Advertisment

റോഡുകളില്‍ വൈദ്യുതി വിളക്കുകളില്ല, അപകടങ്ങളും കൊളളയും പിടിച്ചുപറിയും വര്‍ധിച്ചു. മോഷണം മൂലം ജനം പൊറുതിമുട്ടി. രാജ്യത്തൊരു സ്ഥിരതയുള്ള സര്‍ക്കാരില്ല, ഡോളറിന് വില നാല്‍പ്പതിനായിരമായി. സ്വന്തം കറന്‍സി ആര്‍ക്കും വേണ്ട. തകര്‍ച്ചയുടെ പാരമ്യത്തില്‍ പരാജയപ്പെട്ട രാജ്യമായി ലെബനന്‍. മതം മനുഷ്യന്‍റെ മണ്ണും മനസും ശാന്തിയും സമാധാനവും നശിപ്പിച്ച് രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കിയ ചരിത്രം...

publive-image

Advertisment

മനോഹരവും സമൃദ്ധവുമായിരുന്ന ഒരു രാജ്യം, മത - രാഷ്ട്രീയ ശക്തികൾ തകർത്തുതരിപ്പണമാക്കിയ ചരിത്രത്തിലേക്ക്...

ബെയ്‌റൂട്ട് ഒരു കാലത്ത് അതിമനോഹരവും മിഡിൽ ഈസ്റ്റിന്റെ പാരീസ് എന്നറിയപ്പെടുന്നതുമായ ഒരു മികച്ച നഗരമായിരുന്നു. 1960 കളിൽ, അതിന്റെ സുന്ദരവും വിശാലമായ തെരുവുകളിൽ വിദേശികളുൾപ്പെടെ ആളുകളും വാഹനങ്ങളും തിങ്ങിനിറഞ്ഞിരുന്നു.

അറബ് രാജ്യമായ ലെബനൻ താരതമ്യേന ശാന്തവും സ‌മൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി. അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലാന്റ് ആയും ലെബനൻ അറിയപ്പെട്ടിരുന്നു.

publive-image

അക്കാലത്ത് ധാരാളം വിനോദസഞ്ചാരികളെയും ലെബനൻ ആകർഷിച്ചു. വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂർവ്വ ദേശത്തെ പാരീസ് എന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.എന്നാൽ 1970 കളിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ ആ രാജ്യത്തിന്റെ പതനത്തിനു തുടക്കമായി.

മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ രാജ്യത്തിന്റെ നിയന്ത്രണത്തിനായുള്ള അധികാര പോരാട്ടം തുടങ്ങുകയും ഇസ്രായേലും സിറിയയും ഇറാനും അതിൽ ഇടപെടുകയും ചെയ്തതോടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പ്രദേശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.


പോരാട്ടം തൽക്കാലം അവസാനിച്ചെങ്കിലും അതിലൂടെ മറ്റൊരു മാറ്റമുണ്ടായി. ആ ആഭ്യന്തരയുദ്ധക്കാർ രാഷ്ട്രീയക്കാരായി മാറി ഭരണം പങ്കുവച്ചു. ഇവിടെ നിന്നാണ് ലെബനന്റെ സാമ്പത്തിക തകർച്ച ആരംഭിച്ചത്.


ലെബനനിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം, പ്രധാന രാഷ്ട്രീയ സ്ഥാനങ്ങൾ വിവിധ മതവി ഭാഗങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ടു. ക്രിസ്ത്യൻ സമുദായത്തിന് പ്രസിഡന്റ് സ്ഥാനവും ഷിയാ മുസ്ലീം വിഭാഗത്തിന് പാർലമെന്റ് സ്പീക്കറും സുന്നി മുസ്ലീമിന് പ്രധാനമന്ത്രി സ്ഥാനവും ലഭിച്ചു.

publive-image

ലെബനനിൽ വിവിധ ക്രിസ്ത്യൻ മതവിഭാഗങ്ങൾ, സുന്നി - ഷിയാ, ഡ്രൂസ്, ആലവൈത്ത് എന്നീ മുസ്‌ലിം വിഭാഗങ്ങൾ ഉൾപ്പെടെ 18 മതവിഭാഗങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതിയിൽ വലിയ പങ്കുണ്ട്. ലെബനന്റെ സാമൂഹിക ഘടനയും അതിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളും ഉൾപ്പെടെയുള്ള ലബനോൻ വിഷയങ്ങളെപ്പറ്റി പഠനം നടത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ കാർമൈൻ ജെഹ ഇങ്ങനെ വിവരിക്കുന്നു.


