/sathyam/media/media_files/nvQV0gp3TcyHq2UZuRmZ.jpg)
rain karnataka
ബംഗളുരു : കർണാടകയുടെ പല ഭാഗങ്ങളിലും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 38 പേർ മരണപ്പെട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും അവലോകനം ചെയ്ത സിദ്ധരാമയ്യ അടിയന്തര ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് അറിയിച്ചു . ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
കർണാടകയിൽ ജൂൺ 1 മുതൽ ഇതുവരെ പെയ്ത കനത്ത മഴയിൽ 38 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . 57 വീടുകൾ പൂർണമായും നശിച്ചു. 208 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 2,682 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 105 കന്നുകാലികൾക്കും ജീവൻ നഷ്ടപ്പെട്ടതായി സിദ്ധരാമയ്യ അറിയിച്ചു.
ജൂലൈയിൽ കർണാടകയിൽ ഇതുവരെ 313 മില്ലിമീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. ഇത് സാധാരണയേക്കാൾ 37 ശതമാനം കൂടുതലാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കുടക്, ബിദർ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. കർണാടകയിൽ ഒരാഴ്ചത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us