിലും കൊടി കുത്തി അതിന്റെ ഉടമകളെ കുത്തുപാള എടുപ്പിച്ചിട്ടുമുണ്ട്. വള്ളിപ്പടർപ്പ് പോലെ പടർന്നു കയറി പന്തലിച്ചു നിൽക്കുന്ന കൊടികൾ ഇഷ്ടക്കാർക്ക് തോഴനും അനിഷ്ടക്കാർക്ക് കാലനും ആകും.

കൊടികൾ ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ

publive-image

കൊടികൾ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിനുത്തരം രാഷ്ട്രീയ, വിദ്യാർത്ഥി, തൊഴിലാളി സംഘടനകൾ പറഞ്ഞ് തരും. സരസ്വതീ ക്ഷേത്രം എന്ന് "വിശേഷിപ്പിച്ചിരുന്ന" സ്കൂളുകളും കോളജുകളും രാഷ്ട്രീയ വിദ്യാഭ്യാസക്കളരികൾ ആക്കിയത് ആരൊക്കെ ആണെന്ന് പരസ്യമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനകവാടത്തിന് അകത്തും പുറത്തും വിദ്യാർത്ഥികൾ "നടുന്ന" കൊടിമരത്തിന്റെ പേരിൽ നടക്കുന്ന സംഘർഷങ്ങളും സംഘട്ടനങ്ങളും കൊലപാതകങ്ങളും എത്രയെത്ര. എത്രയോ കുട്ടികളെ മൃതപ്രായരാക്കിയിരിയ്ക്കുന്നു. എത്ര കുട്ടികളുടെ ജീവൻ എടുത്തിരിയ്ക്കുന്നു.

പല ക്യാംപസുകളിലും കൊടിതോരണങ്ങൾ നിറയുന്നത് ആ വിദ്യാലയത്തിന്റെ പവിത്രതയും പരിപാവനതയും നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുന്നു.

"സംഘടിച്ച് ശക്തരാകുക" എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞതിനെ, "സംഘട്ടനം നടത്തി ശക്തരാകുക" എന്ന് ആളുകൾ തിരുത്തിക്കൊണ്ടിരിയ്ക്കുന്ന കാലമാണ് ഇത്. ആ സംഘട്ടനങ്ങൾക്ക് കൊടിമരം ഒരു മൂലകാരണം ആകുന്നുണ്ട് ചിലപ്പോഴൊക്കെ.

വിദ്യാർത്ഥികൾ മാത്രമല്ല, തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കൊടിമരത്തിന്റെ പേരിൽ അതിഭീകരമായ സംഘട്ടനങ്ങളും കൊലപാതകങ്ങളും സൃഷ്ടിയ്ക്കാറുണ്ട്. കൊടിയും കൊടിമരവും തകർത്തതിന്റെ പേരിൽ നാട്ടിലൊക്കെ സംഘർഷങ്ങളും കൊലപാതകവും ഹർത്താലും എത്രമാത്രം നടന്നു.

അത് മാത്രമല്ല, കൊടികളുടെ എണ്ണത്തോളമോ അതിലധികമോ അനുബന്ധമായി വരുന്നുണ്ട്, തോരണങ്ങളും പോസ്റ്ററുകളും ചുവരെഴുത്തുകളും ബാനറുകളും കട്ടൗട്ടുകളും. ജനങ്ങളുടെ വഴിയോര കാഴ്ചകൾ മറച്ച്, നാടിന്റെ ശോഭകെടുത്തി, അലക്ഷ്യമായി വലിച്ച തോരണച്ചരടുകൾ, കമാനങ്ങൾ തുടങ്ങിയവ ആളുകളെ അപകടത്തിലാക്കാറുണ്ട്, ജീവൻ എടുത്തിട്ടുമുണ്ട്.

നേരാം വണ്ണം ദേശീയ പതാക കെട്ടാനും ഉയർത്താനും അറിയത്തില്ലാത്തവർ നമ്മുടെ ഇടയിൽ ഉണ്ട് എന്ന് പറയേണ്ടി വരും. ദേശീയ പതാകയെ മാനിയ്ക്കാത്തവർ അവരുടെ സ്വന്തം പതാകകളെയും കൊടികളെയും ആരെങ്കിലും അപമാനിച്ചാൽ പൊറുക്കത്തില്ല,ക്ഷമിയ്ക്കത്തില്ല.

