Advertisment

യൂസഫലിയോട് കാണിച്ചത് നീതികേട്‌ ! ശിവശങ്കറിനേയും, സി.എം. രവീന്ദ്രനേയും, സ്വപ്നയേയും കൈകാര്യം ചെയ്യുന്ന രീതിയിലായിരുന്നില്ല  എം.എ.യൂസഫലിയെ കൈകാര്യം ചെയ്യുന്നത്- പ്രതികരണം

author-image
nidheesh kumar
New Update

publive-image

Advertisment

എം.എ.യൂസഫലി ഒരു രാഷ്ട്രീയക്കാരനോ കോൺട്രാക്റ്ററോ ഒന്നുമല്ല. അദ്ദേഹം ലോകം ആദരിക്കുന്ന ഒരു വ്യവസായി ആണ്. രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച വ്യക്തി. ഇതിനെല്ലാം പുറമേ പാവപ്പെട്ടവർക്കുവേണ്ടി തന്റെ ലാഭത്തിൽ നിന്നും കോടികൾ ജീവകാരുണ്യ പ്രവർത്തനത്തിനായി ചില വഴിക്കുന്നയാളും.

അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർക്ക് സഹായമെത്തിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഓഫീസ് അദ്ദേഹത്തിനുണ്ട്. തന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ അവരുടെ മാതാപിതാക്കളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അദ്ദേഹത്തിന് സംവിധാനമുണ്ട്.

ജീവകാരുണ്യത്തിനായി നൽകുന്ന പണം യോഗ്യമായ രീതിയിൽ ചിലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനം അദ്ദേഹത്തിനുണ്ട്. അദ്ദേഹം തികഞ്ഞ വിശ്വാസിയാണ്. തികഞ്ഞ മതേതര വാദിയാണ്. ജാതിയോ മതമോ നിറമോ നോക്കിയല്ല അല്ല ചെറുപ്പക്കാർക്ക് അദ്ദേഹം ജോലി നൽകുന്നത്.


രാഷ്ട്രത്തിന്റെ ഭരണ ഘടനയും നിയമവും അനുശാസിക്കുന്ന രീതിയിൽ ജീവിക്കുകയും വ്യവസായം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് യൂസഫലി. ജനിച്ച മണ്ണിലെ പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി തന്റെ ലാഭത്തിന്റെ നല്ല ഭാഗം നീക്കിവയ്ക്കുന്ന ഈ കർമ്മയോഗിയോട് നമ്മൾ ചെയ്തത് നീതികേടാണ് എന്ന് കരുതുന്നവരാണ് ഏറെയും.


എത്രയോ മലയാളി വ്യവസായികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട് . അവരൊന്നും ഇതുപോലെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാറില്ല. ചെയ്യണമെന്നു നിർബ്ബന്ധവുമില്ല.

എം.എ.യൂസഫലിയുടെ വിവിധ സ്ഥാപനങ്ങളിൽ എത്രയോ മലയാളി ചെറുപ്പക്കാരാണ് ജോലി ചെയ്യുന്നത്? അത്രയും കുടുംബങ്ങളുടെ അന്ന ദാതാവല്ലേ എം.എ.യൂസഫലി ?

അദ്ദേഹം രാഷ്ട്രത്തിനും കേരളത്തിനും വേണ്ടി എത്രയോ പദ്ധതികൾ വിദേശത്ത് നിന്ന് കൊണ്ടുവന്നിരിക്കുന്നു. അവയെല്ലാം ഇവിടുത്തെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും കൂടിച്ചേർന്ന് തട്ടിയെടുക്കുന്നതിൽ അദ്ദേഹം എന്ത് ചെയ്യാനാണ്?

ഇവിടുത്തെ ഭരണകർത്താക്കൾക്ക് നാടിനോടില്ലാത്ത സ്നേഹവും കരുണയും എം.എ. യൂസഫലിക്കുണ്ടായിപ്പോയതാണ് അദ്ദേഹത്തിന്റെ തെറ്റ് എന്ന് പറയേണ്ടി വരുന്നുവെന്നതിൽ ദു:ഖമുണ്ട്.

ഇന്നേവരെ അദ്ദേഹത്തിന്റെ ജീവിതത്തിന്റേയോ വ്യവസായത്തിന്റേയോ ട്രാക്ക് റിക്കോഡിൽ ഒരു കറുത്ത പാട് പോലും ചൂണ്ടിക്കാണിക്കുവാൻ ആരെക്കൊണ്ടും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.

വളരെ മാന്യമായി സംസാരിക്കുന്ന , ഇടപെടുന്ന, പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ കുറ്റമെന്താണ് എന്ന് മനസ്സിലാകുന്നില്ല.

