'മോർച്ചറി പ്രയോഗം പ്രാസഭംഗിക്ക്', പ്രാസഭം​ഗിക്ക് ഉപയോ​ഗിച്ച പ്രയോ​ഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപങ്ങൾക്ക് കോപ്പുകൂട്ടുക, വ​ർ​ഗീയ വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്നത്; പി ജയരാജനെ ന്യായീകരിച്ച് ഇ പി ജയരാജൻ

വിജ്ഞാനികളായ പുതിയ തലമുറയെ അന്തവിശ്വാസവും അനാചാരവും പ്രചരിപ്പിച്ച് ഭീകരവാദികളും തീവ്രവാദികളുമാക്കിക്കൊണ്ട് രാജ്യത്ത് ഒന്നും നേടാൻ കഴിയില്ല എന്നത് ബിജെപിയും ആർഎസ്എസും മനസ്സിലാക്കണം.

New Update
p jayarajan ep jayarajan new

P Jayarajan , Ep Jayarajan

കണ്ണൂർ: സിപിഐഎം നേതാവ് പി ജയരാജന്റെ മോർച്ചറി പ്രയോ​ഗത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്പീക്കർ എ എൻ ഷംസീറിനെ തൊട്ടാൽ യുവമോ‍ർച്ചയുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ കഴിഞ്ഞ ദിവസം പ്രസം​ഗിച്ചത്. എന്നാൽ ഭാഷാ ഭം​ഗി ഉപയോ​ഗിച്ചുകൊണ്ടുള്ള പ്രയോ​ഗം മാത്രമായിരുന്നു ഇതെന്ന് ഇ പി ജയരാജൻ പറഞ്ഞു. പ്രാസഭം​ഗി ഒപ്പിച്ച് പറഞ്ഞതല്ലാതെ ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്തുന്ന പ്രസം​ഗമല്ല പി ജയരാജൻ നടത്തിയത്. പ്രചാരണം നടത്തി അന്തരീക്ഷ‍ത്തെ കലുഷിതമാക്കാൻ ആർഎസ്എസ് നടത്തുന്ന പ്രവ‍ർത്തനങ്ങൾ ഉപേക്ഷിക്കണം. അവർ നടത്തുന്ന വി​ദ്വേഷ പ്രസം​ഗം അംഗീകരിക്കില്ല. യുവ സമൂഹവും അം​ഗീകരിക്കില്ല.

പ്രാസഭം​ഗിക്ക് ഉപയോ​ഗിച്ച പ്രയോ​ഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപങ്ങൾക്ക് കോപ്പുകൂട്ടുക, വ​ർ​ഗീയ വിദ്വേഷം പ്രചരിപ്പിക്കുക, ന്യൂനപക്ഷ വിരുദ്ധ പ്രചാരണം നടത്തുക, ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക, ആതിന്റെ മറവിൽ മുസ്ലിം മതവിഭാ​ഗത്തെ തന്നെ ആക്രമിക്കുക, അവരെ ഒറ്റപ്പെടുത്തുക, പരിഹസിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ എജ്യുകേറ്റഡാണ്. ശാസ്ത്രബോധമുള്ളവരാണ് മലയാളികൾ. വിജ്ഞാനികളായ പുതിയ തലമുറയെ അന്തവിശ്വാസവും അനാചാരവും പ്രചരിപ്പിച്ച് ഭീകരവാദികളും തീവ്രവാദികളുമാക്കിക്കൊണ്ട് രാജ്യത്ത് ഒന്നും നേടാൻ കഴിയില്ല എന്നത് ബിജെപിയും ആർഎസ്എസും മനസ്സിലാക്കണം.

അതുകൊണ്ട് വർഗീയ പ്രചാരണങ്ങൾ അവസാനിപ്പിച്ച് ആർഎസ്എസും ബിജെപിയും യുവജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂവെന്നും ഇ പി ജയരാജൻ പറഞ്ഞു. ഗ​ണ​പ​തി എ​ന്ന ഹൈ​ന്ദ​വ ആ​രാ​ധ​നാ​മൂ​ർ​ത്തി കേ​വ​ലം മി​ത്താ​ണെ​ന്നാണ്, ജൂലൈ 21ന് കുന്നത്തുനാട് ജി എച്ച് എസ് എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ എ എൻ ഷംസീർ പ്രസം​ഗിച്ചത്. ഇതിന് പിന്നാലെ ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോ‍ർച്ച മാർച്ച് നടത്തി. മാർച്ചിനിടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ ​ഗണേഷാണ് ആദ്യം കൊലവിളി പ്രസം​ഗവുമായെത്തിയത്. പോപ്പുലർ ഫ്രണ്ട് ജോസഫ് മാഷിനോട് ചെയ്തതുപോലൊരു സാഹചര്യം ഷംസീറീന് ഉണ്ടാകില്ലായെന്ന് ഉറപ്പുള്ളതുകൊണ്ടാകാം ഹിന്ദുക്കൾക്കെതിരായ പരാമർശമെന്നായിരുന്നു ​ഗണേഷിന്റെ പ്രസം​ഗം.

 ഇതിന് മറുപടിയുമായി പി ജയരാജൻ രം​ഗത്തെത്തുകയായിരുന്നു. ഷംസീറിനെ തൊടുന്ന യുവമോ‍ർച്ചയുടെ സ്ഥാനം മോർച്ചറിയിലെന്ന പി ജയരാന്റെ പ്രസ്താവന പിന്നീട് കൂടുതൽ പ്രസ്താവനകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. ബിജെപി, ആർഎസ്എസ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ പ്രശ്നം രൂക്ഷമായി. ഇന്ന് രാവിലെ വിശദീകരണവുമായി പി ജയരാജൻ വീണ്ടുമെത്തി. പോപ്പുലർ ഫ്രണ്ടിനെപ്പോലെ തീവ്രവാദികളായി മാറുന്ന യുവമോർച്ച പ്രവർത്തകരെയാണ് താൻ ഉദ്ദേശിച്ചതെന്ന് പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിനിടയിലാണ് പി ജയരാജന്റെ മയപ്പെടുത്തൽ. എന്നാൽ ഇ പി ജയരാജൻ തന്നെ പി ജയരാജനെ ന്യായീകരിച്ചെത്തിയതോടെ വിഷയം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്.

ep jayarajan bjp yuvamorcha kannur ldf P JAYARAJAN
Advertisment