കൊടികൾ..! കൊടികൾ..!

publive-image

വിദ്യാർത്ഥി സംഘടനകളുടെ സമ്മേളനങ്ങൾ, ക്യാംപസ് തിരഞ്ഞെടുപ്പുകൾ, രാഷ്ട്രീയ പാർട്ടികളുടെ വിവിധ സമ്മേളനങ്ങൾ, പൊതുതെരഞ്ഞെടുപ്പുകൾ, സമുദായ സംഘടനകളുടെ സമ്മേളനങ്ങൾ, ആഘോഷങ്ങൾ, മതപരമായ ചടങ്ങുകൾ, തൊഴിലാളി സംഘടനകളുടെ സമ്മേളനങ്ങൾ, സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പുകൾ, എന്ന് വേണ്ട ക്ലാസ്സ് ഫോർ മുതൽ ഗസറ്റഡ് വരെയുള്ള ജീവനക്കാരുടെ യൂണിയനുകളുടെ, പോലീസ് സേനയിലെ യൂണിയനുകളുടെ, ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ, ദേവസ്വം ജീവനക്കാരുടെ യൂണിയനുകളുടെ, വ്യാപാരി വ്യവസായികളുടെ ഒക്കെ സമ്മേളനങ്ങൾക്ക് നാട്ടിലും നഗരത്തിലും, മുക്കിലും മൂലയിലും കൊടികൾ ഉയർന്ന് പറക്കും.

കൊടികൾ മാത്രമല്ല, അതിനോട് ഒപ്പം കട്ടൗട്ടുകളും, ബോർഡുകളും, ബാനറുകളും, നാടിന്റെ ഭംഗി ഇല്ലാതാക്കുന്നവയാണ്. ക്ലബ്ബ്, വായനശാല, ഉത്സവം, പെരുന്നാൾ, ആന, ഫുട്ബോൾ, പരീക്ഷയിലെ വിജയം, ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങളുടെ ഹോർഡിംഗുകൾ ഇവയൊക്കെ പൊതുവഴികളിൽ, വ്യാപാരസ്ഥാപനങ്ങളുടെ കാഴ്ച മുടക്കി നിൽക്കുന്നു. വ്യാപാരികളുമായി നിരന്തരം സംഘർഷങ്ങൾ ചിലയിടങ്ങളിൽ കൊടികളുടെ പേരിൽ നടക്കുന്നുമുണ്ട്.

കേരളത്തിൽ സംഘടനയും കൊടിയും ഇല്ലാത്തത് ജുഡീഷ്യറിയ്ക്ക് മാത്രമേയുള്ളൂ. ബാക്കി എല്ലാ മേഖലകളിലും കൊടി പാറിപ്പറക്കുന്നുണ്ട്.

സർക്കാർ അർദ്ധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊടികളാൽ അലങ്കോലമാക്കി രസിയ്ക്കുന്നവരോട് എന്ത് പറയാനാണ്. ഈ സ്ഥാപനങ്ങൾ തങ്ങളുടെ സ്വകാര്യ സ്വത്ത് ആണ്, ആരാണ് ചോദിയ്ക്കാൻ വരുന്നത് എന്ന മനോഭാവത്തോടെയാണ് ഈ അതിക്രമങ്ങൾ കാട്ടുന്നത്.

കെഎസ്ആർടിസി യുടെ ഡിപ്പോകളുടെ ഭിത്തിയിൽ പോസ്റ്ററുകൾ ഒട്ടിച്ചും ബോർഡുകൾ സ്ഥാപിച്ചും, തൂണൂകളിലും ജന്നലുകളിലും കൊടികൾ കെട്ടിയും തോരണങ്ങൾ വലിച്ചും യാത്രക്കാർക്ക് അലോസരം ഉണ്ടാക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക. കെഎസ്ഇബി യെയും ഇതിനോട് ചേർത്ത് നിർത്താം. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ ഇത്രയും കൊടികളും മറ്റ് ആരവങ്ങളും ആവേശങ്ങളും ഉണ്ടാകത്തില്ല എന്നതാണ് വാസ്തവം.

ഭരണകക്ഷിയുടെ എൻജിഒ യൂണിയന്റെ സമ്മേളനങ്ങളുടെ മുന്നോടിയായി തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകളുടെ മുറ്റം നിറയെ തോരണങ്ങളും കൊടികളും കെട്ടി പാർട്ടി ഓഫീസ് ആക്കി മാറ്റിയത് അധികം നാളായിട്ടില്ല. അത് വഴി കടന്ന് പോയവർ ഓർക്കുന്നുണ്ടാകും. അതിന്റെ തന്നെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് ഉള്ള വഴിയുടെ ഇരുവശവും ഉള്ള ബാരിക്കേഡുകളിലും മീഡിയനിലും നൂറുകണക്കിന് കൊടികൾ മലയാളിയുടെ രാഷ്ട്രീയ അൽപത്തം ഉയർത്തി പാറിപ്പറന്നു.

"മുൻപേ ഗമിയ്ക്കുന്ന ഗോവു തന്റെ പിൻപേ ഗമിയ്ക്കും ബഹുഗോക്കളെല്ലാം" എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് മറ്റ് യൂണിയനുകളും.