"ലെബനീസ് ആളുകൾ വളരെ ശാന്തസ്വഭാവക്കാരാണ്. അവർ തികഞ്ഞ ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നത്, പക്ഷേ സർക്കാർ നമ്മുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും കടിച്ചുകീറുകയാണ്. ജനജീവിതം വളരെ ദുസ്സഹമാണ് ഇന്ന് ലബനോനിൽ."


ആഭ്യന്തരയുദ്ധത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 17,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. ആഭ്യന്തരയുദ്ധത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് അന്ന് അതിനു ചുക്കാൻ പിടിച്ചവർ പറയുന്നത് യൂണിഫോം ധരിച്ച ആഭ്യന്തരയുദ്ധ സേനാനികൾ രാഷ്ട്രീയക്കാരായി മാറി, മന്ത്രാ ലയങ്ങളും പൊതു വിഭവങ്ങളും അവർക്കിടയിൽ വിഭജിക്കപ്പെട്ടു. ഈ രാഷ്ട്രീയ വ്യവസ്ഥയിൽ അഴിമതി സർവത്ര വ്യാപിക്കുകയും ഭരണം തന്നെ നിശ്ചലമാകുകയും ചെയ്തു.

publive-image

ആഭ്യന്തരയുദ്ധം ഒഴിവാക്കാൻ അമേരിക്ക, സിറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ ഈ മതരാഷ്ട്രീയ ഭരണസഖ്യം ലബനോനിൽ പൂർണ്ണപരാജയമാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം അഴിമതിക്കാരായി മാറി. എല്ലാവരുടെയും ലക്‌ഷ്യം ധനവും സമ്പത്തും ആർജ്ജിക്കുക എന്നതാണ്. രാജ്യത്തിന്റെ സമ്പദ്ഘടന തകർന്നുതരിപ്പണമായി. ദാരിദ്ര്യത്തിലേക്കും അശാന്തിയിലേക്കും കൂപ്പുകുത്തുന്ന രാജ്യത്ത് മറ്റൊരാഭ്യന്തരയുദ്ധം ഉടലെടുത്താലും അത്ഭുതപ്പെടാനില്ല.


വിദേശ സഹായം ലഭിക്കണമെങ്കിൽ കെട്ടുറപ്പുള്ള ഒരു ഭരണസംവിധാനം രാജ്യത്തുണ്ടാകണം. ലബനോനിൽ ഇന്നതില്ല. ഇക്കാര്യത്തിൽ മതപരമായ മുതലെടുപ്പിലൂടെ ഭരണത്തിലെത്തി പരസ്പ്പരം പോരടിക്കുന്ന വ്യക്തികൾക്ക് അതിലൊട്ടും താൽപ്പര്യവുമില്ല.


2019 ഒക്ടോബറിലെ വിപ്ലവകരമായ ജനകീയ പ്രകടനങ്ങൾക്ക് തൊട്ടുപിന്നാലെ, കൊറോണ പകർച്ചവ്യാധി ലോകമെമ്പാടും വ്യാപിച്ചു. ഇതിനകം തന്നെ തകർന്നുകൊണ്ടിരുന്ന ലബനോൻറെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ആഴത്തി ലുള്ള പ്രതിസന്ധിയിലേക്ക് അതോടെ കൂപ്പുകുത്തി.

