ന്യൂഡൽഹി: മദ്യനയക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐയും ഉടൻ അറസ്റ്റ് ചെയ്തേക്കും. ചോദ്യം ചെയ്യലിൽ കേജരിവാൾ സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇടനിലക്കാരനായ മലയാളി വിജയ് നായരുടെ പങ്കിനെക്കുറിച്ചടക്കം കെജ്‌രിവാൾ വെളിപ്പെടുത്താത്തതിനാൽ സി.ബി.ഐയുടെ അന്വേഷണം അനിവാര്യമാണെന്ന് ഇ.ഡി വിലയിരുത്തുന്നു. മാത്രമല്ല, ജയിലിൽ ഇരുന്ന് ഭരണം നടത്തുമെന്ന് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചിരിക്കെ സി.ബി.ഐ കൂടി വരുന്നതിനാൽ ആ വാദം കൂടുതൽ ദുർബലമാവുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. സി.ബി.ഐ നേരത്തെ കെജ്‌രിവാളിനെ ചോദ്യം ചെയ്‌തിരുന്നു.
ഇ.ഡിക്ക് പിന്നാലെ സിബിഐ കൂടി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നതോടെ കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ആം ആദ്മി നിർബന്ധിതമാവും. കേജരിവാളിന്റെ ഭാര്യ സുനിതയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഇടയുണ്ട്. ഭരണഘടനാ പ്രതിസന്ധി അനുവദിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന വ്യക്തമാക്കിയിട്ടുണ്ട്.
കെജ്‌രിവാളിന്റെ ജയിലിൽ നിന്നുള്ള ഭരണത്തട് ബി.ജെ.പിക്ക് കടുത്ത എതിർപ്പുണ്ട്. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതടക്കം കേന്ദ്രം പരിഗണിക്കുന്നതിനാൽ പ്രായോഗിക നടപടികളായിരിക്കും ഡൽഹിയിൽ ആം ആദ്മി കൈക്കൊള്ളുകയെന്നാണ് സൂചന.
അന്വേഷണത്തോട് കെജ്‌രിവാൾ സഹകരിക്കാത്തതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നില്ലെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും ഇ.ഡിയാണ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് കെജ്‌രിവാളിനെ തീഹാർ ജയിലിൽ അടച്ചത്. പാർട്ടിയുടെ മാദ്ധ്യമവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിജയ് നായർ എന്തിനാണ് കൂട്ടുപ്രതികളുമായി പത്തിലേറെ തവണ കൂടിക്കാഴ്ച്ച നടത്തിയതെന്ന വിവരം കെജ്‌രിവാൾ വെളിപ്പെടുത്തുന്നില്ല. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരോടാണ് വിജയ് നായർ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് കെജ്‌രിവാളിന്റെ മറുപടി. ഇക്കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടത്താനാണ് സി.ബി.ഐ വരുന്നത്.
തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്‌രിവാൾ. സുഹൃത്തും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലുണ്ട്. ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഏഴാം നമ്പർ ജയിലിലും കഴിയുകയാണ്. അഞ്ചാം നമ്പര്‍ ജയിലിലുണ്ടായിരുന്ന സഞ്ജയ് സിംഗ് എം.പിക്ക് ഇന്ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത സഞ്ജയ് സിംഗ്, ആറ് മാസത്തോളമായി ജയിലായിരുന്നു.
ഇതേ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയും തിഹാറിലുണ്ട്. വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലാണ് കവിത. ഇതിൽ സിസോദിയ മദ്യനയക്കേസിലാണെങ്കിൽ സത്യേന്ദർ ജെയ്ൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ജയിലിൽ കഴിയുന്നത്.
മുഖ്യമന്ത്രി എന്ന നിലയിൽ കെജ്‌രിവാളിന് ജയിലിൽ പ്രത്യേക സൗജന്യങ്ങൾ ലഭിക്കും. നിശിചിത സമയത്ത് ടെലിവിഷൻ കാണാം. വാർത്ത, വിനോദം, കായികം ഉൾപ്പെടെ ഇരുപത് ചാനലുകളാണ് അനുവദിച്ചത്.
ജയിലിൽ 24 മണിക്കൂറും ഡോക്ടറുറടെ സേവനം കിട്ടും. കടുത്ത പ്രമേഹരോഗിയാണ് കെജ്‌രിവാൾ. അദ്ദേഹത്തിന് പ്രത്യേക ഭക്ഷണക്രമം വേണമെന്ന് അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു കോടതി അനുമതി നൽകി. വീട്ടിൽ പാചകം ചെയ്ത ഭക്ഷണവും കുപ്പിയിൽ കുടിവെള്ളവും ജയിലിലെത്തിക്കും. പ്രമേഹം നിയന്ത്രണത്തിൽ അല്ലാത്തതിനാൽ മിഠായിയും ഉപയോഗിക്കാം. ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ ഉപകരണവും ജയിൽ മുറിയിലുണ്ട്. ഭാര്യ സുനിതയ്ക്ക് കെജ്‌രിവാളിനെ സന്ദർശിക്കാം. സിറ്റിംഗ് മുഖ്യമന്ത്രിയായതിനാൽ മറ്റു സന്ദർശകരെയും അനുവദിക്കേണ്ടി വരും.