/sathyam/media/media_files/2025/01/19/cMlHatii5JLizkbbNASM.jpg)
കേരളത്തില്‍ ഏറ്റവുമധികം പൊതുസ്വീകാര്യതയുള്ള കോണ്‍ഗ്രസ് നേതാവാണ് കെ മുരളീധരന്‍. മുരളി പറയുന്നത് കേള്‍ക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. അതിനനുസരിച്ച് തലങ്ങും വിലങ്ങും പറയാന്‍ മുരളിക്കുമിഷ്ടം.
സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളില്‍ 'സത്യം ഓണ്‍ലൈന്‍' പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബുവുമായി നടത്തിയ അഭിമുഖത്തില്‍ കെ.പി.സി.സി മുൻ അദ്ധ്യക്ഷന്‍കൂടിയായ കെ മുരളീധരന്‍ മനസ് തുറക്കുന്നു.
?. തുടർച്ചയായി 10 വർഷം സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തു നിൽക്കേണ്ടിവരുന്നു. എന്നിട്ടും നിശ്ചയിക്കപ്പെട്ട രാഷ്ട്രീയ കാര്യസമിതി യോഗം പോലും മാറ്റി വയ്‌ക്കേണ്ടി വരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ പരക്കം പായുന്നു ? ഈ നിലയ്ക്ക് പോയാല്‍ വരുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കാര്യങ്ങൾ സുഖമമായിരിക്കുമോ
എന്തൊക്കെയായാലും ഇത്തവണ യു.ഡി.എഫ് ജയിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഒന്നുകൂടി ശക്തമാക്കണം. വോട്ടർ പട്ടിക പരിശോധിക്കണം.
ഫ്‌ളാറ്റുകൾ ഓരോ സാമ്രാജ്യങ്ങളായി മാറി. അവിടം കേന്ദ്രീകരിച്ച് ഒരുപാട് വോട്ടുകളുണ്ട്. അവിടെയെത്തി വോട്ടർ പട്ടിക പരിശോധിക്കണം.
യു.ഡി.എഫിനോട് അനുഭാവമുള്ളവരെ പട്ടികയിൽ ചേർക്കണം. തൃശ്ശൂരിൽ ഇങ്ങനെ ചെയ്യാത്തതിന്റെ ദുരന്തഫലം അനുഭവിച്ചയാളാണ് ഞാൻ.
സർക്കാരിനെതിരെ അതിഭയങ്കരമായ ഭരണവിരുദ്ധ വികാരമുണ്ട്. എന്നാൽ ബി.ജെ.പി അതിന്റെ ഇടയിലുള്ളതുകൊണ്ട് വോട്ട് വീതിക്കാൻ ശ്രമമുണ്ടാവും. തൃശ്ശൂരിൽ അതാണ് സംഭവിച്ചത്.
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുന്ന വോട്ടുകൾ യു.ഡി.എഫിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനത്തിന് കോൺഗ്രസ് നേതൃത്വം നൽകണം.
?. പാർട്ടിയിൽ പുനസംഘടന നടന്നിട്ട് പതിറ്റാണ്ടുകളായി. 3 വർഷം കൂടുമ്പോള്‍ പുനസംഘടന നടത്തി ഊർജ്വസ്വലരാകുന്ന സി.പി.എമ്മിനോടും ബി.ജെ.പിയോടുമാണ് കോൺഗ്രസ് മത്സരിക്കേണ്ടത്. ഈ നിലയിൽ പാർട്ടിക്ക് ഒരു തിരിച്ചു വരവിനുള്ള കരുത്തുണ്ടെന്ന് അങ്ങ് കരുതുന്നുണ്ടോ
കോൺഗ്രസിന് ഇപ്പോഴും സംഘടനാ സംവിധാനമുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ച് അഞ്ച് വർഷം കൂടുമ്പോൾ താഴേത്തട്ട് മുതൽ തിരഞ്ഞെടുപ്പ് നടത്തണം.
കഴിഞ്ഞ തവണ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയത് മാതൃകാപരമായിരുന്നു.
ഖാർഗെയ്ക്ക് എതിരായി ശശി തരൂർ മത്സരിച്ചപ്പോൾ തെളിഞ്ഞത് ഉൾപാർട്ടി ജനാധിപത്യമാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായി തിരഞ്ഞെടുപ്പ് ചുരുക്കാതെ ബൂത്ത് തലത്തിൽ നടത്തണം. അവിടെ ആര് ജയിച്ചാലും അത് പാർട്ടിയുടെ സംഘടനാ സംവിധാനമായി കരുതണം.
?. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ നേതൃപാടവത്തിൽ ആർക്കും സംശയമില്ല. പക്ഷേ ആരോഗ്യ കാരണങ്ങളാൽ അദ്ദേഹത്തിന് അധ്യക്ഷന്റെ ഉത്തരവാദിത്വം വേണ്ട രീതിയിൽ നിറവേറ്റാൻ സാധിക്കുന്നില്ലെന്നതാണ് നേതാക്കൾ പറയുന്ന കാരണം. നിലവിൽ ഒരു മുഴുവൻ സമയ അദ്ധ്യക്ഷനെയല്ലേ പാർട്ടിക്ക് ഇപ്പോൾ ആവശ്യം
സംസ്ഥാന നേതൃത്വം മാറണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.
ബെൽഗാവിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ അടിമുടി പുന:സംഘടന വേണമെന്ന് പറഞ്ഞതായി കേട്ടു. അങ്ങനെയാണെങ്കിൽ ആ തീരുമാനം ദേശീയ നേതൃത്വമാണ് എടുക്കേണ്ടത്.
നിലവിലെ നേതൃത്വവുമായി മുന്നോട്ട് പോവുകയും ഒഴിവുള്ള സ്ഥലങ്ങളിൽ ഭാരവാഹികളെ വെയ്ക്കുകയും അതുവഴി ബൂത്ത് തല കമ്മറ്റികൾ നടത്തുന്ന ചടുലമായ പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം കൊടുക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങൾ നൽകിയിട്ടുള്ള നിർദ്ദേശം. നേതൃമാറ്റം തീരുമാനിക്കേണ്ടത് പൂർണ്ണമായും ഹൈക്കമാന്റാണ്.
?. സംസ്ഥാനത്ത് നിലവിൽ യു.ഡിഎഫിന് ഭരണത്തിലേറാൻ അനുകൂല സാഹചര്യമുണ്ടെന്ന് താങ്കൾ ഉൾപ്പെടെ വിലയിരുത്തുന്നു. ഈ അവസരത്തിൽ മുഖ്യമന്ത്രി ആകാനാണോ ശ്രമിക്കേണ്ടത്, അതോ എം.എൽ.എമാരെ സൃഷ്ടിക്കാനാണോ പരിഗണന വേണ്ടത്.
നേതാക്കള്‍ ഉള്‍പ്പെടെ ആരും ഭാവിയെക്കുറിച്ച് ഇപ്പോഴേ സങ്കടപ്പെടേണ്ട ആവശ്യമില്ല. ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജയിക്കണം.
നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്- യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ടത് പ്രവർത്തകരാണ്.
അത്തരം പ്രവർത്തകരുടെ തിരഞ്ഞെടുപ്പാണ് 2025 ൽ നടക്കാൻ പോകുന്നത്. അതുകൊണ്ടാണ് 2026 അവിടെ നിൽക്കട്ടെയെന്ന് എ.കെ ആന്റണി പറഞ്ഞത്.
