/sathyam/media/media_files/7e8JthmmXvBfcfHJhl0X.jpg)
darshana and daughter
വയനാട് : വയനാട് കല്പറ്റയിൽ യുവതി കുഞ്ഞുമായി പുഴയിൽച്ചാടി മരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. ഭർതൃവീട്ടുകാർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32)ആണ് അഞ്ചുവയസ്സായ മകൾ ദക്ഷയെയും കൊണ്ട് പുഴയിൽ ചാടി മരിച്ചത്.
നാലുമാസം ഗർഭിണിയായ ദർശനയെ ഭർതൃ വീട്ടുകാർ ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചതിനാലാണ് മകൾ ആത്മഹത്യ ചെയ്‌തെന്നാണ് ആരോപണം. ഭർത്താവും, ഭർതൃപിതാവും ചേർന്ന് ദർശനയെ മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ടായിരുന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ 13 ാം തീയ്യതി വിഷം കഴിച്ച് ദർശന മകളേയും കൊണ്ട് പുഴയിൽ ചാടുകയായിരുന്നു. ഇത് നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചപ്പോഴാണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ ദർശന പറഞ്ഞതായി അമ്മ വിശാലാക്ഷി വ്യക്തമാക്കി.
2016 ഒക്ടോബറിലായിരുന്നു ഓംപ്രകാശുമായുളള ദർശനയുടെ വിവാഹം. വിവാഹം കഴിഞ്ഞ ദിവസങ്ങൾക്കുളളിൽ തന്നെ സ്വർണം ആവശ്യപ്പെട്ടുകൊണ്ട് പീഡിപ്പിക്കുകയും, സ്വന്തം വീട്ടിൽ പോകുന്നത് വിലക്കിയതായും ദർശന വീട്ടുകാരോട് പറഞ്ഞിരുന്നു.
ദർശന കുഞ്ഞുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം നാട്ടുകാർ പറഞ്ഞാണ് മാതാപിതാക്കൾ അറിയുന്നത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് വീട്ടുകാർ കളക്ടർക്കും പോലീസിനും പരാതി നൽകി.