/sathyam/media/media_files/nnCUj6r7kMz8rnz5yIqp.jpg)
അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെയാകുമായിരുന്നു' 'ഇങ്ങനെ ആയിരുന്നെങ്കിൽ അങ്ങനെ ആകുമായിരുന്നു' തുടങ്ങിയ വ്യർഥ മൊഴികളാൽ സമ്പന്നമാണ് നമ്മുടെ ജീവിതം.
സംഭവാമി യുഗേ യുഗേ എന്നാണ് ഗീതയുടെ പൊരുൾ. അൽഹംദുലില്ലാഹി അലാ കുല്ലി ഹാൽ; ഏതവസ്ഥയിലും ഉടയതമ്പുരാനെ നിനക്ക് നന്ദി. എന്ന് വിശ്വാസികളുടെ ചുണ്ടുകളിൽ എപ്പോഴും നിറഞ്ഞു നിൽക്കണമെന്നാണ് പ്രവാചകപ്പൊരുൾ.
സുഖത്തിലും ദുഃഖത്തിലും മനസ്സിനെ തണുപ്പിക്കാൻ ആ മാന്ത്രിക വാക്കുകൾക്ക് പറ്റും. നിരാരാശയുടെ ഗഹ്വരമല്ല, പ്രതീക്ഷയുടെ അംബരം തന്നെയാണ് മനോഹരം എന്നാണ് അതിൻറെ സാരം.
ഒരുപാട് ചെറുതും വലുതുമായ കർമ്മങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഓരോ ദിനങ്ങളും. അതിൽ അനുഭവിച്ചതും ആഘോഷിച്ചതും മോഹിച്ചതും എല്ലാം അത്രമേൽ സൗന്ദര്യം ഉള്ളതാവണമെന്നില്ല.
എങ്കിലും സന്തോഷത്തിൻ്റെ കാലിഡോസ്കോപ്പിലൂടെ ഒന്നുകൂടി കാഴ്ചകളെ തിരിച്ചെടുക്കാൻ ശ്രമിച്ചു നോക്കൂ. എത്ര മനോഹരമായിരുന്നു പിന്നിട്ട ഓരോ നിമിഷങ്ങളും എന്ന് നമ്മൾ അറിയാതെ ആത്മഗതം ചെയ്യും. ദൈവമേ നിനക്ക് സ്തുതി !!
ചുട്ടുപൊള്ളുന്ന മരുപ്പറമ്പിലും കാൽപാദങ്ങളിൽ രക്തം പൊടിഞ്ഞ് വേച്ചു വേച്ചു നടന്നുനീങ്ങുമ്പോഴും വസന്തത്തെപ്പറ്റി കിനാവ് കാണാൻ മനുഷ്യനേ പറ്റൂ. പ്രതീക്ഷയുടെ ആകാശത്തിന് അതിരുകളില്ല എന്ന് നമ്മൾ സ്വയംപറഞ്ഞു ശീലിക്കണം.
റമദാൻ മാസം ഏറെ വിശിഷ്ടമാണ് ഓരോ ജനപഥങ്ങളെയും, അത്രമേൽ വിശുദ്ധരാക്കാൻ പോന്ന മഹത്തായ സമ്മാനം ഒളിപ്പിച്ചുവെച്ച അപൂർവമായ ആത്മീയ നിധി ആകാശത്തിൽ നിന്നും മാലാഖമാർ മണ്ണിൽ ഇറക്കിവെക്കുന്ന മഹാത്ഭുതം സംഭവിക്കുന്ന ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ
ലൈലത്തുൽ ഖദർ ഈ മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റയൊറ്റ രാവുകളിൽ സംഭവിക്കുമെന്ന് വിശുദ്ധ വേദ ഗ്രന്ഥം നമ്മെ ഉണർത്തിയിട്ടുണ്ട്.
83 വർഷം മുഴുവൻ ആരാധനകളിൽ മുഴുകാൻ ഒരാൾക്ക് ഭാഗ്യം ലഭിച്ചാൽ എത്ര പുണ്യമാണോ അയാൾ കരസ്ഥമാക്കുക അത്രയും മഹാപുണ്യം ഒരൊറ്റ രാവിൻറെ ദൈർഘ്യം കൊണ്ട് കരഗതമാക്കാൻ വിശ്വാസികൾക്ക് പറ്റും എന്നതാണ് ഈ രാവിൻറെ മഹത്വം.
അങ്ങനെ എല്ലാ ഭൂതകാല നിരാശയും ഒറ്റ രാവിൻറെ പുണ്യത്തിൽ അലിഞ്ഞില്ലാതെയാകും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിത സാഫല്യം ലൈലത്തുൽ ഖദർ എന്ന ഒറ്റ ബിന്ദുവിൽ പൂർണ്ണത പ്രാപിക്കുന്നു.
ഓരോ റമദാനും നമ്മെ ഓർമ്മപ്പെടുത്തുന്നത് നമ്മുടെ ജീവിതത്തെ നന്മകൾ കൊണ്ട് ആഘോഷമാക്കണം എന്ന് തന്നെയാണ്. പുണ്യങ്ങളുടെ വസന്തകാലം ജീവിതപ്പുസ്തകത്തിൽ എഴുതിച്ചേർക്കാൻ കിട്ടുന്ന അപൂർവ്വാവവസരമാണ് ഓരോ റമദാനും. മനുഷ്യൻ ആത്മീയതയും ഭൗതികതയും ചേർത്ത് കുഴച്ചുണ്ടാക്കിയ ഒരു പ്രത്യേക സൃഷ്ടിപ്പാണ്.
ജീവിതം എന്നാൽ പൂർണ്ണതയുടെ ഒറ്റ വരി കവിതയല്ല ചില അപൂർണ്ണതകൾ അതിന് അനിവാര്യമാണ്. എങ്കില പരലോകത്തിന് / സ്വർഗനരകങ്ങൾക്ക് സാധ്യതയും സാധുതയും ഉള്ളൂ. വികലാംഗർ,ഭിന്നശേഷിക്കാർ, മാരക രോഗികൾ,പരമദരിദ്രർ അങ്ങനെ പലവിധ പരീക്ഷണങ്ങളിൽ ജീവിക്കുന്നവരെ ലൗകികതയുടെ കണ്ണിൽ മാത്രം നോക്കിയാൽ അവർ അനുഭവിക്കുന്ന ജീവിതം ഒരു കൊടും ശിക്ഷ തന്നെയാണെന്ന് ഉറപ്പിച്ചു പറയാനാവും.
ഇത്തരം അനുഭവങ്ങളിൽ കുടുങ്ങി ഒടുങ്ങിപ്പോകുന്നതാണ് ജീവിതമെങ്കിൽ അതായിരിക്കും മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ അനീതി. നീതിമാനായ ദൈവം തമ്പുരാൻ തൻറെ സൃഷ്ടികളെ അനീതിയുടെ കടലിൽ മുക്കി കളയുമെന്ന് ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ.
മനുഷ്യരോട് തരിമ്പ് പോലും അനീതി കാണിക്കാത്ത ഈ ലോകത്തെ മുഴുവൻ ചൂഴ്ന്ന് നിൽക്കുന്ന സർവ്വാതിശായിയായ ജഗന്നിയന്താവ് നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കുക തന്നെ ചെയ്യും.
റമദാനിൽ വിശ്വാസികൾ നാഥന് മുന്നിൽ, ഭക്ത്യാദരങ്ങളോടെ വണങ്ങി വഴങ്ങി നിൽക്കുന്നതിന്റെ ആന്തരിക ശക്തി പരലോകം വിജയിപ്പിക്കണേ എന്ന ഉത്കടമായ ആഗ്രഹമല്ലാതെ മറ്റെന്താണ്.
കൈക്കുമ്പിളിലെ മുത്തുരത്നങ്ങളിലേക്ക് നോക്കാതെ വിദൂരതയിലെ മാരിവില്ലിനെ പിടിക്കാൻ ശ്രമിക്കും പോലുള്ള വിഡ്ഡിത്തം തുടരാതെ എന്തുമാത്രം അനുഗ്രഹങ്ങളുടെ പൂരമാണ് നമ്മുടെ ഒറ്റ ശരീരത്തിൽ മാത്രം പടച്ചതമ്പുരാൻ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്ന് കാണാനുള്ള ഉൾക്കണ്ണ് ഈ റമദാനിലൂടെ നമുക്ക് ലഭിച്ചാൽ നമ്മൾ തന്നെയായിരിക്കും ഏറ്റവും വലിയ ഭാഗ്യവാന്മാർ.
ആകാശങ്ങൾ അതിലെ നക്ഷത്രങ്ങൾ, പൂവുകൾ, പൂമ്പാറ്റകൾ, ഇതൊക്കെ ചേർന്ന വർണ്ണ ലോകത്തെ നോക്കി ആഹ്ലാദിക്കുകയല്ലാതെ ഇരുട്ടിനെ പഴിച്ച് സ്വയം ചുരുങ്ങിപ്പോകരുത് എന്നാണ് ഓരോ റമദാൻ്റെ പകലിരവുകളും വിശ്വാസികളെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.