2025 ൽ നല്ല വിജയമുണ്ടായാൽ 2026 ൽ അതൊരു പ്ലസ് പോയിന്റാവും. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി.എഫ് ജയിക്കുമെന്ന വികാരം സൃഷ്ടിക്കാനായി. അതുകൊണ്ട് ഇപ്പോൾ മികച്ച വിജയമാണ് ആവശ്യം.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ച് വരുന്ന എം.എൽ.എമാരുടെ ഹിതപരിശോധന നടത്തി മുഖ്യമന്ത്രിയെ ഹൈക്കമാന്റാണ് തീരുമാനിക്കുന്നത്.
ആര് വേണമെന്ന് നമ്മൾ ഇപ്പോൾ പറയേണ്ട കാര്യമില്ല. തെലുങ്കാനയിൽ ഹിതപരിശോധന നടത്താൻ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയവരിൽ ഒരാളായിരുന്നു ഞാൻ. അത്തരം നടപടിക്രമം നേരിട്ട് അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ.
?. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് താങ്കളടക്കമുള്ളവർ കരുതുന്നു. എന്നാൽ കെ. കരുണാകരൻ, ഏ.കെ ആന്റണി, ഉമ്മൻ ചാണ്ടി, ഏറ്റവും അവസാനം രമേശ് ചെന്നിത്തല വരെയുള്ള കാലഘട്ടത്തിൽ ഇത് നടന്നിട്ടില്ലേ ? ഇപ്പോൾ വി.ഡി സതീശന് മാത്രം തൊട്ടുകൂടായ്മയുണ്ടോ
സതീശന് ഒരു തൊട്ടുകൂടായ്മയുമില്ല. അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചുവരുന്നത് വരെയുള്ള ചുമതല പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അദ്ധ്യക്ഷനുമാണ്.
അവരുടെ നേതൃത്വത്തോടൊപ്പം തന്നെ ഒരു കൂട്ടായ്മ വേണം. അതിൽ ഞാനും രമേശും എം.എം ഹസനുമൊക്കെയുണ്ട്. ആ കൂട്ടായ്മയ്‌ക്കൊപ്പം മുന്നോട്ട് പോകണം. ബാക്കിയൊക്കെ എംഎല്‍എമാരും ഹൈക്കമാണ്ടും തീരുമാനിക്കട്ടെ.
?. സംസ്ഥാനത്ത് യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരണമെങ്കിൽ മുന്നണിയുടെ ജനകീയാടിത്തറ വീണ്ടും വിപുലീകരിക്കണം എന്ന നിലപാട് ആവർത്തിച്ചു പറയുന്ന നേതാവാണ് അങ്ങ്. കേരളാ കോൺഗ്രസ് (എം) ഉൾപ്പെടെയുള്ള പാർട്ടികളുടെ കാര്യത്തിൽ അവർക്ക് മടങ്ങിവരാനുള്ള ഒരു സാഹചര്യം മുന്നണിയിലുണ്ടെന്ന അഭിപ്രായമുണ്ടോ
യു.ഡി.എഫ് ഇക്കാര്യത്തിൽ വളരെ വിശാലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മുന്നണി വിട്ടവരൊക്കെ തിരിച്ചു വരണമെന്നാണ് അഭിപ്രായം.
ആരും മുന്നണിയുടെ കുറ്റം കൊണ്ട് പോയതല്ല. ആർ.ജെ.ഡിയോട് ഒരു തെറ്റും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
2016 ൽ അവർക്ക് നൽകിയ നിയമസഭാ സീറ്റ് നിർഭാഗ്യവശാൽ വിജയിക്കാത്ത സാഹചര്യമുണ്ടായി. എന്നാൽ അതിന് മുമ്പ് തന്നെ രാജ്യസഭാ സീറ്റ് വിരേന്ദ്രകുമാറിന് നൽകി.
അദ്ദേഹം പാലക്കാട് മത്സരിക്കുന്നതിന് ഞാൻ വ്യക്തിപരമായി എതിരായിരുന്നു. എന്നിട്ടും അദ്ദേഹത്തിനൊപ്പം ഞാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.
അവരും കേരള കോൺഗ്രസ് എമ്മും തിരികെ വരണം. ഇത്തരം ചർച്ചകളൊന്നും എല്ലാവരെയും അറിയിച്ചുകൊണ്ടല്ല നടത്തുന്നത്.
?. പട്ടം താണുപിള്ളയ്ക്ക് ശേഷം കോൺഗ്രസിൽ നിന്നും നായർ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. സദുദ്ദേശ്യപരമായും സാങ്കേതികമായും അത്തമൊരു പ്രസ്താവന ശരിയാണോ
അതിന് ശേഷം കെ.കരുണാകരൻ മുഖ്യമന്ത്രിയായിട്ടുണ്ട്. അദ്ദേഹം ജാതിയുടെ ബലത്തിലല്ല ഒരിക്കലും മുഖ്യമന്ത്രിയായിട്ടുള്ളത്.
ഭൗതികവാദിയായ എ.കെ ആന്റണി ജാതിയും മതവും നോക്കിയല്ല അതേ സ്ഥാനത്ത് വന്നത്. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ സമുദായത്തിന്റെ ബലം നോക്കിയിട്ടല്ല മുഖ്യമന്ത്രിയായത്.
അവരൊക്കെ പാർട്ടി പാരമ്പര്യവുമായി വന്നതാണ്. യുവജനരംഗത്തെ പ്രവർത്തനമാണ് രമേശിനെ ഉയർത്തിക്കൊണ്ട് വന്നത്. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശനും അങ്ങനെ വന്നതാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൻമാർ അവരവരുടെ കഴിവുപയോഗപ്പെടുത്തി വളർന്ന് വന്നതാണ്.
ആരുടെയെല്ലാം സഹായം കിട്ടിയാലും തിരഞ്ഞെടുപ്പിൽ അവനവന്റെ കഴിവും കൂടി നോക്കും. ഇവിടെ ജാതി പറയേണ്ട ആവശ്യമില്ല. പക്ഷേ സർക്കാരുണ്ടാക്കുമ്പോൾ സാമുദായിക സന്തുലനം ആവശ്യമാണ്. മുന്നോക്ക- പിന്നാക്ക സമുദായങ്ങൾ തമ്മിൽ സന്തുലനം ആവശ്യമാണ്.
?. മുമ്പ് നായർ എന്ന പേരിൽ തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്. ഇപ്പോൾ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എൻ.എസ്.എസിന്റെ 'പുത്രൻ' എന്നാണ് ചെന്നിത്തലയെ വിശേഷിപ്പിച്ചത്. അതൊരു ചാപ്പ കുത്തലല്ലേ
അവർക്ക് വളരെ വേണ്ടപ്പെട്ട ആളുകളെ കുറിച്ചൊക്കെ അവർ അങ്ങനെ പറയാറുണ്ട്. എൻ.എസ്.എസിന് ഏറ്റവും കൂടുതൽ ഇഷ്ടമുണ്ടായിരുന്നത് എ.കെ ആന്റണിയെയാണ്. അതിന് ശേഷം ഉമ്മൻ ചാണ്ടി. ഇപ്പോൾ പി.ജെ കുര്യനെ വലിയ കാര്യമാണ്.
എൻ.എസ്.എസ് ഉയർന്ന സമുദായത്തിന്റെ സംഘടനയാണെങ്കിലും വർഗീയ കക്ഷികളെ അവർ ഒരിക്കലും അങ്ങോട്ട് കയറ്റാറില്ല. മന്നം ജയന്തിയുടെ പൊതുസമ്മേളന ഉദ്ഘാടന ലിസ്റ്റ് പരിശോധിച്ചാൽ ഒരിക്കലും ഒരു ബി.ജെ.പിക്കാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തിട്ടില്ല.
