മണിപ്പൂരിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് കേന്ദ്രം, സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ; ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിന്‌ മെയ്തേയ്, കുക്കി സമുദായങ്ങളുമായി സർക്കാർ ചർച്ചകൾ നടത്തി വരികയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

New Update
amit shah speakingg

ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിന്‌ മെയ്തേയ്, കുക്കി സമുദായങ്ങളുമായി സർക്കാർ ചർച്ചകൾ നടത്തി വരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.

Advertisment

കഴിഞ്ഞയാഴ്ച നടന്ന മൂന്ന് ദിവസത്തെ അക്രമസംഭവങ്ങൾ ഒഴികെ, കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം മോദി സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

"ഞങ്ങൾ കുക്കി, മെയ്തേയ് ഗ്രൂപ്പുകളുമായി സംസാരിക്കുകയാണ്. ഞങ്ങൾ ഒരു റോഡ് മാപ്പ് തയ്യാറാക്കി. സമാധാനം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും"-അദ്ദേഹം പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ എൻ. ബിരേൻ സിംഗിനെ മാറ്റുമെന്ന ഊഹാപോഹങ്ങൾ അമിത് ഷാ നിഷേധിച്ചു.

ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വിടവുകളാണ് പ്രശ്‌നം. നുഴഞ്ഞുക്കയറ്റമാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണം. 1500 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയിൽ സർക്കാർ വേലി കെട്ടാൻ തുടങ്ങി. 30 കിലോമീറ്റർ ഇതിനകം പൂർത്തിയാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന 1,500 കിലോമീറ്റർ ദൂരത്തിനുള്ള ബജറ്റിന് അംഗീകാരം ലഭിച്ചെന്നും അമിത് ഷാ അറിയിച്ചു.

അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് രേഖകളില്ലാതെ 16 കിലോമീറ്റർ ദൂരത്തേക്ക് പരസ്പരം കടക്കാൻ അനുവദിക്കുന്ന ഇന്ത്യ-മ്യാൻമർ ഫ്രീ മൂവ്‌മെൻ്റ് റെജിം (എഫ്എംആർ) റദ്ദാക്കിയതും ഷാ എടുത്തുപറഞ്ഞു. ഇപ്പോൾ ഒരു വിസ ഉപയോഗിച്ച് മാത്രമേ ആളുകൾക്ക് പരസ്പരം പ്രദേശത്തേക്ക് കടക്കാൻ കഴിയൂ.

മണിപ്പൂരിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ കേന്ദ്ര റിസർവ് പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ സുരക്ഷാ ഇൻഫ്രാസ്ട്രക്ചറിലെ നിരവധി വീഴ്ചകൾ സർക്കാർ പരിഹരിച്ചിട്ടുണ്ടെന്നും സാഹചര്യം നേരിടാൻ റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Advertisment