ചമ്പായി സോറന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ പിന്നാലെ നിരീക്ഷിച്ച് ജാര്‍ഖണ്ഡ് പൊലീസ്; ഒടുവില്‍ എസ്‌ഐമാര്‍ പിടിയില്‍; വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി

മുന്‍മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന അപൂര്‍വ സംഭവമാണിതെന്നും ഹിമന്ത ബിശ്വ ശര്‍മ

New Update
champai soren

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായി സോറന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ നിരീക്ഷിക്കാന്‍ പിന്നാലെ ജാര്‍ഖണ്ഡ് പൊലീസ് എത്തിയിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

Advertisment

ജാർഖണ്ഡ് പൊലീസിൻ്റെ സ്‌പെഷ്യൽ ബ്രാഞ്ചിലെ രണ്ട് സബ് ഇൻസ്‌പെക്ടർമാർ (എസ്ഐമാർ) കഴിഞ്ഞ അഞ്ച് മാസമായി ചമ്പായിയെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.

മുന്‍മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന അപൂര്‍വ സംഭവമാണിതെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ചമ്പായിയെ നിരീക്ഷിക്കാന്‍ 'ഭരണഘടനാ പദവിയിലുള്ള വ്യക്തി'യിൽ നിന്നും സ്‌പെഷ്യൽ ബ്രാഞ്ച് മേധാവിയിൽ നിന്നുമാണ് ഉത്തരവുകള്‍ ലഭിച്ചതെന്ന് എസ്‌ഐമാര്‍ വെളിപ്പെടുത്തിയെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പേരെടുത്ത് പറയാതെയായിരുന്നു അസം മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

ജാർഖണ്ഡ് പൊലീസിൻ്റെ സ്‌പെഷ്യൽ ബ്രാഞ്ചിലെ രണ്ട് സബ് ഇൻസ്‌പെക്ടർമാരെ ചമ്പായിക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ വെച്ച് പിടികൂടിയിരുന്നു. ചമ്പായി സോറൻ്റെ ഹോട്ടൽ മുറിയുടെ ഫോട്ടോ എടുക്കുന്നത് കണ്ടതിന് ശേഷമാണ് രണ്ട് സബ് ഇൻസ്‌പെക്ടർമാർക്കെതിരെ സംശയം ഉയർന്നത്.

പിടിയിലായ രണ്ട് എസ്ഐമാരെ ഡൽഹി പോലീസിന് കൈമാറിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അസം മുഖ്യമന്ത്രി സൂചിപ്പിച്ചു.



 


Advertisment