/sathyam/media/media_files/tuNiK2sSmVD6ETr5mFAm.jpg)
ഹൈദരാബാദ്: രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായി ബിആര്‍എസിന്റെ ലയനം. ബിആര്‍സ് ബിജെപിയിലോ, കോണ്‍ഗ്രസിലോ ലയിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബിആര്‍എസിന്റെ ലയനം സാധ്യമല്ലെന്നും വിലയിരുത്തലുകളുണ്ട്.
ബിആർഎസ് ബിജെപിയുമായി ലയിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ രേവന്ത് റെഡ്ഡി പറഞ്ഞതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഇതിന് പിന്നാലെ ബിആര്‍എസ് കോണ്‍ഗ്രസിലാണ് ലയിക്കുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ രംഗത്തെത്തി.
ബിആർഎസ് ബിജെപിയിൽ ലയിക്കുമെന്നും കെ ചന്ദ്രശേഖർ റാവു ഒരു സംസ്ഥാനത്തിൻ്റെ ഗവർണറാകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കെ ടി രാമറാവു കേന്ദ്രമന്ത്രിയാകുമെന്നും, ടി ഹരീഷ് റാവു നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുമായുള്ള അനൗപചാരികമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ത് റെഡ്ഡി ഇക്കാര്യം പറഞ്ഞത്.
കെസിആർ എഐസിസി പ്രസിഡൻ്റും കവിത രാജ്യസഭാംഗവും കെടിആർ പിസിസി പ്രസിഡൻ്റുമായി ബിആർഎസ് കോൺഗ്രസിൽ ലയിക്കുമെന്നായിരുന്നു സഞ്ജയ് കുമാറിന്റെ മറുപടി.
ഫോൺ ചോർത്തൽ കേസിലും കാളേശ്വരം അഴിമതിക്കേസിലും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, മുൻ മന്ത്രിമാരായ കെ ടി രാമറാവു, ടി ഹരീഷ് റാവു എന്നിവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് സഞ്ജയ് കുമാർ ചോദിച്ചു. അവർക്കെതിരെ നടപടിയെടുക്കാത്തത് കോൺഗ്രസും ബിആർഎസും കൈകോർക്കുന്നു എന്നതിന് മതിയായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഇരുപാര്‍ട്ടികളും പ്രചരിപ്പിക്കുന്നതെന്ന് രാമറാവു വിമര്‍ശിച്ചു. കോൺഗ്രസുമായോ ബിജെപിയുമായോ ലയനമില്ലെന്നും പാർട്ടി ശക്തമാണെന്നും അടുത്ത 50 വർഷത്തിനുള്ളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.