ഓർക്കുന്നുവോ ആ പ്രണയകഥ ? വായനക്കാർ ഓർക്കുന്നുണ്ടാകും, വളരെയേറെ കോളിളക്കം സൃഷ്ടിച്ച ജൂലി - മട്ടൂക് നാഥ് ചൗധരി പ്രണയ ബന്ധം. ഇന്ന് ഏറ്റവും പുതിയ വിവരമനുസരിച്ച് ജൂലി ഇപ്പോൾ പോർട്ട് ഓഫ് സ്‌പെയിനിൽ മരണത്തോട് മല്ലിട്ടു കഴിയുകയാണ്.
2006 ൽ നടന്ന 49 വയസ്സുകാരൻ പ്രൊഫസർ മട്ടൂക് നാഥിന്റെയും 19 കാരി ശിഷ്യ ജൂലിയുടെയും ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച സംഭവ ബഹുലമായ പ്രണയവിവാഹം 2014 ൽ പൂർണ്ണമായും അവസാനിച്ചു. കേവലം 8 വർഷമാണ് അവർ ഒന്നിച്ചു കഴിഞ്ഞത്.
ഇപ്പോൾ ജൂലി വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായുള്ള ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്‌പെയിനിൽ മരണാസന്നയായി കഴിയുകയാണ്. എങ്ങനെ അവർ അവിടെയെത്തി ? ആരാണതിനു പിന്നിൽ ? ആ വിവരങ്ങളിലേക്ക് കടക്കും മുൻപ് അവരുടെ പ്രണയകഥയുടെ ഒരു ഹൃസ്വവിവരണം അനിവാര്യമാണ്.
2006 ൽ ബീഹാറിലെ പാറ്റ്‌ന യൂണിവേഴ്‌സിറ്റിയിൽ ഹിന്ദി പ്രൊഫസ്സറായിരുന്ന 49 കാരൻ മട്ടൂക് നാഥ് ചൗധരിയും അദ്ദേഹത്തേക്കാൾ 30 വയസ്സ് പ്രായക്കുറവുണ്ടായിരുന്ന 19 കാരിയായിരുന്ന ശിഷ്യ ജൂലിയുടെയും പ്രണയം വിദേശമാദ്ധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. പത്രദൃശ്യമാദ്ധ്യമങ്ങൾ അന്ന് ഇവർക്ക് പിന്നാലെയായിരുന്നു.
സമൂഹവും കുടുംബവും ഇളകി മറിഞ്ഞു. ഭാര്യയും കൂട്ടരും ചേര്‍ന്ന് ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു. മുഖത്തു കരിഓയില്‍ ഒഴിച്ചു. ഗാര്‍ഹിക പീഡന കുറ്റം ചുമത്തി മട്ടൂക്നാഥിനെയും ജൂലിയെയും ജയിലിലാക്കി. പാറ്റ്ന യൂണിവേര്‍സിറ്റി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. 2009 ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു... നാടും നാട്ടുകാരും പ്രൊഫസറെയും ജൂലിയെയും പഴിച്ചു. പ്രോഫസ്സര്‍ക്കും ജൂലിയ്ക്കും വട്ടാണെന്നുള്ള വ്യാപക പ്രചാരണം മാദ്ധ്യമങ്ങളില്‍ വരെ നടന്നു അക്കാലത്ത്.
ജയില്‍ മോചിതനായ മട്ടൂക് നാഥ് ജൂലിയ്ക്കൊപ്പം പാറ്റ്ന വിട്ടു ഭാഗല്‍പ്പൂരിലെത്തി. ഒരുമിച്ചു താമസമായി. അവിടെ അദ്ദേഹം ഒരു സ്‌കൂൾ തുറന്നു. പ്രേം പാഠശാല ( പ്രണയ പാഠശാല ) അഥവാ LOVE SCHOOOL എന്നായിരുന്നു അതിന്റെ പേര്. പ്രണയത്തിന്റെ അർത്ഥവ്യാപ്തികൾ പാഠ്യവിഷയമാക്കി സമൂഹത്തെ ബോധവൽക്കരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നദ്ദേഹം വെളിപ്പെടുത്തി.
'മട്ടൂക് - ജൂലി ഡയറി' പുസ്തകം ഇരുവരും ചേർന്നു പുറത്തിറക്കുന്നു
പിന്നീട് കോടതിയില്‍ കേസ് നടന്നു. 2013 ഫെബ്രുവരി 13 ന് കോടതി വിധിവന്നു. ജോലി തിരിച്ചുകിട്ടി. വിധി നടപ്പാക്കിക്കിട്ടാന്‍ പ്രോഫസ്സര്‍ക്ക് സത്യാഗ്രഹം കിടക്കേണ്ടി വന്നു. ഒടുവില്‍ രാജ്ഭവന്‍ ഇടപെട്ടു വിധി നടപ്പാക്കി.
ജോലിയിൽ നിന്ന് റിട്ടയർ ചെയ്തശേഷം അദ്ദേഹം തങ്ങളുടെ അതുല്യപ്രണയത്തെ ആധാരമാക്കി ഒരു പുസ്ത കമെഴുതിയിരുന്നു ' Matuk - julie Dairy ' എന്നാണ് പേര്. മട്ടൂക് നാഥും ജൂലിയും ലിവ് ഇൻ റിലേഷനിലാണ് കഴിഞ്ഞത്. മട്ടൂക് നാഥിന്റെ പെൻഷനിൽനിന്ന് മൂന്നിലൊന്നുഭാഗം കോടതിവിധിപ്രകാരം ആദ്യഭാര്യക്കു നൽകുന്നുണ്ട്. 2013 ൽ കോടതിവിധിയോടെ ലഭിച്ച നഷ്ടപരിഹാരത്തുകയായ 20 ലക്ഷം രൂപയിൽ നിന്ന് ആ വർഷത്തെ വാലന്റയിൻ ദിനത്തിൽ ഒരു മാരുതി സ്വിഫ്റ്റ് കാറാണ് അദ്ദേഹം ജൂലിക്കായി സമ്മാനം നൽകിയത്.
കോടതിവിധി നടപ്പാക്കാനായി മട്ടൂക് നാഥ് സത്യാഗ്രഹം കിടന്നപ്പോള്‍
എന്നാൽ ഇപ്പോൾ ജൂലി അദ്ദേഹത്തോടൊപ്പമില്ല. 2014 ൽ അവർ ആത്യാത്മജീവിതം തെരഞ്ഞെടുത്ത് മട്ടൂക് നാഥിനെ ഉപേക്ഷിച്ചു പോകുകയായിരുന്നത്രെ. ജീവിതത്തിൽ മുന്നോട്ടു നയിക്കാൻ ഒരു യഥാർത്ഥ ഗുരുവിനെത്തേടിയുള്ള അവരുടെ യാത്രകൾ പോണ്ടിച്ചേരി, ഋഷികേശ്, പൂണെ എന്നിവിടങ്ങളിലും മറ്റു പല സ്ഥലത്തുമുള്ള 'ഓഷോ' ആശ്രമങ്ങളിലായിരുന്നു. ഇവിടെ അവർ പലരുടെയും കെണികളിലകപ്പെട്ടു. പലരും അവരെ മുതലെടുത്തു.
പ്രൊഫസർ മട്ടൂക് നാഥ് പലതവണ അവരെ ജീവിതത്തിലേക്ക് തിരികെ വിളിച്ചെങ്കിലും അവർ മടങ്ങാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ജന്മത്തിൽ തനിക്കു പൂർത്തിയാക്കാൻ കഴിയാതിരുന്ന ആധ്യാത്മജീവിതം സമ്പൂർ ണമാക്കുക എന്നതാണ് തൻ്റെ ശിഷ്ടജീവിതം കൊണ്ട് ലക്ഷ്യമിടുന്നതെന്നവർ അദ്ദേഹത്തോട് പറഞ്ഞു.
പാറ്റ്നയിലെ ശാസ്ത്രിനഗറിലുള്ള മൂന്നു ബെഡ്‌റൂം ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് കഴിയുന്ന 62 കാരനായ മട്ടൂക് നാഥ് ജൂലിയുടെ മടങ്ങിവരവ് ഇനി പ്രതീക്ഷിക്കുന്നില്ല.
പോർട്ട് ഓഫ് സ്‌പെയിനിൽ മനോരോഗിയായി അവശനിലയിൽ കഴിഞ്ഞ ജൂലിയെ കാണാൻ കഴിഞ്ഞ വർഷം മട്ടൂക് നാഥ് പോയിരുന്നു. വ്യവസായിയായ ഒരു വൃദ്ധനൊപ്പമായിരുന്നു ജൂലി കഴിഞ്ഞിരുന്നത്. പലരുടെയും പ്രലോഭനങ്ങൾക്കടിപ്പെട്ടാണ് ജൂലി അവിടെ എത്തപ്പെട്ടത്.
മൂന്നുമാസം പ്രൊഫസർ മട്ടൂക് നാഥ് അവിടെ താമസിച്ച് ജൂലിയെ ചികിത്സയ്ക്ക് വിധേയയാക്കി. ജൂലിയിൽ പ്രകടമായ മാറ്റം വന്നു. അവർ സ്വന്തമായി യാത്രചെയ്യാമെന്ന അവസ്ഥയായപ്പോൾ ഒരിക്കൽക്കൂടി അവരെ അദ്ദേഹം തൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു, ഒപ്പം ഇന്ത്യയിലേക്ക് വരാനും.
ജൂലിയുടെ ഇപ്പോഴത്തെ അവസ്ഥ
രണ്ടു നിർദ്ദേശങ്ങളും ജൂലി നിരസിച്ചു. താൻ ഇന്ത്യയിലേക്കില്ലെന്നും ജീവിതത്തിൽ ലൗകിക ജീവിതം ആഗ്രഹിക്കുന്നില്ലെന്നും അവർ ഉറപ്പിച്ചുപറഞ്ഞു. നിരാശനായ മട്ടൂക് നാഥ് ഇന്ത്യയിലേക്ക് മടങ്ങി.
ഏഴാം കടലിനക്കരെനിന്നും ജൂലി ഇനിയൊരിക്കലും മടങ്ങിവരില്ലെന്നുറപ്പുണ്ടായിട്ടും മട്ടൂക് നാഥിന്റെ മനസ്സ് ഇപ്പോഴും പ്രതീക്ഷയിലാണ്. വഴിക്കണ്ണുകളുമായി 66 കാരനായ അദ്ദേഹം അവളെ ഇന്നും കാത്തിരിക്കുന്നു..