ലബനോനിൽ ഒരു പ്രധാന ഗ്രൂപ്പുണ്ട് - ഹിസ്ബുള്ള. ഷിയാ വിഭാഗങ്ങളുടെ ഈ ഗ്രൂപ്പിനെ യുഎസും യൂറോപ്യൻ യൂണിയനും നിരോധിച്ചിട്ടുണ്ട്, ഇറാനാണ് ഇവരുടെ സ്‌പോൺസർമാർ. ഹിസ്ബുള്ള ഒരു സൈനിക സംഘത്തെയും രാഷ്ട്രീയ നേതൃത്വത്തെയും പോലെയാണ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ദ്ധനായ കാർമൈൻ ജെഹ പറയുന്നു. അധികാരം പങ്കിടുന്നതിൽ അവർ സ്വന്തം താൽപ്പര്യങ്ങൾ നിറവേറ്റുകയും കിംഗ് മേക്കറുടെ റോൾ ചെയ്യുകയും ലെബനനെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിൻറെ നിരീക്ഷണം.

publive-image

ലെബനനിലെ രാഷ്ട്രീയ വ്യവസ്ഥയ്‌ക്കൊപ്പം ബാങ്കിങ് മേഖലയും തകർന്നടിഞ്ഞുകഴിഞ്ഞു. ബെയ്‌റൂട്ട് ആസ്ഥാനമായുള്ള റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോളിസി ഇനിഷ്യേറ്റീവിന്റെ സ്ഥാപക ഡയറക്ടർ സമി പറയുന്നത്, കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ലെബനനിലെ പണപ്പെരുപ്പ നിരക്ക് ആകാശത്തോളം ഉയർന്നുകഴിഞ്ഞുവെന്നാണ്. ലെബനനിലെ ജനങ്ങൾക്ക് ഇത് അഭൂതപൂർവമായ പ്രതിസന്ധിയാണ്‌. ഈ പ്രതിസന്ധിയിൽ ബാങ്കുകളുടെ പങ്കിലേക്കും അദ്ദേഹം വിരൽ ചൂണ്ടുന്നു.

ബാങ്കുകൾ തങ്ങളുടെ പണത്തിന്റെ 70 ശതമാനവും സർക്കാർ ഫണ്ടുകളിലും പദ്ധതികളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. സർക്കാർ സ്വയം വലിയ അപകടത്തിലായി, സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ബാങ്കുകളും അതിൽ അകപ്പെട്ടു. ബാങ്കുകളുടെ ഇത്തരം നിക്ഷേപങ്ങൾ തടയാൻ നിരീക്ഷണ സംവിധാനമുണ്ട്. എന്നാൽ ലെബനനിൽ ഈ സംവിധാനം ഫലപ്രദമല്ലായിരുന്നു.

ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ലെബനനും അവിടുത്തെ ബാങ്കുകൾക്കും വായ്പ നൽകുന്നത് നിർത്തി. ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള പണം ആയുധബലത്തിലാണ് ജനങ്ങൾ പലരും തിരിച്ചുവാങ്ങുന്നത്.

publive-image

ലെബനൻ ഇപ്പോൾ പൂർണ്ണമായും ക്യാഷ് മാത്രമുള്ള സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. രാജ്യത്ത് പകൽ രണ്ട് മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. വിലകൂടിയ ജനറേറ്ററുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. മരുന്നുകളുടെയും ഇന്ധനത്തിന്റെയും വിലയും വർധിച്ചു. മുപ്പത് വർഷത്തിന് ശേഷം രാജ്യത്ത് കോളറ എന്ന മഹാമാരിയും പടരുകയാണ്. ഈ സാഹചര്യങ്ങൾ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയ്ക്കും അക്രമത്തിനും സാധ്യതയുണ്ട്.

2019 ലെ പ്രതിഷേധത്തിനുശേഷം, സ്ഥിതിഗതികൾ വഷളായി, ഇന്ന് ജനസംഖ്യയുടെ 80 ശതമാനവും ദാരിദ്ര്യ ത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു , ലെബനൻ കറൻസിയായ ലിറെയുടെ വില കുത്തനെ ഇടിഞ്ഞു.


