സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടേത് തെരുവ് ഗുണ്ടയുടെ ഭാഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ! കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്. എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സതീശൻ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട്: ജനങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ജീവന്‍ അവരുടെ കൈയ്യിലാണെന്ന ധാര്‍ഷ്ട്യമാണ് സിപിഎം നേതാക്കള്‍ക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് തികഞ്ഞ ധിക്കാരമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞിരിക്കുന്നത്. വലിയൊരു സംഘര്‍ഷത്തിന് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. അവിടെ നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ കൊലപാതകത്തിനു ശേഷം വെളിപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനെ വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്.

ആയുധമെടുക്കാന്‍ പറഞ്ഞെന്നും ആറു പേര്‍ മാത്രമുണ്ടായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരെ ഞങ്ങള്‍ ഓടിച്ചെന്നുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ ഇനി ഞങ്ങള്‍ പറഞ്ഞോളാമെന്നു പറഞ്ഞ് ഇത് തടസപ്പെടുത്തിയത് ജില്ലാ സെക്രട്ടറിയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങള്‍ ജില്ലാ സെക്രട്ടറിക്ക് അറിയാം.

അതുകൊണ്ട് ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാകണം. തെരുവ് ഗുണ്ടയുടെ ഭാഷയിലാണ് ജില്ലാ സെക്രട്ടറി കെ.പി.സി.സി അധ്യക്ഷനെതിരെ സംസാരിക്കുന്നത്. കാലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്ന തെറ്റിദ്ധാരണയാണ് സി.പി.എം നേതാക്കള്‍ക്ക്. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനു മുന്നില്‍ വിലപ്പോകില്ല.

കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ല. ഒരു ഭീഷണിയും വേണ്ട. ഇത് ഗുണ്ടാ രാഷ്ട്രീയമാണ്. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോറാണ്.

തെരുവ് ഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എം നേതാക്കളാണ്. ഒരോ ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് ഇതുപോലുള്ള ജില്ലാ സെക്രട്ടറിമാരാണ്. മയക്കു മരുന്ന് സംഘങ്ങളെ വളര്‍ത്തുന്നതും സി.പി.എം നേതാക്കളാണ്.

അവരുമായുള്ള ഇടപഴകല്‍ കൂടിയതു കൊണ്ടാണ് സി.പി.എം ജില്ലാ സെക്രട്ടറി തെരുവ് ഗുണ്ടയുടെ ഭാഷയില്‍ സംസാരിക്കുന്നത്. അയാള്‍ക്കെതിരെ നടപടി എടുക്കാന്‍ സി.പി.എം തയാറാകുമോയെന്നും സതീശൻ ചോദിച്ചു.

സുധാകരന്‍ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. നേതാക്കന്‍മാരാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നത്.

പണ്ട് താമരശേരി ബിഷപ്പിനെതിരായ പരാമര്‍ശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി ഇപ്പോള്‍ സുധാകരനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല.

സര്‍ക്കാരിന്റെ ധിക്കാരത്തിനും കൊലയാളി രാഷ്ട്രീയത്തിനും എതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment