മഞ്ഞില്‍ പുതഞ്ഞ ഓര്‍മകള്‍ക്ക് 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പ്; 1968ലെ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികനടക്കം നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇന്ത്യൻ വ്യോമസേനയുടെ എഎൻ-12 വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 56 വര്‍ഷത്തിന് ശേഷം കണ്ടെത്തി

New Update
AN-12 aircraft

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എഎൻ-12 വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 56 വര്‍ഷത്തിന് ശേഷം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ, മൽഖാൻ സിംഗ്, ശിപായി നാരായൺ സിംഗ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനായിട്ടില്ല.

Advertisment

ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യൻ ആർമിയിലെ ഡോഗ്ര സ്‌കൗട്ട്‌സ്, തിരംഗ മൗണ്ടൻ റെസ്‌ക്യൂ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മഞ്ഞുമൂടിയ പ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

102 പേരുമായി 1968 ഫെബ്രുവരി 7 ന് ചണ്ഡീഗഡിൽ നിന്ന് ലേയിലേക്ക് പറക്കുന്നതിനിടെ  ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കാണാതാവുകയായിരുന്നു. അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ പർവതാരോഹകർ 2003ൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയിരുന്നു.

2005, 2006, 2013, 2019 വർഷങ്ങളിൽ ദോഗ്ര സ്‌കൗട്ട്‌സ് തിരച്ചില്‍ ദൗത്യം ഊര്‍ജ്ജിതമാക്കി. പ്രതികൂല സാഹചര്യങ്ങളായിരുന്നു ദൗത്യത്തിലെ വെല്ലുവിളി.  2019ലെ തിരച്ചിലിൽ 5 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍  കണ്ടെടുത്തിരുന്നു. ഔദ്യോഗിക രേഖകളുടെ സഹായത്തോടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞത്.

തോമസ് ചെറിയാന്‍

ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് – ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്നു തോമസ് ചെറിയാന്‍. അപകടം നടന്ന അന്ന് 22 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

കെ.കെ. രാജപ്പൻ, എസ്. ഭാസ്കരൻ പിള്ള, പി.എസ്. ജോസഫ്, ബി.എം. തോമസ്, കെ.പി. പണിക്കർ എന്നീ മലയാളികളും അന്ന് വിമാനത്തിലുണ്ടായിരുന്നു.

Advertisment