മണിപ്പൂ‍രിലെ കൂട്ടബലാത്സംഗ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മണിപ്പൂരില്‍ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ ദൃശ്യങ്ങളിന്മേല്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

New Update
supreme court

ഇംഫാൽ: മണിപ്പൂരില്‍ സമാധാനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുക്കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരില്‍ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ ദൃശ്യങ്ങളിന്മേല്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Advertisment

കേസില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും മണിപ്പൂരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാര്‍ശയും കോടതിയെ ഇന്ന് അറിയിക്കും. സമാധാനത്തിനായി സ്വീകരിച്ച നടപടികളും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വിശദീകരിക്കും.

ഹ‍ർജികൾ ജൂലൈ 28ന് വാദം കേൾക്കേണ്ടതായിരുന്നു എന്നാൽ ചീഫ് ജസ്റ്റിസിന് ആരോഗ്യ പ്രശ്നങ്ങൾ കാരണം മാറ്റിവെക്കുകയായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ശുപാർശ നൽകിയെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ആറ് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കണം. ഇതിന് സുപ്രീംകോടതി അനുവദിക്കണം. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പ്രതിനിധി സംഘം മണിപ്പൂരിലെ ഗവ‍ർണറെ സന്ദർശിച്ചു. മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് 'ഇന്ത്യ' എംപിമാരുടെ സംഘം ഗവർണർ അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം. നിലവിൽ ക്യാമ്പിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചർച്ച നടത്തണമെന്നും പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ'യുടെ പ്രതിനിധികൾ പറഞ്ഞു.

manipur
Advertisment