തൃശ്ശൂര്‍: വാഹനപരിശോധനയ്ക്കിടെ ആഡംബര വാഹനത്തിന്റെ ഡിക്കി തുറന്നപ്പോള്‍ കിട്ടിയത് 375 കുപ്പി വിദേശമദ്യം. ഡിക്കി തുറക്കാനാകുന്നില്ലെന്ന അഭിനയം വകവയ്ക്കാതെ പോലീസ് മെക്കാനിക്കിനെ കൊണ്ടുവന്ന് തുറക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് ഗോവിന്ദാപുരം ഇമ്പിച്ചമ്മു വീട്ടില്‍ മുബാസ് (33) പോലീസിന്റെ പിടിയിലായി.
സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഓണത്തിന്റെ ഭാഗമായി നടന്ന വാഹനപരിശോധനയ്ക്കിടെ അശ്വനി ജങ്ഷനില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഡിക്കിയുടെ ലോക്ക് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇയാള്‍ പോലീസുകാരോട് പറഞ്ഞിരുന്നത്. മെക്കാനിക്കെത്തി ഡിക്കി തുറന്നപ്പോള്‍ മുന്തിയ ഇനം വിദേശമദ്യം വാഹനത്തില്‍ കണ്ടെത്തി.
ലഹരി കടത്തിയതിന് കോഴിക്കോട്, വടകര, ചാലക്കുടി, ചാവക്കാട് സ്റ്റേഷനുകളില്‍ മുബാസിന്റെ പേരില്‍ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ബ്രൗണ്‍ഷുഗര്‍ കടത്തിയതും മദ്യം കടത്തിയതുമെല്ലാം ഇതില്‍പ്പെടും.
അന്വേഷണസംഘത്തില്‍ ഈസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശരത് സോമന്‍, എം.ആര്‍. അരുണ്‍കുമാര്‍, ജില്ലാ ലഹരിവിരുദ്ധസേന സബ് ഇന്‍സ്‌പെക്ടര്‍മാരുമായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. സുദേവ്, പഴനിസ്വാമി, സുഹൈല്‍, ലികേഷ്, വിപിന്‍, എസ്. സുജിത്ത്, എസ്. ശരത്ത്, കെ.കെ. ആഷിഷ്, ആര്‍. രഞ്ജു എന്നിവരാണ് ഉണ്ടായിരുന്നത്.