ഉത്തരകാശിയില്‍ തുരങ്കത്തിനുളളില്‍ കുടുങ്ങിയ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഏഴാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവര്‍ത്തനം കാര്യമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ ഡ്രില്ലിംഗ് മെഷീനിലേക്ക് വീണ്ടും തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി. 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്. അഞ്ചാമത്തെ ട്യൂബ് തുരങ്കത്തിനുള്ളിലേക്ക് കടത്തുന്നതിനിടയില്‍, അവശിഷ്ടങ്ങള്‍ മെഷീന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. നേരത്തെയും സമാനമായ രീതിയില്‍ അവശിഷ്ടങ്ങള്‍ ഇടിഞ്ഞ് വീണിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ഇനിയും വൈകിപ്പിക്കാനാണ് സാധ്യത.
എന്നാല്‍ ഡ്രില്ലിംഗിനുപയോഗിക്കുന്ന അമേരിക്കന്‍ ഓഗര്‍ മെഷീനില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 'ആകെ 24 മീറ്റര്‍, അതില്‍ 22 മീറ്ററും തുരന്നു ... ഞങ്ങള്‍ മറ്റൊരു മാര്‍ഗവും നോക്കുന്നുണ്ട്, ജോലി തടസ്സമില്ലാതെ തുടരുന്നുണ്ട്... ടണല്‍ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷു മനീഷ് ഖുല്‍ക്കോ പറഞ്ഞു. ദുര്‍ബലമായ ഭൂപ്രദേശമായതിനാല്‍ ടീമിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കഠിനമായ ഒരു പദാര്‍ത്ഥത്തിന്റെ സാന്നിധ്യം കാരണമാണ് ഇന്നലെ ഡ്രില്ലിംഗ് പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തിവച്ച്ത്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താന്‍ ഏകദേശം 45 മുതല്‍ 60 മീറ്റര്‍ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. മണിക്കൂറില്‍ 5 മീറ്റര്‍ എന്ന രീതിയിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മുന്‍പ് ഉണ്ടായിരുന്ന മെഷീന്റെ ശേഷിയേക്കാള്‍ കൂടുതലാണ്.
തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി തുടര്‍ച്ചയായ ആശയവിനിമയം നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്‌സിജനും നല്‍കുന്നു. വോക്കി-ടോക്കികള്‍ വഴി രക്ഷാപ്രവര്‍ത്തകരുമായി അവര്‍ ബന്ധപ്പെടുന്നുണ്ട്. കൂടാതെ തുരങ്കത്തിന് സമീപം മെഡിക്കല്‍ അടിസ്ഥാന സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ ആശുപത്രികളും സജ്ജമാണ്.
മുന്‍ ഡ്രില്‍ മെഷീന്‍ തകരാറിലായതോടെയാണ് നൂതന ഡ്രില്ലിങ് ഉപകരണങ്ങള്‍ ഉപയോഗിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് പുതിയ ഡ്രില്ലിംഗ് മെഷീനുകള്‍ എത്തിച്ചത്. സമാനമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള നോര്‍വേ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായും ഭരണകൂടം ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം കേന്ദ്രമന്ത്രി വികെ സിംഗ് സംഭവസ്ഥലം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന എല്ലാ വ്യക്തികളെയും രക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. 'എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരികയാണ്. തൊഴിലാളികളുടെ സുരക്ഷയാണ് പരമപ്രധാനം. ഞങ്ങള്‍ അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു.'- അദ്ദേഹം പറഞ്ഞു.
എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫസര്‍ അര്‍നോള്‍ഡ് ഡിക്സ് ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. ''അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ലെങ്കില്‍, എല്ലാ അംഗരാജ്യങ്ങള്‍ക്കും വേണ്ടി സഹായം വാഗ്ദാനം ചെയ്യാന്‍ ഞാന്‍ ഇന്ത്യയിലേക്ക് എത്തും. ലോകത്തെ മുന്‍നിര തുരങ്ക രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങള്‍ ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്, 40 ജീവനുകള്‍ അപകടത്തിലാണ്.'- അദ്ദേഹം പറഞ്ഞു. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മ്മാണം നടക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്.