ഒരിക്കൽ മാത്രം ശ്രീധരൻ പിള്ള പ്രാസംഗികരുടെ കൂട്ടത്തിലുണ്ടായിരുന്നു. മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തവരിൽ മഹാഭൂരിപക്ഷവും കോൺഗ്രസുകാരാണ്. അത് ഉദ്ഘാടനം ചെയ്യുന്നവരെ കുറിച്ച് നല്ല അഭിപ്രായങ്ങൾ പറയും. അതിനെ ബ്രാൻഡിങ്ങായി കാണേണ്ട.
?. ചെന്നിത്തല എൻ.എസ്.എസിൽ പോകുന്നു, വി.ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുമായി അടുക്കുന്നു. ഇതൊക്കെയുണ്ടായാൽ തിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്യുമെന്നാണോ
അങ്ങനെയല്ല. സംഘടനകളുടെ പരിപാടികളിൽ ക്ഷണിച്ചിട്ടാണ് അവർ പോകുന്നത്. അത് തെറ്റല്ല. മുഖ്യമന്ത്രിയെ ഒരു സംഘടന ക്ഷണിച്ചുവെന്ന് കരുതി അവരുടെ വോട്ട് മുഴുവൻ എൽ.ഡി.എഫിനല്ലല്ലോ. യു.ഡി.എഫിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
സതീശനും ചെന്നിത്തലയക്കും കിട്ടുന്ന ക്ഷണത്തെ പോസിറ്റീവായാണ് കാണുന്നത്. കോൺഗ്രസിൽ നിന്ന് സാമുദായിക സംഘടനകൾ അകലുന്നുവെന്ന പരാതി ഇപ്പോൾ ആർക്കുമില്ല. ആര് ആരുടെ പരിപാടിക്ക് പോയാലും അതിന്റെ ഗുണം കിട്ടുന്നത് പാർട്ടിക്കാണ്.
?. സാമുദായിക നേതൃത്വങ്ങളെ തൃപ്തിപ്പെടുത്തിയാലെ യു.ഡി.എഫിന് അധികാരത്തിൽ വരാൻ കഴിയൂ എന്നാണല്ലോ പറയുന്നത് ? മതമില്ല, സമുദായമില്ല, ദൈവമില്ല എന്ന് പരസ്യമായി പറയുന്ന തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിക്കുന്നത്. അവരെങ്ങനെയാണ് പിന്നെ ഇവരൊന്നുമില്ലാതെ തുടർച്ചയായി 10 വർഷം അധികാരത്തിലിരിക്കുന്നത്
അവരുടെ പാർട്ടിക്ക് കേഡർ സ്വഭാവമുണ്ട്. ഏതൊരു പ്രതിസന്ധിയെ നേരിടാനും അവർക്ക് സംവിധാനമുണ്ട്. കോൺഗ്രസ് പൂർണ്ണമായും ജനാധിപത്യ പാർട്ടിയാണ്. എല്ലാ സമുദായങ്ങളുടെയും സമന്വയമാണ് കോൺഗ്രസിന്റെ വിജയത്തിന്റെ പ്രധാന ഘടകം.
എന്നാൽ കോൺഗ്രസിൽ എല്ലാ വിഭാഗക്കാരുമുണ്ട്. എ.കെ ആന്റണിയും വി.ടി ബൽറാമും ദൃഡപ്രതിജ്ഞയാണ് എടുക്കുന്നത്. ഭൗതികവാദികൾക്കും കോൺഗ്രസിൽ സ്ഥാനമുണ്ട്. കേഡർ സംവിധാനത്തിന്റെ മെച്ചം കോൺഗ്രസിനില്ല. പാർട്ടിയെ കേഡർ സംവിധാനത്തിലാക്കാനും കഴിയില്ല.
?. ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പതിറ്റാണ്ടുകൾ യു.ഡി.എഫ് കൈയ്യിൽ വെച്ച പാലാ, കോന്നി , വട്ടിയൂർക്കാവ് മണ്ഡലങ്ങളും നിയമസഭയും പരാജയപ്പെട്ടു. ഇപ്പോൾ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നീ ഉപതിരഞ്ഞെടുപ്പുകൾ വിജയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി യു.ഡി.എഫ് വിജയിച്ചാൽ തുടർച്ചയായ വിജയങ്ങൾ നേടിയ വി.ഡി സതീശനെ മാറ്റി നിർത്തി തോല്‍വികളുടെ കാലത്തെ നേതാവിനെ മുഖ്യമന്ത്രിയാക്കുക പ്രായോഗികമാണോ
ഇതിൽ രണ്ട് സാഹചര്യങ്ങളും പരിശോധിക്കണം. രമേശ് ചെന്നിത്തലയുടെ കാലത്ത് ഭരണം തുടങ്ങി അതിന്റെ ദോഷവശങ്ങൾ പുറത്തേക്ക് വരുന്നതേയുള്ളൂ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എപ്പോഴും സംസ്ഥാനത്ത് കോൺഗ്രസിന് മെച്ചമുണ്ടാവാറുണ്ട്. 2004ലും 1967ലും ഒഴികെ എല്ലാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് സംസ്ഥാനത്ത് അനുകൂലം ഫലം ലഭിക്കാറുണ്ട്.
ഉപതിരഞ്ഞെടുപ്പുകൾ വന്നപ്പോൾ സ്ഥാനാർത്ഥി നിർണയത്തിലടക്കം അന്ന് പാളിച്ചയുണ്ടായി. മണ്ഡലത്തെ സ്വന്തം വീട് പോലെ പരിഗണിച്ച ഞാൻ വട്ടിയൂർക്കാവിൽ നിന്ന് മാറിയത് ജനങ്ങൾക്ക് ഇഷ്ടമായില്ല. പകരം വന്ന സ്ഥാനാർത്ഥി ചെറുപ്പക്കാരനും. ബി.ജെ.പിയുടേത് ദുർബല സ്ഥാനാർത്ഥിയായിരുന്നു.
എൽ.ഡി.എഫ് - യു.ഡി.എഫ് മത്സരത്തിൽ ഇടത് പക്ഷം ജയിച്ചു. കോന്നിയിലും ഇത് തന്നെ സംഭവിച്ചു. രണ്ടിടത്തും സ്ഥാനാർത്ഥി നിർണയത്തിൽ വിവാദമുണ്ടായി.
വട്ടിയൂർക്കാവിൽ ആദ്യം തീരുമാനിച്ച സ്ഥാനാർത്ഥിക്കെതിരെ ഒരു കൂട്ടമാളുകൾ വന്ന് കെ.പി.സി.സി ഓഫീസിൽ ബഹളമുണ്ടാക്കിയപ്പോൾ തന്നെ സംഭവം കഴിഞ്ഞു. അന്നത്തെ സാഹചര്യം അതായിരുന്നു.
ഇന്ന് അതായിരുന്നില്ല സ്ഥിതി. ഭരണവിരുദ്ധവികാരം കുറച്ച് കൂടി ശക്തമായപ്പോൾ ഫലം യു.ഡി.എഫിന് അനുകൂലമായി.
തൃക്കാക്കരയിൽ സി.പി.എം സ്ഥാനാർത്ഥി നിർണയം പാളി. സഭാ അദ്ധ്യക്ഷൻമാരുടെ പിന്തുണയോടെയാണ് സ്ഥാനാർത്ഥിയെന്ന് വന്നപ്പോൾ അതേ സഭയിൽ നിന്നുതന്നെ എതിർപ്പുയർന്നു.
ഉമ്മൻ ചാണ്ടി മരിച്ച് ഒരു മാസം കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്തു.
