/sathyam/media/media_files/VQaICZSYYvKIptvYZDsq.jpg)
ചണ്ഡീ​ഗഡ്: ഹരിയാനയിലെ ​ഗുരു​ഗ്രാമിലുണ്ടായ സംഘർഷത്തിൽ രണ്ടു ഹോംഗാർഡുകളുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ​ഗുരു​ഗ്രാമിലെ ഒരു പളളിക്ക് നേരെയുണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഗുരുഗ്രാം സെക്ടർ 57 ലെ ഒരു മുസ്ലീം പള്ളിക്ക് നേരെയാണ് 45 ഓളം പേരടങ്ങുന്ന ജനക്കൂട്ടം വെടിയുതിർത്തത്. പളളി തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
പുലർച്ചെ ഒരു മണിയോട് അടുത്താണ് പളളിക്ക് നേരെ ആക്രമണമുണ്ടായത്. ജനക്കൂട്ടം പള്ളിക്ക് നേരെ കല്ലെറിയുകയും ഒന്നിലധികം റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. സംഘത്തിലെ ചില അംഗങ്ങൾ പള്ളിയിലേക്ക് പ്രവേശിച്ച് അവിടെയുണ്ടായിരുന്നവരെ അക്രമിച്ചു. പിന്നീട് പളളിക്ക് തീവെച്ചുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര ഗുരുഗ്രാം-ആൾവാർ ദേശീയപാതയിൽ ഒരു സംഘം യുവാക്കൾ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അക്രമികൾ നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാക്കിയിട്ടുണ്ട്.
ബജ്‌റംഗ്ദൾ പ്രവർത്തകൻ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ബജ്‌റംഗ്ദൾ അംഗം മോനു മനേസറും കൂട്ടാളികളുമാണ് വീഡിയോ പ്രചരിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. യാത്രയ്ക്കിടെ മേവാത്തിൽ തങ്ങുമെന്ന് മോനു മനേസർ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് മോനു മനേസറിനെതിരെ പ്രദേശത്ത് എതിർപ്പ് നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.
സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും താൻ അഭ്യർത്ഥിക്കുന്നു. ഒരു കാരണവശാലും കുറ്റവാളികളെ വെറുതെ വിടില്ല. അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മനോഹർ ലാൽ ഖട്ടർ ട്വീറ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us