/sathyam/media/media_files/1H3wofY1zMCTrH0Ct9BO.jpg)
റബറിന്റെ വില മുന്നൂറ് രൂപയായി ഉയര്‍ത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വില ഉയര്‍ത്തുന്നത് പരിഗണനയില്ലെന്നും അവര്‍ വ്യക്തമാക്കി. ഇറക്കുമതി നികുതി 30 ശതമാനമായി ഉയര്‍ത്തിയെന്നും മന്ത്രി അറിയിച്ചു.
നേരത്തെ, റബര്‍ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ച് ആ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയാല്‍, ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗിച്ചിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ബിഷപ് ഇക്കാര്യം പറഞ്ഞത്.
”റബറിന് വിലയില്ല. വിലത്തകര്‍ച്ചയിലാണ്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലെന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കാം. നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം”- എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ഇതിന് പിന്നാലെ റബര്‍ വിലയെ ചുറ്റിപ്പറ്റി കേരളത്തില്‍ വോട്ടു ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. മന്ത്രിയുടെ പാര്‍ലമെന്റിലെ മറുപടിയോടെ ആ ചര്‍ച്ചകള്‍ക്കെല്ലം ഇപ്പോള്‍ അവസാനം വന്നിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us