അദ്ദേഹവുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കൾ ഈ ബന്ധം ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യുന്നു. ഭരണകർത്താക്കളോട് മുഖം തിരിച്ച് നിൽക്കാൻ അദ്ദേഹത്തിന് സാധിക്കുമോ ? ജനിച്ച നാട്ടിൽ ഒരു ദുരന്തമുണ്ടായാൽ ആദ്യം ഓടിയെത്തി സാന്ത്വനിപ്പിക്കുന്ന ഈ വലിയ മനുഷ്യനെ നാം അപമാനിക്കരുത്.


എല്ലാവരും നിയമത്തിന് മുമ്പിൽ ഒരേ പോലെയല്ലേ എന്ന് ചോദിക്കാം. അതിൽ തെറ്റില്ല. എന്നാൽ നിയമത്തിനും നീതിക്കും മേലെ നിൽക്കുന്ന ചില തലങ്ങളുണ്ട്. ആ തലത്തിലേക്ക് ഉയർന്ന വ്യക്തിയാണ് യൂസഫലി.


അദ്ദേഹം നിയമം പാലിക്കണം. ശരി തന്നെ. എന്നാൽ നിയമം കൃത്യമായി പാലിക്കുന്ന അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്ത് നിയമ വഴിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്തിനാണ് ?

ഇ.ഡി.ക്ക് അദ്ദേഹത്തിന്റെ സാക്ഷിമൊഴി വേണമെങ്കിൽ ഒരു ഫോൺ കോളിൽ അദ്ദേഹം സമയം കൊടുക്കുമായിരുന്നല്ലോ. അദ്ദേഹം കേരളത്തിൽ ഉള്ള സമയം നോക്കി അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് ഒരു ഇ.ഡി. ഉദ്യോഗസ്ഥന് ചുരുങ്ങിയ സമയം കൊണ്ട് ചെയ്യാമായിരുന്ന ഒരു കാര്യത്തിനല്ലേ ആ വലിയ മനുഷ്യന്റെ വ്യക്തിഹത്യ നടത്തേണ്ടിവന്നത്?

അല്ലെങ്കിൽ അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹത്തിന്റെ വക്കീലിന്റെ കൈയ്യിൽ കൊടുത്തയക്കുമായിരുന്നില്ലേ ?

ശിവശങ്കറിനേയും, സി.എം. രവീന്ദ്രനേയും, സ്വപ്നയേയും കൈകാര്യം ചെയുന്ന രീതിയിലാണോ എം.എ.യൂസഫലിയെ കൈകാര്യം ചെയ്യുന്നത് ?


ഉപകാരമല്ലാതെ അദ്ദേഹം ആർക്കും ഉപദ്രവം ചെയ്തിട്ടില്ല. ഇ.ഡി. നോട്ടീസ് കൊടുത്തത് കൊണ്ടാണല്ലോ പല സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്തത്. ഒരു ഫോൺ കോളിൽ തീർക്കാമായിരുന്ന വിഷയമാണ് ഒരു വലിയ മനുഷ്യന്റെ വ്യക്തിഹത്യയിലേക്ക് നയിച്ചത്.


മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഫലിച്ച വിഷാദം ശ്രദ്ധേയമായിരുന്നു. പാവങ്ങൾക്ക് വേണ്ടി ചെയ്യുമ്പോൾ ഇത്തരം കമന്റുകൾ കേൾക്കേണ്ടിവരും എന്ന യൂസഫലിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ മനസ്സിലെ വേദനയുടെ വേലിയേറ്റത്തിൽ നിന്ന് ഉണ്ടായതാണ്. ഇങ്ങിനെയൊരു സാഹചര്യത്തിലേക്ക് എം.എ യൂസഫലിയെ വലിച്ചിഴച്ചത് ആരാണെങ്കിലും അത് ശരിയായില്ല എന്ന് പറയേണ്ടിവരും.

എം.എ.യൂസഫലി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ പതിനായിരങ്ങളുടെ പ്രാർത്ഥനയാണ് അദ്ദേഹത്തെ ഒരു വലിയ കോപ്റ്റർ അപകടത്തിൽ നിന്നും അദ്ഭൂതകരമായി രക്ഷപെടുത്തിയത് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഭാഗവതവും ഗീതയും ഖുറാനും ബൈബിളുമെല്ലാം ഉദ്ധരിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

കേട്ടിട്ടില്ലേ - പൊൻമുട്ട ഇടുന്ന താറാവിനെ കൊല്ലരുത്, ഇരിക്കുന്ന കമ്പ് മുറിക്കരുത്, എലിയെ തോൽപിച്ച് ഇല്ലം ചുടരുത് എന്നീ പഴമൊഴികൾ.

മലയാളികളോടും കേരളത്തോടുമുള്ള യൂസഫലിയുടെ ആർദ്രതയും, സ്നേഹവും, വാത്സല്യവും കുറയരുതേ എന്ന് മാത്രം പ്രാർത്ഥിക്കാം.

< പ്രഫ. ഡോ. ശ്രീവത്സൻ നമ്പൂതിരി തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജ്  സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിട്ട. പ്രഫസറാണ് >

Advertisment