'ബിജെപിയുടെ നേതൃത്വത്തിലുള്ള ഒരു സഖ്യവുമായി ചേരാന്‍ എനിക്ക് കഴിയില്ല' ! എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ആര്‍എല്‍ഡിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്‌

മാസങ്ങള്‍ക്ക് നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി അടുത്തിടെയാണ് എന്‍ഡിഎയുടെ ഭാഗമായത്. ചൗധരി ചരണ്‍ സിങ്ങിന് ഭാരതരത്ന നല്‍കിയതിന് പിന്നാലെയായിരുന്നു എന്‍ഡിഎ പ്രവേശം

New Update
Shahid Siddiqui

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) ലയിച്ചതിനെ തുടർന്ന് രാഷ്ട്രീയ ലോക്ദളിൻ്റെ ദേശീയ വൈസ് പ്രസിഡൻ്റ് ഷാഹിദ് സിദ്ദിഖി പാർട്ടിയില്‍ നിന്ന്‌ രാജിവച്ചു. താനും കുടുംബവും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കെതിരേ നിന്നവരാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കിയ സ്ഥാപനങ്ങളെ തുരങ്കം വെക്കുന്നത് നിശബ്ദമായി കാണാനാവില്ലെന്നും പറഞ്ഞാണ് രാജി.

Advertisment

മാസങ്ങള്‍ക്ക് നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി അടുത്തിടെയാണ് എന്‍ഡിഎയുടെ ഭാഗമായത്.  മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കിയതിന് പിന്നാലെയായിരുന്നു ജയന്തിന്റെ എന്‍ഡിഎ പ്രവേശം. പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ട് മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടിയെ കൂടെ നിര്‍ത്തി സംസ്ഥാനത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ഷാഹിദ് സിദ്ദിഖി ജയന്ത് ചൗധരിക്ക് അയച്ച രാജിക്കത്ത്:

''നമ്മള്‍ 6 വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. പരസ്പരം ബഹുമാനിക്കുന്നു. ഒരു സഹപ്രവർത്തകന്‍ എന്നതിലുപരി ഒരു ഇളയ സഹോദരനായാണ് ഞാൻ നിങ്ങളെ കാണുന്നത്. സുപ്രധാന വിഷയങ്ങളിലും വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ സാഹോദര്യത്തിൻ്റെയും ആദരവിൻ്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നമ്മള്‍ തോളോട് തോൾ ചേർന്ന് നിന്നു.

മതനിരപേക്ഷതയോടുള്ള നിങ്ങളുടെ പ്രതിബദ്ധതയെയും നമ്മള്‍ ഇരുവരും വിലമതിക്കുന്ന ഭരണഘടനാ മൂല്യങ്ങളെയും ആർക്കും സംശയിക്കാനാവില്ല. നിങ്ങളുടെ പരേതനായ മുത്തച്ഛൻ ഭാരതരത്‌ന ചൗധരി ചരൺ സിംഗ്‌ജിയുടെ കാലം മുതൽ ഈ പാര്‍ട്ടി മൂല്യങ്ങൾക്കായി നിലകൊണ്ടു.

എന്നിരുന്നാലും, ഇപ്പോൾ ആർഎൽഡി എൻഡിഎയുടെ ഭാഗമായതോടെ എന്നെ പ്രതിസന്ധിയിലാക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഒരു സഖ്യവുമായി ബന്ധപ്പെടാൻ എനിക്ക് കഴിയുന്നില്ല. നിങ്ങളുടെ രാഷ്ട്രീയ നിർബന്ധങ്ങളെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. നിങ്ങളെ ഉപദേശിക്കാൻ എനിക്ക് കഴിയില്ല. ഞാന്‍ എന്നോട് സ്വയം സംസാരിക്കുമ്പോള്‍ ആര്‍എല്‍ഡിയില്‍ നിന്ന് പിന്മാറാന്‍ സ്വയം നിര്‍ബന്ധിതനാകുന്നു. 

നിങ്ങളോടുള്ള എൻ്റെ ആദരവ് നിലനിറുത്തിക്കൊണ്ടും, നിങ്ങളുടെ സ്‌നേഹത്തിനും ആര്‍എല്‍ഡിയുമായുള്ള ബന്ധത്തിനും നന്ദി അറിയിച്ചുകൊണ്ടും, ഞാൻ ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു. ദയവായി എൻ്റെ രാജി സ്വീകരിക്കുക. എല്ലായ്‌പ്പോഴും എന്നപോലെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു''

 

Advertisment