ഒരു ഡോളറിന് ആയിരത്തി അഞ്ഞൂറ് ലിറെ വിലയുണ്ടായിരുന്നത് ഇപ്പോൾ നാൽപ്പതിനായിരമായി മാറിയി രിക്കുന്നു. എന്തുവേണമെങ്കിലും ഡോളർ നൽകണം. ലബനോൻ കറൻസി ആർക്കും വേണ്ട. സ്വന്തം കറൻസി അസ്വീകാര്യമാകുന്ന ഒരു നാടിനെപ്പറ്റി ഓർത്തുനോക്കുക.


വീടുകളിലെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചെലവ് എല്ലാവർക്കും നൽകാനാവില്ല. റോഡുകളിൽ വൈദ്യുതിയില്ല, അപകടങ്ങളും കൊള്ളയും പിടിച്ചുപറിയും മോഷണവും പെരുകുന്നതു മൂലം പൊറുതിമുട്ടുകയാണ് ജനം.

2022 മെയ് മാസത്തിൽ ലബനോനിൽ തെരഞ്ഞെടുപ്പ് നടന്നെങ്കിലും താൽക്കാലിക സർക്കാർ തന്നെയാണ് ഇപ്പോഴും ഭരണത്തിൽ തുടരുന്നത്. നവംബർ മുതൽ രാജ്യത്ത് രാഷ്ട്രപതിയുമില്ല.

publive-image

ലബനോനിലെ മത-രാഷ്ട്രീയക്കാരും വ്യവസായികളും ബാങ്കുകളുടെ നടത്തിപ്പുകാരും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ടെന്നാണ് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ലെബനനിലെ ജോൺസ് ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോയുമായ റൗണ്ടാ സലിം ഉറപ്പിച്ചു പറയുന്നത്.


അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ "ലെബനൻ ഒരു പരാജയപ്പെട്ട രാജ്യമായി മാറിയിരിക്കുന്നു. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന വ്യാപക അഴിമതിയും മതപരമായ അക്രമങ്ങളും തടയാനും നിയന്ത്രിക്കാനും ലെബനൻ സൈന്യത്തിന് കഴിയുന്നില്ല. പല മൊഹല്ലകളിലും പോലീസിന്റെ സഹായമില്ലാതെ തന്നെ ആളുകൾ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആഭ്യന്തരയുദ്ധകാലത്തെ ഓർമ്മപ്പെടുത്തുന്നു.


ലോകത്തിലെ മറ്റ് സംഘർഷങ്ങൾ പോലെ, ലെബനനിലെ സംഘർഷത്തിന്റെ കാരണങ്ങൾ രാഷ്ട്രീയവും സാമൂഹികവും മതപരവുമാണ്. ലെബനന്റെ തകർച്ചയുടെ മറ്റൊരു കാരണം അഴിമതിയാണ്, അത് ഇല്ലാതാകുമെന്ന് തോന്നുന്നില്ല. ഈ പരാജയപ്പെട്ട മാതൃകയിൽ നിന്ന് രാഷ്ട്രീയക്കാരും വ്യവസായികളും ധാരാളം സമ്പാദിച്ചിട്ടുണ്ട്.

“അതിനാൽ രാജ്യത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ അന്താരാഷ്ട്ര സഹായം ലഭിക്കുന്നതിന് പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഭരണത്തലപ്പത്തുള്ളവർ എവിടെയും പോകാറില്ല. രാജ്യം ഏറ്റവും മോശം അവസ്ഥയിൽ എത്താത്തിടത്തോളം കാലം ആസന്നഭാവിയിലൊന്നും കാതലായ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല എന്നാണ് റൗണ്ടാ സലിം പറയുന്നത്.

ലാബനോനെ സംബന്ധിച്ചിടത്തോളം മതം, മണ്ണും മനസ്സും മാത്രം പങ്കുവയ്ക്കുകയല്ല ചെയ്തത് മറിച്ച് ശാന്തിയും സമാധാനവും സ്വൈരജീവിതവും ഇല്ലാതാക്കി കുഞ്ഞുങ്ങളുൾപ്പെടെ ഒരു ജനതയെ ദാരിദ്ര്യത്തിൻ്റെ പടുകുഴിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്.

-പ്രകാശ് നായര്‍ മേലില

Advertisment