സുരക്ഷാ ഭീഷണി; കശ്മീരിൽ ഡ്രോണുകൾക്കും പാരാഗ്ലൈഡിംഗിനും നിരോധനം

ജമ്മു ജില്ലാ മജിസ്‌ട്രേറ്റ് സച്ചിൻ കുമാർ വൈശ്യയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

author-image
shafeek cm
New Update
drone kashmir.jpg

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡ്രോണുകൾക്കും പാരാഗ്ലൈഡിംഗിനും വിലക്കേർപ്പെടുത്തി ഭരണകൂടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി കശ്മീരിൽ എത്തുക.

Advertisment

ജമ്മു ജില്ലാ മജിസ്‌ട്രേറ്റ് സച്ചിൻ കുമാർ വൈശ്യയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കശ്മീർ സന്ദർശന വേളയിൽ പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഡ്രോണുകൾ, റിമോർട്ടിൽ പ്രവർത്തിക്കുന്ന ചെറുവിമാനങ്ങൾ, എയർബലൂണുകൾ എന്നിവ പറത്തുന്നതിനും പാരാഗ്ലൈഡിംഗിനുമാണ് വിലക്ക്. സിആർപിസി നിയമത്തിലെ 144ാം വകുപ്പ് പ്രകാരമാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിവരെ ഇത് തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുക.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലും പരിസരത്തും കർശന നിരീക്ഷണം തുടരുകയാണ്.

kashmir
Advertisment