ഇതൊക്കെയാണെങ്കിലും ഇക്കഴിഞ്ഞ നാല് ഉപതിരഞ്ഞെടുപ്പുകളും നടത്താൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുന്നിട്ടിറങ്ങി. നല്ല കാര്യക്ഷമതയോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. എല്ലാവരും സഹകരിച്ചു. നല്ല ഫലം ലഭിച്ചു.
ചേലക്കരയിലും ഫലം അനുകൂലമാകുമായിരുന്നു. എന്നാൽ അവിടെ ഭരണവിരുദ്ധ വികാരം ചിതറി പോയി. അതുകൊണ്ടാണ് അൻവറിനോട് ഞങ്ങളുടെ പ്രവർത്തകർക്ക് പ്രയാസമുള്ളത്.
അൻവർ രമ്യ ഹരിദാസിനെതിരെ ഉന്നയിച്ച വിമർശനങ്ങൾ യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകൾ നഷ്ടപ്പെടുത്തി. പാലക്കാട് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നല്ല ഓളമായിരുന്നു.
വയനാട്ടിലും കൃത്യമായി പ്രവർത്തനം നടന്നു. ചേലക്കര പ്രചാരണം മികച്ച രീതിയിലായിരുന്നു. ഇത്രയും കഷ്ടപ്പെട്ടിട്ട് അതിനുള്ള മെച്ചം അവിടെ ഉണ്ടായില്ല.
അൻവർ എതിർത്ത പിണറായിക്ക് തന്നെ അവിടെ മെച്ചമുണ്ടായി. അവിടെ പരാജയപ്പെട്ടിരുന്നുവെങ്കിൽ സർക്കാരിന്റെ പണി തീർന്നേനെ.
?. ഒരു കാലത്ത് ഗ്രൂപ്പുകളുടെ ആളായിരുന്നു താങ്കൾ. ഇപ്പോൾ ഗ്രൂപ്പിനെതിരും. ഒരു പരിധിവരെ കേരളത്തിലെ ഗ്രൂപ്പുകൾ ഇല്ലാതായി എന്ന് വിശ്വസിക്കുന്നുണ്ടോ ? അതോ അൽപം ഗ്രൂപ്പൊക്കെയാകാം എന്നാണോ
പണ്ട് കാലത്തേ കോൺഗ്രസിൽ ഗ്രൂപ്പുണ്ടായിരുന്നു. അതിന്റെ ദോഷം പാർട്ടി അനുഭവിച്ചു. തിരു-കൊച്ചിയിൽ ഓരോ സർക്കാരും തകർന്നത് ഒരോ ലോബിയുടെ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു. ക്രിസ്ത്യൻ ലോബി, നായർ ലോബി, പിന്നാക്ക ലോബിയൊക്ക അന്നുണ്ടായിരുന്നു.
ഇങ്ങനെയുള്ള ഏറ്റുമുട്ടലിന്റെ ഫലമായാണ് 1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്നത്. അടുത്ത കാലത്ത് ഒരു ലേഖനം ഞാൻ വായിച്ചു.
1957ൽ കോൺഗ്രസിനെ തോൽപ്പിച്ചതാണ്, അല്ലാതെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിച്ചതല്ല എന്നാണ് അതിൽ പറയുന്നത്.
എന്നാൽ എ.കെ ആന്റണിയുടെയും കെ.കരുണാകരന്റെയും ഗ്രൂപ്പ് ഇത്തരത്തിലുള്ളതല്ല. അത് വ്യത്യസ്ത ശൈലികളായിരുന്നു.
കെ.കരുണാകരന്റേത് പ്രായോഗിക രാഷ്ട്രീയത്തിന്റെ ശൈലി, ആന്റണിയുടേത് ആദർശത്തിന്റെ ശൈലി. ഇത് രണ്ടും സമന്വയിച്ച് പോകുമായിരുന്നു.
അതുകൊണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമായിരുന്നു. രണ്ട് ഗ്രൂപ്പുകളും സദുദ്ദേശ്യപരമായിരുന്നു. കേരളത്തിൽ ഇനി കുട്ടുകക്ഷി ഭരണമേ നടക്കൂയെന്ന് കരുണാകരനാണ് പറഞ്ഞത്.
മുസ്ലീം ലീഗിനെ സിപി.എം സർക്കാരിൽ പങ്കാളിയാക്കി. 1960ൽ കോൺഗ്രസ് പങ്കാളിത്തം നൽകിയില്ല. അന്ന് കെ.കരുണാകരൻ ഭരണപങ്കാളിത്തമടക്കമുള്ള സംവിധാനത്തിലേക്ക് കോൺഗ്രസിനെ നയിച്ചു.
എ.കെ ആന്റണിക്ക് ആദർശം ഘടകമായിരുന്നു. ആന്റണിയുടെ ആദർശവും കെ.കരുണാകരന്റെ പ്രായോഗികതയും ഇഷ്ടപ്പെടുന്നവർ രണ്ട് ഭാഗത്തുമുണ്ടായിരുന്നു.
രണ്ട് നേതാക്കൾക്കും കോൺഗ്രസ് ജയിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. അന്നത് ഗുണമായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി.
നിലവിലുള്ളത് ചിലർക്ക് ചിലരെ കണ്ടുകൂടാത്തതിന്റെ പേരിൽ വന്ന ഗ്രൂപ്പുകളാണ്. അത് പാർട്ടിക്ക് ഗുണം ചെയ്യില്ല.
?. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവി അങ്ങയെ നിരാശപ്പെടുത്തിയോ ? ഇനി മത്സരിക്കാനില്ല എന്ന് പോലും അങ്ങ് പറഞ്ഞിരുന്നല്ലോ ? അതൊക്കെ വികാരപരമായി പറഞ്ഞതാണോ, അതോ ഉറപ്പിച്ചാണോ
രണ്ട് കാരണങ്ങളുണ്ട്. വ്യക്തമായി കാരണങ്ങളെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞില്ലെന്നതാണ് പരാജയത്തിലെ പ്രയാസം.
വടകരയിൽ ജയിക്കുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ തൃശ്ശൂരിലേക്ക് മാറിക്കൂടെ എന്ന് പാർട്ടി ചോദിച്ചപ്പോൾ വിമുഖത പ്രകടിപ്പിക്കാതെ മാറി.
എന്നാൽ അവിടുത്തെ സാഹചര്യം മനസിലാക്കേണ്ടതായിരുന്നു. അത് ആലോചിക്കാൻ സമയം കിട്ടിയില്ല. 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കേണ്ടി വന്നു. അത് നെഗറ്റീവാകുമ്പോൾ നിരാശയില്ലെന്ന് പറയാനാവില്ല.
ജയിക്കേണ്ട സ്ഥാനത്ത് പരാജയം വിലയ്ക്ക് വാങ്ങിയെന്ന വികാരമാണ് എനിക്കുണ്ടായത്. തുടർച്ചയായുള്ള മത്സരം കാരണമുണ്ടാവുന്ന സാമ്പത്തിക ബാധ്യത പ്രധാന ഘടകമായിരുന്നു.
ഇപ്പോഴും മത്സരിക്കാനുള്ള ആഗ്രഹം എനിക്കില്ല. നാലരക്കൊല്ലം കഴിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ അന്നത്തെ സാഹചര്യം നോക്കി തീരുമാനമെടുക്കാം എന്ന ധാരണയിലാണ് ഇപ്പോഴും നിൽക്കുന്നത്.
എന്റെ പ്രവർത്തനം വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. അതിന്റെയർത്ഥം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നല്ല. വട്ടിയൂർക്കാവിനെ എന്റെ കുടുംബമായാണ് കണക്കാക്കുന്നത്.
?. പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്നു, പിന്നീട് തിരുത്തുന്നുവെന്ന ആക്ഷേപമാണ് താങ്കൾക്കെതിരെ ഉള്ളത്. അങ്ങയെപ്പോലെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തൊക്കെയിരുന്നയാൾ ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് ഉചിതമാണോ
ചില സന്ദർഭങ്ങളിൽ ചിലർക്ക് ഓരോ ശൈലിയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഞാൻ ഒഴിയാം, പക്ഷേ എന്റെ ശൈലി ഞാൻ മാറ്റില്ല എന്നാണ് കെ. കരുണാകരൻ ഒരിക്കൽ പറഞ്ഞിട്ടുള്ളത്. ഞാൻ ശൈലി മാറ്റില്ല എന്ന് പറയുന്നില്ല. എന്നാൽ ചില കാര്യങ്ങളിൽ ഞാൻ അഭിപ്രായം തുറന്ന് പറയാറുണ്ട്.
ചിലപ്പോൾ വൈകാരികമാകുമായിരിക്കാം. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ അതൊരിക്കലും പബ്ലിസിറ്റി കിട്ടാൻ വേണ്ടിട്ടല്ലെന്ന് എനിക്ക് തറപ്പിച്ച് പറയാനാവും.
ഞാനെന്ത് പറഞ്ഞാലും മാദ്ധ്യമങ്ങളിൽ വാർത്ത വരും. അങ്ങനെ വാർത്ത വരാൻ വേണ്ടി അഭിപ്രായം പറയാറില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യമാണ് ഞാൻ പറയാറുള്ളത്.
?. തൃശ്ശൂർ മണ്ഡലത്തെ ചുറ്റിപ്പറ്റി ഉയർന്ന സി.പി.എം - ബി.ജെ.പി ഡീലെന്ന ആരോപണത്തിൽ രാഷ്ട്രീയത്തിനപ്പുറം യാഥാർത്ഥ്യമുണ്ടോ
ദത്താത്രേയ ഹെസബാളെയും എ.ഡി.ജി.പി എം.ആർ അജിത് കുമാറുമായുള്ള ആശയവിനിമയവും പിന്നിട് പ്രകാശ് ജാവ്‌ദേക്കറും ഇ.പി ജയരാജനുമായുള്ള ആശയവിനിമയത്തിലും ഡീലുണ്ട്.
ഞങ്ങൾക്ക് ഏതെങ്കിലും സീറ്റ് ജയിക്കണമെന്ന് ജാവ്‌ദേക്കർ പറഞ്ഞുവെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെപിക്ക് കേരളത്തിൽ സീറ്റ് വേണം. കാരണം തമിഴ്‌നാട്ടിൽ നിന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. ആന്ധ്രയിലും തെലുങ്കാനയിലും പ്രതീക്ഷയുണ്ടായിരുന്നു.
അപ്പോൾ കേരളം കൂടി കിട്ടിക്കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ പ്രബല കക്ഷിയായി മാറാമെന്ന ധാരണയിലാണ് ഒരു വർഷം മുമ്പ് ബി.ജെ.പി ഓപ്പറേഷൻ തുടങ്ങിയത്.
അതിൽ അവർക്ക് വീണ് കിട്ടിയ അവസരമാണ് തൃശ്ശൂർ പൂരം. പൂരത്തിന്റെ സ്ഥാനത്ത് ആറ്റുകാൽ പൊങ്കലയായിരുന്നുവെങ്കിൽ അത് കലക്കിയിട്ട് അന്ന് രാജീവ് ചന്ദ്രശേഖർ ജയിക്കുമായിരുന്നു.
എന്നാൽ പൂരമാണ് കലക്കാനായത് അതിന്റെ മെച്ചത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. അത് ഡീൽ തന്നെയാണ്. എൽ.ഡിഎഫ് സ്ഥാനാർത്ഥി സുനിൽകുമാറും ഏതാണ്ട് സമ്മതിച്ചിട്ടുള്ള കാര്യമാണത്.
?. നിലവിൽ കെ.മുരളീധരൻ എന്ന രാഷ്ട്രീയ നേതാവിനെ കേരള രാഷ്ട്രീയം അടയാളപ്പെടുത്തുന്നത് എങ്ങനെയാണ്. അങ്ങയുടെ വീക്ഷണത്തിൽ
അത് ഭാവി കേരളം തീരുമാനിക്കേണ്ട കാര്യമാണ്. എന്നെക്കുറിച്ച് നന്നായി മാത്രം അടയാളപ്പെടുത്തണമെന്ന് ഞാൻ വിചാരിച്ചാൽ പോരല്ലോ.
എന്റെ പ്രവർത്തനങ്ങളിലെ ശരിതെറ്റുകൾ ഏതൊക്കെയാണ്, അതിന്റെ മുഴുവൻ ഫലം എന്തായിരുന്നുവെന്ന് ഇത് വിലയിരുത്തുന്ന ആളുകളാണ് തീരുമാനിക്കേണ്ടത്.
?. രണ്ടു പതിറ്റാണ്ടു മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ഒരാളാണ് താങ്കൾ. താങ്കളുടെ 'പ്രസിഡണ്ട് കാലം' പാർട്ടിയുടെ സുവർണ കാലഘട്ടം ആയിരുന്നെന്ന് ഇപ്പൊഴും രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ പറയുന്നു. ഒരിക്കൽകൂടി ആ കസേരയിൽ ഇരിക്കണമെന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടോ
ഇനി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ നിലവില്‍ താൽപര്യമില്ല. അന്നത്തെ ഒരു കാലഘട്ടമല്ല ഇന്നുള്ളത്.
പാർട്ടിയെ കുറെക്കൂടി നന്നായി ചലിപ്പിക്കാൻ കഴിയുന്ന പുതിയ ആളുകൾ വരണമെന്ന അഭിപ്രായമാണുള്ളത്. ഇപ്പോൾ തലമുറമാറ്റം നടക്കുകയാണ്.
രണ്ടരക്കൊല്ലം കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പാർട്ടിക്ക് ആസ്ഥാനമുണ്ടാക്കി. ഓരോ അദ്ധ്യക്ഷൻമാരും അവരവരുടെ വിഹിതങ്ങൾ പാർട്ടിക്ക് നൽകി.
ഞാനും രമേശും കുറഞ്ഞ കാലത്തേക്കെങ്കിലും ഹസനും അദ്ധ്യക്ഷൻമാരായിരുന്നു. ഇനി പുതിയ ആളുകൾ വരട്ടെ.
?. അന്ന് കെ.പി.സി.സി പ്രസിഡണ്ട് പദവി ഒഴിയേണ്ടി വന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചതിൽ ഇപ്പോൾ ദുഖം തോന്നാറുണ്ടോ
ഒഴിയേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് തന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. പാർട്ടിയിൽ തിരിച്ചു വന്ന ശേഷം ദോഹയിൽ നടന്ന പ്രവാസി കോൺഗ്രസിന്റെ യോഗത്തിലാണ് ആദ്യമായി പങ്കെടുക്കുന്നത്. അതിൽ ഞാൻ പറഞ്ഞതിങ്ങനെയാണ്.
'ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന നമ്മുക്ക് വഴിതെറ്റിപ്പോയി. വീണ്ടും ഹൈവേയിലേക്ക് കയറണമെങ്കിൽ ഒരുപാട് വളവും തിരിവുമുള്ള റോഡുകളിലൂടെ സഞ്ചരിക്കണം. വഴിതെറ്റിയപ്പോൾ തിരിച്ചു കയറാൻ ഒരുപാട് കറക്കമൊക്കെ വേണ്ടി വന്നുവെന്നതാണ് യാഥാർത്ഥ്യം' (ചിരിക്കുന്നു)
?. നേമത്ത് മത്സരിച്ച ശേഷം ബി.ജെ.പി അങ്ങയോട് വൈര്യനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. അവർ ഇനിയും മുന്നോട്ട് വെയ്ക്കുന്ന ഭീഷണിയെ അങ്ങ് എങ്ങനെ നേരിടും ? ഇപ്പോൾ വട്ടിയൂർക്കാവിൽ രാജീവ് ചന്ദ്രശേഖർ അങ്ങേയ്‌ക്കെതിരെ മത്സരിക്കാൻ വരുന്നു എന്നതാണ് പുതിയ അഭ്യൂഹമുള്ളത്
രാജീവ് ചന്ദ്രശേഖറിനെ ചെറുതായി കാണുന്നില്ല. അദ്ദേഹം ഇന്ത്യൻ പാർലമെന്റിലൊക്കെ പ്രവർത്തിച്ചയാളാണ്.
പക്ഷേ ഒരു കാര്യം മനസിലാക്കണം. പ്രോട്ടോക്കോളിന് താഴേക്ക് വരും തോറും ഉത്തരവാദിത്വങ്ങൾ വർധിക്കും. വട്ടിയൂർക്കാവിൽ നിന്ന് എം.എൽ.എയായപ്പോൾ മണ്ഡലത്തിൽ മുഴുവൻ സമയവും ചിലവഴിച്ചയാളാണ് ഞാൻ.
ഔദ്യോഗിക സ്ഥാനങ്ങളില്ലാതെ ഇപ്പോൾ വെറുതെ ഇരിക്കുമ്പോൾ പോലും അവിടുത്തെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറുണ്ട്.
അവിടെയുള്ള എല്ലാ കുടുംബങ്ങളുമായും എനിക്ക് ബന്ധമുണ്ട്. കാരണം ഒരു കുടുംബത്തിൽ മരണം നടന്നാൽ ഞാൻ എന്തായാലും പോയിരിക്കും.
എം.പിയായിരുന്നപ്പോഴും ആഴ്ച്ചയിൽ രണ്ട് ദിവസം വട്ടിയൂര്‍ക്കാവില്‍ വന്ന് വീടുകൾ സന്ദർശിച്ചിരുന്നു. ജനങ്ങളുമായി എനിക്ക് നേരിട്ട് ബന്ധമുണ്ട്.
അതുകൊണ്ട് തന്നെ ഏത് 'ബിഗ് ഷോട്ട് 'വന്നാലും കുഴപ്പമില്ല. അവർക്കൊരിക്കലും അങ്ങനെ ഇടപെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പാർട്ടിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഞാൻ നേമത്ത് മത്സരിച്ചത്. 2016ൽ ബി.ജെ.പി നേമത്ത് ജയിച്ചപ്പോൾ നിയമസഭയിൽ ഒ.രാജഗോപാലിനെ ചൂണ്ടി ഇദ്ദേഹം എങ്ങനെ വന്നുവെന്നും നിങ്ങളുടെ മുമ്പത്തെ വോട്ടുകൾ എവിടെ പോയെന്നുമാണ് പിണറായി ചോദിച്ചത്.
നേമത്ത് മത്സരിക്കുമ്പോൾ അവിടുത്തെ സാഹചര്യം എനിക്കറിയാമായിരുന്നു. അവിടെ മുമ്പ് അടിത്തറയുണ്ടായിരുന്നു. എന്നാൽ അവിടെ അടിത്തറയില്ലാത്ത ഘടകകക്ഷിക്കാണ് അന്ന് സീറ്റ് നൽകിയത്.
മലബാറിൽ അവർക്ക് അടിത്തറയുണ്ട്. അങ്ങനെയുള്ള അവർക്ക് സീറ്റ് നൽകിയപ്പോൾ കോൺ്രഗസിന്റെ കുറെ വോട്ടുകൾ അപ്പോൾ തന്നെ ബി.ജെ.പിക്ക് പോയി.
അങ്ങനെയാണ് 2011ൽ വട്ടിയൂർക്കാവിൽ 13000 വോട്ട് മാത്രം ബി.ജെ.പിക്ക് കിട്ടിയപ്പോൾ നേമത്ത് അന്ന് 43000 വോട്ട് അവർ നേടിയത്.
2021ൽ നേമത്ത് യു.ഡി.എഫ് ശക്തമായ മത്സരം കാഴ്ച്ചവെച്ചില്ലായിരുന്നുവെങ്കില്‍ അത് മറ്റ് മണ്ഡലങ്ങളെ ബാധിച്ചേനെ.
നേമം സ്ഥിരമായി ബി.ജെ.പിക്ക് വിട്ടുകൊടുത്തിട്ട് ബാക്കി സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്നുവെന്ന ദുഷ്‌പേര് യു.ഡി.എഫിന് വന്നേനെ. അതുകൊണ്ടാണ് അന്ന് ഉമ്മൻ ചാണ്ടി, രമേശ് എന്നിവർ മത്സരിക്കണമെന്ന ആവശ്യമുയർന്നത്.
ആര് മത്സരിച്ചാലും അവിടെ തോൽക്കുമായിരുന്നു. അവർ നിയമസഭയ്ക്ക് പുറത്ത് നിൽക്കേണ്ട സാഹചര്യവുമുണ്ടാകും. എന്നാൽ പാർലമെന്റംഗമായ ഞാൻ മത്സരിക്കുമ്പോൾ അവിടെ മറ്റൊന്നും നോക്കാനില്ല.
കിട്ടിയാൽ ബോണസായിരുന്നു. പക്ഷേ അന്നത്തെ കോവിഡിന്റെ സാഹചര്യമാണ് സത്യത്തിൽ യു.ഡി.എഫിനെ തോൽപ്പിച്ചത്. അല്ലാതെ ആരുടെയും കുറ്റമായിരുന്നില്ല.
?. സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ച കോൺഗ്രസിനെ ഭയപ്പെടുത്തുന്നുണ്ടോ ? ബി.ജെ.പിയെ പിന്നിലാക്കാൻ വേണ്ട ശേഷി ഇപ്പോഴും കോൺഗ്രസിനുണ്ടെന്ന് പറയാനാവുമോ
കോൺഗ്രസിന് പ്രതീക്ഷയുണ്ട്. ബിജെ.പി അങ്ങനെ വല്ലാത്ത ഭീഷണിയായി വളർന്നിട്ടില്ല. പക്ഷേ പല സമുദായങ്ങളിലേക്കും കടന്നുകയറാൻ അവർ ശ്രമിക്കുന്നുണ്ട്.
ബിജെപിയോടുള്ള തൊട്ടുകൂടായ്മ ചില സമുദായങ്ങളിൽ മാറിയിട്ടുണ്ട്. അത് ഗൗരവത്തിൽ കാണണം. എന്നാൽ ഭയപ്പാടുണ്ടാവേണ്ട കാര്യമില്ല.
?. ബി.ജെ.പിയിൽ പോയിട്ടും അങ്ങയുടെ സഹോദരി പത്മജ നിരന്തരം കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങളിൽ പാർട്ടിയെ വിമർശിക്കുന്നു
കോൺഗ്രസിൽ നിന്നു പോകുമ്പോൾ പാർട്ടിയെ വിമർശിക്കണമല്ലോ. രണ്ട് തവണ മത്സരിക്കാൻ പാർട്ടി സീറ്റ് കൊടുത്തു. കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ നൽകി. രാഷ്ട്രീയകാര്യ സമിതിയംഗമായി. അങ്ങനെ കോൺഗ്രസ് അവർക്ക് ഒരുപാട് അവസരം നൽകി.