നാൽക്കവലകളിൽ, കലുങ്കുകളിൽ,പാലങ്ങളിൽ, ഇലക്ട്രിക് പോസ്റ്റിൽ, മതിലുകളിൽ തുടങ്ങി എവിടെ ഒക്കെ ആകാമോ അവിടങ്ങളിലെല്ലാം ഈ കലാവിരുത് പ്രകടമാക്കാറുണ്ട്.

കേരളത്തിലെ ശാസ്ത്ര സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ പോലും വിദ്യാർത്ഥി രാഷ്ട്രീയവും കൊടികളും തോരണങ്ങളും അനുവദിച്ചത് കടന്ന കൈയ്യായിപ്പോയി. പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും കൊണ്ട് ആ ക്യാംപസ് മലീമസമാക്കി. കേരളത്തിന് അനുവദിച്ച ഐഐടി പ്രവർത്തന സജ്ജമാകുമ്പോഴും മറ്റൊരു സംസ്ഥാനത്തും ആ സ്ഥാപനങ്ങളിൽ ഒന്നും ഇതുവരെ ഇല്ലാത്ത വിദ്യാർത്ഥി സംഘടനകളും, കൊടികളും, തോരണങ്ങളും, പോസ്റ്ററുകളുമായി രംഗത്ത് വരും.

കൊടികളുടെ ബാഹുല്യം

സോഷ്യൽ മീഡിയ 5ജി യിലെത്തി, ജനജീവിതത്തെ സാരമായി സ്വാധീനിക്കുന്ന ഈ കാലത്ത്, കൊടിമരവും കൊടിതോരണങ്ങളും ഉപേക്ഷിയ്ക്കാറായി. സോഷ്യൽ മീഡിയയിൽ കൊടിമരങ്ങൾ ഉയർത്തി, കൊടികൾ പാറിപ്പറപ്പിയ്ക്കട്ടെ.

കൊടികളുടെയും കട്ടൗട്ടുകളുടെയും തോരണങ്ങളുടെയും ബാഹുല്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. കോടതിയുടെ നീരീക്ഷണം ഈ കാര്യത്തിൽ ഉണ്ടായി. വഴിയരികിലെ കൊടിമരങ്ങൾ, സർക്കാർ സ്ഥാപനങ്ങളിലെ കൊടികൾ, പോസ്റ്ററുകൾ എല്ലാം നീക്കം ചെയ്യാൻ കോടതി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ട് മാസങ്ങളായി.

ക്യാംപസുകളിൽ നിന്നും കൊടികളും തോരണങ്ങളും നീക്കം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്യാംപസുകളിലെ തിരഞ്ഞെടുപ്പുകൾക്ക് ശേഷം അടിയന്തിരമായി കൊടിതോരണങ്ങളും പോസ്റ്ററുകളും കട്ടൗട്ടുകളും നീക്കം ചെയ്യാൻ വിദ്യാർത്ഥി സംഘടനകൾ സ്വയം മുന്നോട്ട് വരണം.

സിംഗപ്പൂർ അങ്ങനെയാണ്, മലേഷ്യ ഇങ്ങനെയാണ് എന്നൊക്കെ സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്യുന്ന കാഴ്ചകൾ കണ്ട് കോരിത്തരിച്ചിട്ട് കാര്യമില്ല. നമ്മൾ മനസ്സ് വെച്ചാൽ കേരളവും സിംഗപ്പൂരാക്കാം.

കൊച്ചി മെട്രോ നോക്കൂ. പുതിയ ഒരു സംസ്കാരത്തിന്റെ മാതൃകാപരമായ ആവിഷ്ക്കരണമാണ് അത്. വൃത്തിയും വെടിപ്പും ഉള്ള ജീവിതശൈലി ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഇടം. ഇവിടെ വരുന്നവർ, മെട്രോയുടെ വൃത്തിയും വെടിപ്പും തങ്ങളുടെ ജീവിതത്തിൽ, അവരവരുടെ വീടുകളിൽ, അവർ വ്യാപരിക്കുന്ന മേഖലകളിൽ ഇന്നല്ലെങ്കിൽ നാളെ പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ പ്രത്യാശിയ്ക്കുന്നു.

രാഷ്ട്രിയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും ആസ്ഥാനമന്ദിരങ്ങളിലും നാട്ടിലുള്ള അവരവരുടെ ഓഫീസുകളിലും മാത്രമായി കൊടിമരവും കൊടിയും പരിമിതപ്പെടുത്തണം.

നമ്മുടെ നാടും നഗരവും തെളിമയോടെ കാണുമാറാകട്ടെ. പൊതുസ്ഥലങ്ങളിൽ നിന്ന്, പൊതുസ്ഥാപനങ്ങളിൽ നിന്ന് കൊടിമരങ്ങളും കൊടികളും തോരണങ്ങളും പോസ്റ്ററുകളും ചുവരെഴുത്തുകളും സ്വയം നീക്കാൻ ഓരോ സംഘടനകളും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം.

-സുബാഷ് ടി.ആർ

Advertisment