/sathyam/media/media_files/bepNcCbLeab79pHydRUK.webp)
താനെ: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ ഹൃദയാഘാതംമൂലം മരണത്തിനു കീഴടങ്ങി മധ്യവയസ്‌കൻ. മഹാരാഷ്ട്രയിലെ താനെയിലാണു ദാരുണസംഭവം. ദിലീപ് സാൽവി(56) ആണ് ഭാര്യ പ്രമീളയെ(51) കൊലപ്പെടുത്തി നിമിഷങ്ങൾക്കകം മരണത്തിനു കീഴടങ്ങിയത്.
വെള്ളിയാഴ്ച രാത്രി 10.15ന് താനെയിലെ കൽവയ്ക്കടുത്തുള്ള കുംഭർ അലിയിലാണു സംഭവം. ഇവിടെ യശ്വന്ത് നിവാസ് എന്ന പേരിലുള്ള ഫ്‌ളാറ്റിലാണ് ദിലീപ് കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രി വീട്ടിലെത്തിയ ശേഷം ഒരു വിഷയത്തിന്റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കൈയിലുണ്ടായിരുന്ന റിവോൾവറെടുത്ത് രണ്ടു തവണ നിറയൊഴിച്ചത്. സംഭവസ്ഥലത്തു വച്ചു തന്നെ പ്രമീള മരിക്കുകയും ചെയ്തു.
എന്നാൽ, സംഭവത്തിനു പിന്നാലെ ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു മരണവും സംഭവിച്ചു. ദിലീപ് തോക്ക് കൈയിലെടുത്തപ്പോൾ തന്നെ പ്രമീള മകനെ ഫോണിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ, മകൻ സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചു.
കൊലയ്ക്കു പിന്നിലുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കൽവയിലെ പ്രബല കുടുംബത്തിലെ അംഗമാണ് ദിലീപെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് സജീവമാണ് ഇയാൾ. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഗണേഷ് ഗൗഡെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.