/sathyam/media/media_files/2025/01/13/b7T2KbkZANhPVyFF7dEu.jpg)
കല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ഒരു ദേശീയ പാര്‍ട്ടിയായി മാറ്റുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ക്കു കരുത്തു പകരാന്‍ പിവി അന്‍വറിന് കഴിയുമോ എന്നതാണ് ഇനി ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുക.
മുന്‍പ് ബംഗാളിലെന്നപോലെ സിപിഎം തുടര്‍ഭരണം സാധ്യമാക്കിയ കേരളത്തില്‍ ശക്തനായ ഒരു നേതാവിലൂടെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് മമത.
ബംഗാളില്‍ സിപിഎം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് നേതാക്കള്‍ ആണയിടുമ്പോഴാണ് സിപിഎമ്മിന്‍റെ അവശേഷിക്കുന്ന തുരുത്തായ കേരളത്തില്‍ നിന്ന് സിപിഎം സ്വതന്ത്രനായി ജയിച്ച എംഎല്‍എ പദവി രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നതെന്നത് മമതയ്ക്ക് ഇരട്ടി മധുരമാണ്. ഇത് ബംഗാളിലും മമത രാഷ്ട്രീയമായി ഉപയോഗിക്കും.
2011 മുതല്‍ തുടര്‍ച്ചയായി 3 തവണയാണ് മമത അധികാരത്തിലെത്തിയിരിക്കുന്നത്. 2026 -ല്‍ നാലാം തുടര്‍ സര്‍ക്കാരിനുള്ള പോരാട്ടത്തിലാണ് മമത. അതിനിടയില്‍ ഡല്‍ഹിയിലും മമതയ്ക്ക് ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്.
അതിലേയ്ക്കുള്ള പാതയൊരുക്കലിന് മമത ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിലവില്‍ ബംഗാളിന് പുറത്ത് മണിപ്പൂരിലും യുപിയിലുമാണ് തൃണമൂലിന് നിയമസഭാംഗങ്ങളുള്ളത്.
നാല് സംസ്ഥാനങ്ങളില്‍ എംഎല്‍എമാരെ സൃഷ്ടിക്കുകയും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ ദേശീയ പാര്‍ട്ടിയെന്ന നിലയിലേയ്ക്ക് വളരാന്‍ പാര്‍ട്ടിക്കാകും.
2026 -ല്‍ കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍വറിലൂടെ സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാനാണ് തൃണമൂല്‍ ലക്ഷ്യം വയ്ക്കുന്നത്.
അതിനു മുമ്പ് സിപിഎമ്മില്‍ നിന്ന് ചില വമ്പന്‍ സ്രാവുകള്‍ അന്‍വറിനൊപ്പം തൃണമൂലിലെത്തുമെന്നാണ് പ്രതീക്ഷ. ഇത്തരത്തില്‍ ചില ഉറപ്പുകളും അന്‍വര്‍ മമതയ്ക്ക് നല്‍കിയിട്ടുണ്ട്.
അങ്ങനെ വന്നാല്‍ ഒന്നോ രണ്ടോ എംഎല്‍എമാരെ സംസ്ഥാനത്ത് സൃഷ്ടക്കാന്‍ കഴിയുമെന്നാണ് തൃണമൂല്‍ പ്രതീക്ഷിക്കുന്നത്.
അതിനാലാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം പര്യടനം നടത്തി പാര്‍ട്ടിക്ക് ശക്തമായ ജില്ലാ ഘടകങ്ങളും ശക്തികേന്ദ്രങ്ങളില്‍ നിയോജക മണ്ഡലം ഘടകങ്ങളും രൂപീകരിക്കാന്‍ അന്‍വറിന് മമത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എംഎല്‍എ ആയി തുടരുകയും ഉപതെരഞ്ഞടുപ്പില്‍ മല്‍സരിക്കുകയും ചെയ്താല്‍ സംസ്ഥാനത്തുടനീളം പാര്‍ട്ടി വളര്‍ത്താന്‍ സമയം ലഭിക്കില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ശക്തി സംഭിക്കാനാണ് മമതയുടെ നിര്‍ദ്ദേശം.
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് മമത സ്വരൂപിച്ച് നല്‍കും. വരുന്ന തെരഞ്ഞെടുപ്പില്‍ അന്‍വര്‍ തോറ്റാലും രാജ്യസഭാംഗമാക്കി അന്‍വറെ മമത സംരക്ഷിക്കും.