ന്യൂഡൽഹി: പുറമേ നോക്കുമ്പോള്‍ സാധാരണനിലയിലാണെങ്കിലും, ബംഗ്ലാദേശിലേതിന് സമാനമായ അക്രമാസക്തമായ സർക്കാർ വിരുദ്ധ പ്രതിഷേധം ഇന്ത്യയിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. പിന്നാലെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന്, ഇന്ത്യയിൽ പ്രതിഷേധങ്ങളും തീവെപ്പും പൊട്ടിപ്പുറപ്പെടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതെന്ന് ബിജെപി എംപി സംബിത് പത്ര വിമര്‍ശിച്ചു.
"രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴെല്ലാം പലരെയും രഹസ്യമായി കാണുകയും ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം എന്താണെന്ന് അറിയാൻ തുടങ്ങിയത്," സംബിത് പത്ര ആരോപിച്ചു.
പ്രതിപക്ഷം 'തുക്‌ഡെ തുക്‌ഡെ' ഗ്യാങ്ങായി മാറുകയാണെന്ന് ബിജെപി എംപി ഗിരിരാജ് സിംഗ് ആരോപിച്ചു.
"ബംഗ്ലാദേശ് പോലെയുള്ള ഒരു സാഹചര്യം ഇന്ത്യക്കും ഉണ്ടാകാമെന്ന് അദ്ദേഹം (സൽമാൻ ഖുർഷിദ്) പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം സംസാരിച്ചതെന്ന് എനിക്കറിയാം. രാജ്യത്ത് ആരെങ്കിലും ഔറംഗസേബാകാൻ ശ്രമിച്ചപ്പോഴെല്ലാം ഒരു മഹാറാണാ പ്രതാപും വന്നിരുന്നുവെന്ന് ഓർക്കണം. ," അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുർഷിദ് തൻ്റെ പരാമർശങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
അതേസമയം, 'സ്വേച്ഛാധിപത്യം അധികകാലം നിലനിൽക്കില്ല' എന്ന പാഠം ബംഗ്ലാദേശിൽ നിന്ന് രാജ്യം ഉൾക്കൊള്ളണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു.