മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഇതുവരെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

author-image
shafeek cm
New Update
cbi manipur

CBI

ന്യൂഡൽഹി: മണിപ്പൂരിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവത്തിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. വീഡിയോയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മെയ് നാലിന് നടന്ന ദാരുണ സംഭവത്തിന്റെ വീഡിയോ ജൂലൈ 19-നാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഇതുവരെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. കാങ്‌പോപി ജില്ലയിലാണ് സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി മണിപ്പൂരിൽ മെയ്തേയ് സമുദായവും കുക്കികളും തമ്മിൽ വംശീയ സംഘർഷം നടക്കുകയാണ്. കലാപത്തിൽ ഇതുവരെ 160 പേരാണ് കൊല്ലപ്പെട്ടത്.

Advertisment

അതേസമയം, പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ'യുടെ 21 അംഗ പ്രതിനിധി സംഘത്തിന്റെ മണിപ്പൂർ സന്ദർശനം വെറും പ്രഹസനമാണെന്ന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. മുൻ സർക്കാരുകളുടെ കാലത്ത് മണിപ്പൂർ കത്തുമ്പോഴും സംസ്ഥാനം മാസങ്ങളോളം അടച്ചിട്ടിരിക്കുമ്പോഴും അവർ പാർലമെന്റിൽ ഒരക്ഷരം പോലും മിണ്ടിയില്ല. പാർലമെന്റ് സ്തംഭിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശമെന്നും അനുരാഗ് താക്കൂർ ആരോപിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് 'ഇന്ത്യയുടെ 21 അം​ഗ പ്രതിനിധി സംഘം മണിപ്പൂരിലെത്തിയത്. കേരളത്തില്‍ നിന്ന് എ എ റഹീം, ഇ ടി മുഹമ്മദ് ബഷീര്‍, പി സന്തോഷ് കുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നീ എംപിമാര്‍ സംഘത്തിലുണ്ട്. മൂന്നുമാസമായിട്ടും കലാപം തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാനും അതിക്രമങ്ങള്‍ നേരിടുന്ന ജനതയെ സാന്ത്വനിപ്പിക്കുന്നതിനുമാണ് പ്രതിപക്ഷ സംഘത്തിന്റെ യാത്ര. സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തിന്റെ ഇരകളെ കാണാൻ സംഘം നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.

latest news cbi manipur
Advertisment