/sathyam/media/media_files/2026/01/28/agathy-2026-01-28-15-35-29.jpg)
കവരത്തി: ലക്ഷദ്വീപിലെ തന്ത്രപ്രധാനമായ അഗത്തി ദ്വീപിന്റെ തെക്ക് ഭാഗത്ത് ഇന്ത്യൻ വ്യോമസേനയുടെ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തുടക്കം കുറിച്ചു. ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
അഗത്തിയിലെ വിമാനത്താവളത്തിന് അനുബന്ധമായി ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ആകെ 1,52,760 ചതുരശ്ര മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ 'ഫോർവേഡ്/ഫീൽഡ് ബേസ് സപ്പോർട്ട് യൂണിറ്റുകൾ' സ്ഥാപിക്കുന്നതിനാണ് ഈ സ്ഥലം ഉപയോഗിക്കുക.
ഏകദേശം 145 പ്ലോട്ടുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മേഖലയിലെ സുരക്ഷാ നിരീക്ഷണം ശക്തമാക്കുക, വ്യോമസേനയുടെ ദ്രുതവിന്യാസം ഉറപ്പാക്കുക, വിഭവങ്ങളുടെ സംഭരണത്തിനും സേനാംഗങ്ങളുടെ താമസത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കളക്ടർ ശിവം ചന്ദ്ര ഐഎഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള സാമൂഹിക ആഘാത പഠനം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ 'സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് ആൻഡ് കൺസെന്റ് സൊസൈറ്റി'യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭൂവുടമകളുടെ പരാതികൾ കേൾക്കുന്നതിനായി പബ്ലിക് ഹിയറിംഗും ഗ്രാമസഭകളുമായുള്ള ചർച്ചകളും വരും ദിവസങ്ങളിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us