ഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) ആറിൽ ആറ് സീറ്റിലും ജയം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭാ സീറ്റുകൾ ഒഴിഞ്ഞ സിറ്റിങ് എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്ന് നൈഹാത്തി, ഹരോവ, മേദിനിപൂര്‍, തൽദാൻഗ്ര, സിതായ്, മദാരിഹട്ട് എന്നീ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആറിടത്തും തകർപ്പൻ ജയമാണ് ടി.എം.സി നേടിയത്. നൈഹാത്തിയിൽ സനത് ഡേയും ഹരോവയിൽ റാബിയുൽ ഇസ്ലാമും മേദിനിപൂരിൽ സുജോയ് ഹസ്രയും തൽദാൻഗ്രയിൽ ഫാൽഗുനി സിംഗബാബുവും ജയിച്ചു.
സിതായിൽ സംഗീത റോയിയും മദാരിഹത്തിൽ ജയ പ്രകാശ് ടോപോയും ജയം നേടി. മദാരിഹട്ടിൽ ബി.ജെ.പിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മദാരിഹട്ടിലും സിതായിയിലും സി.പി.എം നയിക്കുന്ന ഇടതുമുന്നണിക്ക് കെട്ടിവെച്ച പണം നഷ്ടമായി.
ഛത്തിസ്ഗഢിലെ റായ്പുർ സിറ്റി സൗത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി സുനിൽ കുമാർ സോണി 46,167 വോട്ടിന് കോൺഗ്രസിലെ ആകാശ് ശർമയെ തോൽപിച്ചു. 90 അംഗ ഛത്തിസ്ഗഢ് നിയമസഭയിൽ ബി.ജെ.പി അംഗബലം 54 ആണ്. കോൺഗ്രസിന്റേത് 35.
റായ്പുർ പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ച ബി.ജെ.പി സിറ്റിങ് എം.എൽ.എയും മുൻ മന്ത്രിയുമായ ബ്രിജ്മോഹൻ അഗർവാൾ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഗുജറാത്തിലെ വാവ് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്വരൂപ്ജി താക്കൂർ കോൺഗ്രസിലെ ഗുലാബ്സിൻ രാജ്പുത്തിനെ 2,442 വോട്ടിന് പരാജയപ്പെടുത്തി. അവസാന രണ്ട് റൗണ്ടുകളിലാണ് അട്ടിമറി വിജയം.
ബനസ്കന്ത ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയിച്ച കോൺഗ്രസ് എം.എൽ.എ ജെനിബെൻ ഠാക്കൂർ രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. ഇതോടെ 182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 162 സീറ്റ് ആയി.