ന്യൂയോര്‍ക്ക്: യുവത്വം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന ഔഷധത്തിനായുള്ള ഗവേഷണം വിജയത്തിലേക്കെന്നു ഹാര്‍വാര്‍ഡ് ഗവേഷകന്‍. എലികളില്‍ പരീക്ഷണം വിജയമായി. മനുഷ്യരിലുള്ള പരീക്ഷണം അടുത്ത വര്‍ഷത്തോടെ ആരംഭിക്കാന്‍ കഴിയും. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മോളിക്യുലര്‍ ബയോളജിസ്റ്റായ ഡോ. ഡേവിഡ് സിന്‍ക്ലറാണു ശരീര കോശങ്ങള്‍ക്കു യുവത്വം നല്‍കാനുള്ള ഗവേഷണം വിജയത്തോടടുത്തെന്ന് അവകാശപ്പെട്ടത്.
മനുഷ്യരുടെയും എലികളുടെയും ചര്‍മ്മകോശങ്ങളിലെ വാര്‍ദ്ധക്യ പ്രക്രിയ 'ഒന്നിലധികം വര്‍ഷങ്ങള്‍' പിന്നോട്ടു കൊണ്ടുപോകാമെന്നാണു ഡോ. ഡേവിഡിന്റെ അവകാശവാദം. എന്നാല്‍, ഡോ. ഡേവിഡിന്റെ പരീക്ഷണം വിജയമാണെന്നു പറയാറായിട്ടില്ലെന്നു ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു. ഈ മാറ്റങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണു പ്രധാന പ്രശ്നം. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ ഫലപ്രദമാകുമെന്ന് ഉറപ്പില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
യെമങ്ക ഫാക്ടേഴ്സ് എന്നറിയപ്പെടുന്ന ഒരു പറ്റം ജീനുകള്‍ക്കു പ്രായമുള്ള കോശങ്ങളെ യുവത്വത്തിലേക്കു നയിക്കാന്‍ കഴിയുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡോ. ഡേവിന്റെ ഗവേഷണം. മനുഷ്യകോശങ്ങളെ യുവത്വത്തിലേക്കു തിരിച്ചുവിടാന്‍ നിരവധി മരുന്നുകളാണു ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ ആറ് രാസ സംയുക്തങ്ങളാണ് അനുകൂല പ്രതികരണം നേടിയെടുത്തത്. എലികളില്‍ മരുന്നു കഴിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഫലം കണ്ടുതുടങ്ങി. നാലു ദിവസമാണ് എലികള്‍ക്കു മരുന്നു നല്‍കിയത്. തന്റെ കണ്ടെത്തല്‍ വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള ധാരണയെ മാറ്റിമറിച്ചേക്കാമെന്നു ഡോ. ഡേവിഡ് പറഞ്ഞു.