ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാരം അറസ്റ്റിന് ശേഷം കുറഞ്ഞെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. തിഹാര്‍ ജയിലില്‍ എത്തിയപ്പോള്‍ കെജ്‌രിവാളിന് 65 കിലോഗ്രാമായിരുന്നു ഭാരമെന്നും, അത് ഇപ്പോഴും അതേ പടി തുടരുന്നുവെന്നും ജയില്‍ അധികൃതര്‍ പറയുന്നു. കെജ്‌രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞെന്ന എഎപി നേതാവ് അതിഷിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ജയില്‍ അധികൃതര്‍.
“01.04.2024-ന് എത്തിയപ്പോൾ, അരവിന്ദ് കെജ്‌രിവാളിനെ രണ്ട് ഡോക്ടർമാർ പരിശോധിച്ചു. എല്ലാ സാധാരണ നിലയിലായിരുന്നു. കൂടാതെ, ജയിലിൽ എത്തിയതുമുതൽ ഇന്നുവരെ അദ്ദേഹത്തിൻ്റെ ഭാരം 65 കിലോയാണ്. കോടതി നിർദേശപ്രകാരം വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നുണ്ട്” തിഹാർ ജയിൽ മാനേജ്‌മെൻ്റ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാൾ കടുത്ത പ്രമേഹരോഗിയാണെന്ന് അതിഷി പറഞ്ഞിരുന്നു. ബിജെപി കെജ്‌രിവാളിനെ ജയിലിൽ അടച്ചത് വഴി അദ്ദേഹത്തിൻ്റെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്നായിരുന്നു അതിഷിയുടെ ആരോപണം.
"അരവിന്ദ് കെജ്‌രിവാൾ കടുത്ത പ്രമേഹരോഗിയാണ്. ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും അദ്ദേഹം 24 മണിക്കൂറും രാജ്യസേവനത്തിൽ ഏർപ്പെട്ടിരുന്നു. അറസ്റ്റിന് ശേഷം കെജ്‌രിവാളിൻ്റെ ഭാരത്തിൽ 4.5 കിലോ കുറഞ്ഞു. ഇത് വളരെ ആശങ്കാജനകമാണ്. ബിജെപി ജയിലിൽ അടച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ ആരോഗ്യം അപകടത്തിലാക്കുന്നു,” അതിഷി 'എക്‌സി'ല്‍ കുറിച്ചു.