കൊൽക്കത്ത: അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി കാഴ്ചവച്ച മോശം പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പശ്ചിമ ബംഗാള്‍ പിസിസി യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വം അധിര്‍ രഞ്ജൻ ചൗധരിയുടെ രാജി സ്വീകരിച്ചോയെന്ന് വ്യക്തമല്ല. മുർഷിദാബാദിലെ ബഹരംപൂർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ പാർട്ടി ലോക്‌സഭാ എംപിയായ അധീർ ചൗധരിയെ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ പരാജയപ്പെടുത്തിയിരുന്നു.
തൃണമൂലുമായുള്ള പാർട്ടിയുടെ ബന്ധത്തെച്ചൊല്ലി പാർട്ടിയുടെ ഹൈക്കമാൻഡുമായുള്ള ചൗധരിയുടെ അഭിപ്രായവ്യത്യാസങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു അധീർ കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്. അധീറിന്റെ രാജി നേതൃത്വം അംഗീകരിച്ചാല്‍ ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാ അംഗമായ ഇഷാ ഖാൻ ചൗധരി അധ്യക്ഷസ്ഥാനത്തെത്താനാണ് സാധ്യത.