ബി.ജെ.പിയിൽ ചേർന്നിട്ടും അവർക്ക് ഒന്നും കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പിൽ കാല് വാരിയെന്ന് അവർ ഉന്നയിക്കുന്ന ആരോപണം ശരിയാണ്. മുമ്പും അങ്ങനെ പലർക്ക് നേരെയും ഉണ്ടായിട്ടുണ്ട്.
?. ബി.ജെ.പിയിൽ പോകും മുൻപ് പത്മജ താങ്കളോട് ആശയവിനിമയം നടത്തിയിരുന്നോ ? സഹോദരിയുടെ പാർട്ടി മാറ്റം കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടോ
അവരുടെ പാർട്ടി മാറ്റത്തിന് ശേഷം കുടുംബത്തിലെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും പരസ്പരം നോക്കാറില്ല. പാർട്ടി വിട്ടു പോകുന്നതിനെ കുറിച്ച് ആശയവിനിമയവും നടത്തിയിട്ടില്ല. പാർട്ടി ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ബി.ജെ.പിയിൽ ചേക്കേറിയത് ശരിയായില്ല.
അങ്ങനെ കോൺഗ്രസിനെ കുറിച്ച് വിരുദ്ധാഭിപ്രായമുണ്ടെങ്കിൽ നേരെത്ത പോകാമായിരുന്നു. അല്ലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമാവാമായിരുന്നു.
പക്ഷേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിർണായകഘട്ടത്തിൽ എടുത്ത നിലപാട് പാർട്ടിക്ക് പ്രയാസമുണ്ടാക്കി. അത് കൊണ്ടാണ് ഞാൻ തൃശ്ശൂർക്ക് മാറിയത്.
?. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി സതീശന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു. പ്രതിപക്ഷത്തിന്റെ പ്രവർത്തനം സഭയ്ക്കകത്തും പുറത്തും ഫലപ്രദമാണെന്ന് പറയാനാവുമോ
സഭയ്ക്കത്താണ് പ്രതിപക്ഷനേതാവിന് റോളുള്ളത്, പുറത്ത് പാർട്ടിക്കുമാണ്. മുമ്പ് കെ.കരുണാകരൻ ഒമ്പത് പേരുടെ നേതാവായിരുന്നപ്പോൾ അദ്ദേഹം സഭയ്ക്കുള്ളിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പുറത്ത് പാർട്ടി പ്രവർത്തിച്ചു. ഇപ്പോഴും സഭയ്ക്ക് പുറത്ത് പാർട്ടി അത് നടത്തുന്നുണ്ട്. ഇല്ലെന്ന് പറയാനാവില്ല.
10 വർഷമായി പ്രതിപക്ഷത്താണ്. അതുകൊണ്ട് 'വെജിറ്റേറിയൻ' സമരമാണ് പാർട്ടി നടത്തുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ജനങ്ങൾ അക്രമം ഇഷ്ടപ്പെടുന്നില്ല.
പിണറായി സർക്കാരിന് എതിരായ വികാരം നിലനിൽക്കുന്നത് പ്രതിപക്ഷം അക്രമാസക്തമായ സമരമാർഗത്തിലേക്ക് നീങ്ങാത്തത് കൊണ്ട് കൂടിയാണ്.
ബസിന് തീയിടുന്നത് പോലെയുള്ള സമരമാർഗങ്ങളിലേക്ക് നീങ്ങിയാൽ സമരവിരുദ്ധ വികാരം ഞങ്ങൾക്കെതിരായി രൂപപ്പെടും.
രണ്ട് വിരുദ്ധ വികാരങ്ങൾ ഏറ്റുമുട്ടുമ്പോൾ ഭരണകക്ഷിക്ക് വീണ്ടും മുൻഗണന ലഭിക്കും. അതുകൊണ്ട് അക്രമ സമരത്തിലേക്ക് തിരിയാതിരുന്ന പാർട്ടി നിലപാടിനെ ശരിവെയ്ക്കുന്നയാളാണ് ഞാൻ.
?. പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം തന്നെ മുൻകൂട്ടി അറിയിക്കാത്തത് വേദനയുണ്ടാക്കിയെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. അത്തരം പ്രസ്താവന ശരിയാണോ
കഴിഞ്ഞ തവണ നടന്ന മാറ്റത്തിന് മുമ്പ് എം.എൽ.എമാരുടെയും എം.പിമാരുടെയും അഭിപ്രായമെടുത്തിരുന്നു. ഞാൻ വ്യക്തിപരമായി അവരെ കാണാൻ പോയിരുന്നില്ല.
എന്ത് തീരുമാനമായാലും പാർട്ടി ദേശീയ നേതൃത്വം എടുത്തോട്ടെ എന്നുള്ള അഭിപ്രായമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാൽ അന്ന് നിരീക്ഷകനകനായി എത്തിയ മല്ലികാർജുന ഖാർഗെ എന്നെ ഫോണിൽ വിളിച്ചിരുന്നു.
മാറ്റം വരുത്തുകയാണെങ്കിൽ മൊത്തത്തിൽ മാറ്റം വരണമെന്നാണ് ഞാൻ പറഞ്ഞത്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പേരിലാണ് ഒരാളെ മാറ്റുന്നതെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷനെക്കൂടി മാറ്റണം എന്നാണ് പറഞ്ഞത്.
അത് തന്റെ ഉത്തരവാദിത്വത്തിൽ പെടുന്ന കാര്യമല്ലെന്നും പാർലമെന്ററി പാർട്ടി ലീഡറുടെ തിരഞ്ഞെടുപ്പ് മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നും ഖാർഗെ പറഞ്ഞു.
എന്നാൽ എന്റെ അഭി്രപായം ഇങ്ങനെ രേഖപ്പെടുത്തിയാൽ മതിയെന്ന് ഞാൻ അറിയിച്ചു. അങ്ങനെ അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് പാർലമെന്ററി പാർട്ടി ലീഡറായി സതീശൻ വരുന്നത്.
നിലവിലെ സ്ഥിതിയിൽ നിന്ന് മാറ്റം വേണമെന്ന അഭിപ്രായം എം.എൽ.എമാരുടെ കൂട്ടത്തിൽ നിന്നും ഉണ്ടായെന്നാണ് ഞാൻ മനസിലാക്കുന്നത്.
അല്ലാതെ ഹൈക്കമാന്റ് നേരിട്ട് രമേശിനെ മാറ്റിയെന്ന് ഞാൻ കരുതുന്നില്ല. ഏകപക്ഷീയമായി രമേശിനെ മാറ്റാനുള്ള ധാരണയിലല്ല നിരീക്ഷകർ ഇവിടെ വന്നത്.
?. അന്നുമിന്നും പ്രതിപക്ഷനേതാവ് സ്ഥാനത്തിന് അർഹനാണെന്ന തോന്നൽ കെ.മുരളീധരന് ഉണ്ടായിട്ടുണ്ടോ? അങ്ങനെ പരിഗണിക്കാത്തതിൽ വേദന തോന്നിയിരുന്നോ
എനിക്കങ്ങനെ വേദന തോന്നിയിട്ടില്ല. കാരണം ഞാൻ തിരിച്ചെത്തിയ ശേഷം പാർട്ടി എനിക്ക് രണ്ട് തവണ സീറ്റ് നൽകി. ഞാൻ ജയിച്ചു. എന്നാൽ ജയിച്ചു വന്നപ്പോൾ എന്നെ ക്യാബിനറ്റിൽ ഉൾപ്പെടുത്താത്തതിൽ എനിക്ക് പ്രയാസമുണ്ടായിരുന്നു.
മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയാണ് ഞാൻ. പാർട്ടിയിൽ തിരിച്ചെത്തിയ ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചയാളാണ് ഞാൻ.
എന്നെക്കാൾ ജൂനിയറായ ആളുകളെ മന്ത്രിമാരാക്കിയപ്പോൾ എനിക്ക് പ്രയാസമുണ്ടായിരുന്നു. മൂന്നാം നിരയിലേക്ക് എന്നെ മാറ്റിയിരുത്തി.
ഞാൻ അവരുടെയൊക്കെ പിന്നിലാണ് ഇരുന്നത്. എന്റെ പ്രയാസം ഞാൻ ആരോടും പറഞ്ഞിട്ടില്ല. ആരോടും ആക്ഷേപവുമുണ്ടായിട്ടില്ല. എന്നെ പാർട്ടി ഏൽപ്പിച്ച ജോലി ഞാൻ ചെയ്തു.
ഭരണപക്ഷത്ത് ഇരുന്നപ്പോൾ അവസാനത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നന്ദിപ്രമേയം ഞാനാണ് അവതരിപ്പിച്ചത്. പ്രതിപക്ഷം കൂട്ട ബഹളമുണ്ടാക്കിയപ്പോഴും ഞാൻ പ്രസംഗം നടത്തി. പ്രതിപക്ഷ നേതാവാക്കാത്തതിൽ പ്രയാസം തോന്നിയിട്ടില്ല.
?. പാർട്ടിയിൽ എല്ലാവരുമായും കൂടിയാലോചനകൾ നടത്തിയാണോ ഇപ്പോൾ തീരുമാനങ്ങളെടുക്കുന്നത്
ഇപ്പോൾ കൂടിയാലോചനകൾ നടക്കുന്നുണ്ട്. കാരണം 19 ന് നടക്കുന്ന യോഗത്തിന്റെ കാര്യങ്ങൾ നേരിട്ട് തന്നെ സംസാരിച്ചിരുന്നു. മുമ്പ് കൂടിയാലോചനകൾ ഉണ്ടായിരുന്നില്ല എന്നത് യാഥാർത്ഥ്യമായിരുന്നു.
?. എൽ.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ അൻവർ ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററാണ്. യു.ഡി.എഫിൽ അദ്ദേഹത്തിന് അംഗത്വം നൽകുമോ
അൻവർ കോൺ്രഗസിലേക്കാണ് വരണമെന്ന് പറഞ്ഞിരുന്നതെങ്കിൽ പാർട്ടി തീരുമാനിച്ചാൽ മതിയായിരുന്നു.
അൻവർ ഒരു പ്രാദേശിക പാർട്ടി ഉണ്ടാക്കിയാണ് വന്നതെങ്കിൽ പാർട്ടിയും മുന്നണിയുമായി ആലോചിച്ച് വേഗത്തിൽ തീരുമാനത്തിലെത്താമായിരുന്നു. അദ്ദേഹം ചേർന്നത് തൃണമൂൽ കോൺഗ്രസിലാണ് എന്നതാണ് ഇവിടെ പ്രധാന പ്രശ്‌നം.
തൃണമൂൽ കോൺഗ്രസ് സാങ്കേതികമായി പറഞ്ഞാൽ ഇന്ത്യാ സഖ്യത്തിെനാപ്പമാണ്. പക്ഷേ ബംഗാളിൽ പോലും അവർ കോൺഗ്രസിനെ അടുപ്പിക്കുന്നില്ല.
ജയിച്ച ഞങ്ങളുടെ ഏക എം.എൽ.എയെ പാർട്ടി മാറ്റി. പാർലമെന്ററി പാർട്ടി നേതാവായിരുന്ന അധീർ രഞ്ജൻ ചൗധരിയെ തോൽപ്പിക്കാൻ പ്രത്യേക താൽപര്യമെടുത്തു.
കോൺഗ്രസിന്റെ വോട്ട് ബാങ്കിലാണ് മമത ബാനർജി കളിക്കുന്നത്. അതുകൊണ്ടാണ് അവരെ ഉൾക്കൊള്ളാൻ പ്രയാസം. ഇവിടെ അൻവറിനെയല്ല ഞങ്ങൾക്ക് പ്രയാസം.
എന്ന് കരുതി ഞങ്ങൾ വാതിലടച്ചിട്ടില്ല. ചർച്ച നടക്കുന്നുണ്ട്. ഞങ്ങൾ ആരെയും കൈവിടില്ല. അതൊരു യാഥാർത്ഥ്യമാണ്.
?. അൻവർ മറ്റൊരു പി.സി ജോർജ്ജാകുമെന്ന് അങ്ങ് കരുതുന്നുണ്ടോ ? മുന്നണിയുടെ ചട്ടക്കൂടിൽ അദ്ദേഹത്തെ ഒതുക്കി നിർത്താനാവുമോ
അങ്ങനെ ഭയമൊന്നുമില്ല. അൻവറല്ല ആരാണെങ്കിലും മുന്നണിയുടെ ചട്ടക്കൂടിൽ നിൽക്കണം. യു.ഡി.എഫിൽ വന്നാൽ മുന്നണിയുടെ ചട്ടക്കൂടിനുള്ളിൽ അദ്ദേഹം നിൽക്കേണ്ടി വരും.
?. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം യു.ഡി.എഫിന് നിർണായകമല്ലെ. മുൻ എം.എൽ.എമാരടക്കമുള്ള മുതിർന്ന നേതാക്കൾ ഇക്കുറി മത്സരിക്കണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉണ്ടല്ലോ ? മുന്നണി മുതിർന്ന നേതാക്കളെ ഇറക്കി കോർപ്പറേഷൻ പിടിക്കണം എന്നാണോ അഭിപ്രായം
ഡി.സി.സി യോഗത്തിൽ ഓരോ സീനിയർ നേതാക്കൾക്കും 10 വാർഡിന്റെ വീതം ചുമതലയാണ് നൽകിയിട്ടുള്ളത്.
ഞാൻ, വി.എസ് ശിവകുമാർ, എം.എം ഹസൻ അങ്ങനെ എല്ലാവർക്കും ചുമതല നൽകിയിട്ടുണ്ട്. കോർപ്പറേഷന്റെ മുഴുവൻ ചുമതല വിഷ്ണുനാഥിനാണ് നൽകിയിട്ടുള്ളത്. ഞങ്ങൾ ഒരു ടീമായി അതിന്റെ കൂടെ തന്നെ ഉണ്ടാവും.
കോർപ്പറേഷനിലെ നൂറ് സീറ്റിലേക്കും വേണ്ട സംവിധാനങ്ങൾ ഞങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ ഗൗരവമായി തന്നെയാണ് കാണുന്നത്. മുതിർന്ന നേതാക്കളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ബി.ജെ.പിയുടെയും എൽ.ഡി.എഫിന്റെയും മേയർ സ്ഥാനാർത്ഥി ആരാണെന്ന് പരിശോധിച്ച ശേഷം വേണ്ടിവന്നാൽ യു.ഡി.എഫ് അക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കും.
2010ൽ കോഴിക്കോട് കോർപ്പറേഷനിൽ മുൻമന്ത്രിയായിരുന്ന എം.ടി പത്മയെ മേയർ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അന്ന് കൂടുതൽ ഗുണം കിട്ടി. കൂട്ടിച്ചേർത്ത നാല് സീറ്റ് കൈവിട്ടില്ലായിരുന്നുവെങ്കിൽ അന്ന് കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുത്തേനെ.
-അരവിന്ദ് ബാബു