/sathyam/media/media_files/2jgaNX654opTqocMFGoF.jpg)
ന്യൂഡല്‍ഹി: പ്രമുഖ എജ്യൂ–ടെക് കമ്പനി ബൈജൂസിനെതിരായ പാപ്പരത്വ നടപടികൾ നിർത്തിവച്ച മുൻ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. അധികാരത്തിന് അതീതമായി ഇടപെട്ടതിനും, പാപ്പരത്വ നടപടിയെ തടസപ്പെടുത്തിയതിനും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻസിഎൽഎടി) കോടതി വിമർശിച്ചു.
എൻസിഎൽഎടി നിയമത്തിൽ പറഞ്ഞിരിക്കുന്ന ശരിയായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് ചെയ്തു.
"കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസിലേക്ക് (സിഐആർപി) കക്ഷികൾ സമർപ്പിച്ച പിൻവലിക്കൽ അപേക്ഷയിൽ ഒരു മുദ്ര പതിപ്പിക്കുന്ന ഒരു പോസ്റ്റ് ഓഫീസായി എൻസിഎൽഎടിയെ കണക്കാക്കാനാവില്ല"-ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) ബൈജു നടത്തിയ ഒത്തുതീർപ്പും കോടതി നിരസിച്ചു, സെറ്റിൽമെൻ്റ് തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.