/sathyam/media/media_files/3TdomYdIezGla7wxJ9w6.jpg)
amit shah in loksabha
ഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയ്യാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷം മണിപ്പൂർ വിഷയത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ല എന്നും അമിത് ഷാ കുറ്റപ്പെടുത്തി. "സഭയിൽ ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. ചർച്ച നടത്താൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. രാജ്യം ഈ വിഷയത്തിലെ സത്യം മനസിലാക്കേണ്ടത് അനിവാര്യമാണ്". അമിത് ഷാ പറഞ്ഞു.
അതേസമയം, മണിപ്പൂർ വിഷയത്തിൽ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാർലമെന്റ് സ്തംഭിച്ചു. സഭാ സ്തംഭനം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. പാർലമെൻറിന് പുറത്ത് പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷ എംപിമാർ ഇരു സഭകളിലേക്കും എത്തിയത്. അടിയന്തര പ്രമേയങ്ങൾ തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തര വേളയ്ക്കുശേഷം ചർച്ചയാകാം എന്നും ആര് മറുപടി പറയണമെന്ന് നിർബന്ധിക്കരുതെന്നും സ്പീക്കർ ഓം ബിർള പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇരുസഭകളും പല തവണ തടസപ്പെട്ടതോടെ ഇന്നത്തേക്ക് പിരിഞ്ഞു.
സഭാ സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രി മണിപൂർ വിഷയത്തിൽ സഭയ്ക്ക് പുറത്ത് പ്രസ്താവന നടത്തിയത് നാണക്കേടാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. രാജ്യസഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച ആം ആദ്മി എം പി സഞ്ജയ് സിംഗിനെ ഈ സഭാ കാലയളവിലേക്ക് സസ്പെൻഡ് ചെയ്തു. പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. എന്നാൽ അനുനയ നീക്കം വിജയിച്ചില്ല എന്നാണ് സൂചന. പ്രതിപക്ഷത്തിനെതിരെ രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയർത്തി ബിജെപി എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us