വിവാദ ബിബിസി ഡോക്യുമെന്ററിയിൽ ഉള്ളത് എന്താണ് ? ഇതൊരു വെറും ഡോക്യുമെന്ററിയല്ല... (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

ബിബിസി ഡോക്യൂമെന്ററിയിൽ ഉള്ളത് നമുക്കെല്ലാം അറിയുന്ന കാര്യങ്ങളല്ലേ, അതിൽ പുതുതായി എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. ശരിയാണ്, യുകെ സർക്കാരിന്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത് വിട്ടതൊഴിച്ചാൽ മറ്റുള്ളതെല്ലാം പലപ്പോഴായി പുറത്ത് വന്നിട്ടുള്ളതാണ്.

Advertisment

പക്ഷേ, ഈ ഡോക്യൂമെന്ററിയുടെ പ്രത്യേകത ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ലഭ്യമായ വിവരങ്ങളെല്ലാം കൃത്യമായി അടുക്കി വെച്ച്, ആ വിഷയത്തിൽ പുറത്ത് വന്ന ഒളിക്യാമറ അഭിമുഖങ്ങളടക്കം കോർത്തിണക്കി, അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ സ്വകാര്യ മൊഴികൾ കണക്ട് ചെയ്ത്, ആ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ സ്റ്റേറ്റ്മെന്റുകൾ ചേർത്ത്, ഇഹ്‌സാൻ ജാഫ്രിയുടെ അന്ത്യനിമിഷങ്ങളും അയാൾ നടത്തിയ ടെലിഫോൺ കോളുകളും നേരിട്ട് കണ്ട ദൃക്‌സാക്ഷിയുടെ കണ്ണീർ വീഴുന്ന അഭിമുഖവുമടക്കം ഉൾപ്പെടുത്തി ഒരു ഇന്റർനാഷണൽ വിഷ്വൽ ഡോക്യുമെന്റ് പുറത്ത് വന്നു എന്നതാണ്.

അതൊരു ചെറിയ കാര്യമാണെന്ന് നിങ്ങൾ കരുതുന്നുന്നുണ്ടോ ? അതും ബിബിസി പോലൊരു ഇന്റര്നാഷണലി ക്രെഡിബിളായ ഒരു മാധ്യമത്തിൽ.

മാത്രമല്ല, സഞ്ജീവ് ഭട്ട്, ആർ ബി ശ്രീകുമാർ, ടീസ്റ്റ തുടങ്ങി ഗുജറാത്ത് കലാപത്തിലെ സത്യാവസ്ഥകൾ തുറന്ന് കാട്ടാൻ ശ്രമിച്ചവർ ഇന്നനുഭവിക്കുന്ന ഭരണകൂട വേട്ടയുടേയും കേസുകളുടേയും കൃത്യമായ വിവരങ്ങളും ഈ ഡോക്യൂമെന്ററി അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

ആ കലാപത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരൺ പാണ്ഡ്യയുടെ ദുരൂഹ വധത്തെക്കുറിച്ചും വിശദമായിത്തന്നെ പറയുന്നുണ്ട്.

ഒരു മണിക്കൂറുള്ള ഈ ഡോക്യൂമെന്ററി കണ്ടപ്പോൾ എനിക്ക് ഏറ്റവും ഹൃദയത്തിൽ തട്ടിയത് സഞ്ജീവ് ഭട്ടിന്റെ മകളുടെ വാക്കുകളാണ്. എസ് ഐ ടി ക്ക് മുന്നിൽ സഞ്ജീവ് ഭട്ട് കൊടുത്ത സത്യവാങ്മൂലത്തിലെ വാക്കുകൾ ആകാശി അത് പോലെ അഭിമുഖത്തിൽ പറയുന്നുണ്ട്.

വര്ഷങ്ങളായി തന്റെ പിതാവ് വേട്ടയാടപ്പെടുമ്പോഴും ജയിലിൽ നിന്ന് പുറത്ത് വരാനുള്ള സാധ്യതകൾ അടഞ്ഞു തന്നെ കിടക്കുമ്പോഴും അന്ന് പറഞ്ഞ വാക്കുകളിൽ നിന്ന് ഒരിഞ്ച് പിറകോട്ട് പോകാതെ അതാവർത്തിക്കുന്ന ആ ധീരത, അഭിമാനത്തോടെ ആ പിതാവിന്റെ വാക്കുകൾ ഏറ്റ് പറയുന്ന ആ ആർജ്ജവം, ആ കണ്ണുകളിലെ തിളക്കം അത് കാണേണ്ടത് തന്നെയാണ്.

ഇതൊരു വെറും ഡോക്യൂമെന്ററിയല്ല, അടിച്ചമർത്താൻ ശ്രമിക്കുന്ന സത്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലേക്ക് ഒരു അഗ്നിപർവ്വതം കണക്കെ പുറത്തേക്ക് പ്രവഹിക്കുകയാണ്.

Advertisment