ന്യൂഡൽഹി: കോൺഗ്രസ് പരിപാടികളിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ നിശബ്ദത പാലിച്ചതെന്നും അമിത് ഷാ ചോദിച്ചു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയും സംസാരിക്കാറുണ്ടെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നതാണ് വസ്തുതയെന്നും ഹരിയാനയിലെ ബാദ്ഷാപൂരിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
ഹതിൻ മുതൽ തൻസേസർ വരെയും തൻസേസർ മുതൽ പൽവാൽ വരെയും കോൺഗ്രസ് വേദികളിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. നിങ്ങളുടെ പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ നിങ്ങൾ എന്തിനാണ് മിണ്ടാതിരുന്നതെന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
"പ്രീണനത്തിലൂടെ കോൺഗ്രസ് അന്ധരായിരിക്കുന്നു. കശ്മീർ നമ്മുടേതാണോ അല്ലയോ ? ആർട്ടിക്കിൾ 370 നീക്കം ചെയ്യണമോ വേണ്ടയോ ? കോൺഗ്രസും രാഹുലും പറയുന്നു ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന്. രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല. കശ്മീരിനെ സംരക്ഷിക്കുന്നതിനായി ഹരിയാനയിലെ യുവാക്കൾ ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അത് വെറുതെയാകില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.