/sathyam/media/media_files/oj60SIopHc5ZkrfGnh6F.jpg)
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ മദ്യ നിരോധനത്തിന്റെ ആഘാതം പഠിക്കാന്‍ പുതിയ സര്‍വേ നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പാണ് ബിഹാറില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. ലഹരിക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ 'നശമുക്തി ദിവസ്' എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് നിതീഷ് ഇക്കാര്യം സൂചിപ്പിച്ചത്. ലഹരിക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റ് പൊതുപ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കുന്നതിനായി എല്ലാ വര്‍ഷവും ആചരിക്കുന്ന പരിപാടിയാണിത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ്, മദ്യവിരുദ്ധനാകാന്‍ കാരണമായ തന്റെ ആദ്യകാല അനുഭവങ്ങള്‍ അനുസ്മരിച്ചു. 'ഞാന്‍ കുട്ടിക്കാലം ചിലവഴിച്ച സ്ഥലം ദുരാചാരങ്ങളില്‍ നിന്ന് മുക്തമായിരുന്നു. ഞാന്‍ എഞ്ചിനീയറിംഗ് ബിരുദം പഠിക്കാന്‍ പട്നയില്‍ വന്നപ്പോള്‍, തന്റെ അയല്‍പക്കത്ത് താമസിച്ചിരുന്നയാള്‍ മദ്യപിച്ച് ശല്യം ചെയ്യുമായിരുന്നു.'- നിതീഷ് പറഞ്ഞു. 1970-കളില്‍ മുഖ്യമന്ത്രിയായിരുന്ന തന്റെ ഉപദേഷ്ടാവ് കര്‍പ്പൂരി ഠാക്കൂറിന്റെ ഭരണത്തിന്‍ കീഴിലുള്ള മദ്യ നിരോധനത്തോടെയുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളും അദ്ദേഹം വിവരിച്ചു.
'എന്നാല്‍ ആ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനിന്നില്ല, തുടര്‍ന്നുള്ള ഭരണം മദ്യനിരോധനം റദ്ദാക്കി. ഉന്നതരും ശക്തരുമായ പലരുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് ഞങ്ങള്‍ 2016 ഏപ്രിലില്‍ വീണ്ടും നിരോധന നടപടി ആരംഭിച്ചു. 2018 ല്‍ നടത്തിയ ഒരു സര്‍വേയില്‍ മികച്ച പ്രതികരണമാണ് നേടിയത്. സര്‍വേ പ്രകാരം, ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ആളുകള്‍ മദ്യം വാങ്ങാന്‍ ഉപയോഗിക്കുന്നു, ആളുകള്‍ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവരുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വേണ്ടി ചിലവഴിക്കുന്ന പണത്തെക്കാള്‍ മദ്യത്തിനായി ചിലവഴിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്ന മാരകമായ റോഡപകടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്.'- നിതീഷ് പറഞ്ഞു.
'നിരോധനത്തിന്റെ ആഘാതത്തെക്കുറിച്ച് വ്യക്തമായ കണക്ക് നല്‍കുന്ന ഒരു പുതിയ സര്‍വേ പരിഗണിക്കാന്‍ ഞാന്‍ ഇവിടെയുള്ള ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ആ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ഞങ്ങള്‍ പുതിയ നടപടികള്‍ അവതരിപ്പിക്കും. എന്നാല്‍ ഞാന്‍ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്നിടത്തോളം കാലം നിരോധനം മദ്യ നിരോധനം തുടരും.''- നിതീഷ് വ്യക്തമാക്കി.
അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിഹാറിലെ ജാതി സര്‍വേ പുറത്തുവിട്ടത്. സംസ്ഥാനത്തെ 215 പട്ടികജാതികള്‍, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍, പിന്നാക്ക വിഭാഗത്തിലെ അതി ദരിദ്രര്‍ എന്നിവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്നതാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും പ്രതിമാസ വരുമാനം 6,000 രൂപയോ അതില്‍ കുറവോ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പട്ടികജാതി വിഭാഗത്തിലുള്ള 42 ശതമാനത്തിലധികം കുടുംബങ്ങളും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ള 25 ശതമാനം പേരും ദരിദ്രരാണ്. കൂടാതെ ബിഹാറിലെ പട്ടികവര്‍ഗ കുടുംബങ്ങളില്‍ 42.70 ശതമാനവും ദരിദ്രരാണ്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 33.16 ശതമാനവും, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 33.58 ശതമാനം പേരും അതി ദരിദ്രരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഹാറിലെ ഏറ്റവും വലിയ ഭൂവുടമസ്ഥ ജാതി എന്ന് കരുതുന്ന ഭൂമിഹാറുകളിലും ദാരിദ്ര്യ അനുപാതം (27.58) ഉയര്‍ന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us