ബാബരി മസ്ജിദിന്റെ പേരില്ല; പകരം എന്‍സിഇആര്‍ടി പുസ്തകത്തില്‍ ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കി. രാമജന്മഭൂമിയില്‍ നിര്‍മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്.

author-image
shafeek cm
New Update
babari ncert.jpg

ന്യൂഡല്‍ഹി: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പാഠഭാഗത്തില്‍ നിന്ന് പള്ളിയുടെ പേര് ഒഴിവാക്കി എന്‍സിഇആര്‍ടി പുസ്തകം. പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കി പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

Advertisment

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കി. രാമജന്മഭൂമിയില്‍ നിര്‍മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നുവെന്നും ചേര്‍ത്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി എന്നായിരുന്നു പഴയ പാഠഭാഗം.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്‍സിഇആര്‍ടി അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.

ഗുജറാത്തിലെ സോമനാഥില്‍നിന്ന് അയോധ്യ വരെ ബി.ജെ.പി നടത്തിയ രഥയാത്ര, കര്‍സേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പൊളിറ്റിക്‌സ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്ജിദായി പരിവര്‍ത്തിപ്പിക്കപ്പെട്ടതാണെന്ന ആരോപണമുന്നയിച്ച് 1992ല്‍ ഹിന്ദു തീവ്രവാദികളാണ് ബാബരി മസ്ജിദ് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തത്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇത് കാരണമായിരുന്നു.

babari masjid
Advertisment