ഡൽഹി: രാജ്യത്തെ പുതിയ തട്ടിപ്പായ 'ഡിജിറ്റൽ അറസ്റ്റി'ലൂടെ നാല് മാസത്തിനിടെ തട്ടിപ്പുവീരന്മാർ കൈക്കലാക്കിയത് 120.3 കോടി രൂപ. 'ഡിജിറ്റൽ അറസ്റ്റി'ലാണെന്ന് വിശ്വസിപ്പിച്ചാണ് ഇത്ര കോടി രൂപയുടെ ഞെട്ടിക്കുന്ന തട്ടിപ്പ് നടത്തിയത്.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം ഓഡിനേഷൻ സെന്‍റർ (ഐ4സി) കണക്കുകൾ പ്രകാരം 'ഡിജിറ്റൽ അറസ്റ്റ്' രാജ്യത്ത് ഏറ്റവും കൂടുതൽ നടക്കുന്ന തട്ടിപ്പ് രീതികളിലൊന്നായി മാറുകയാണ്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാന്മർ, ലാവോസ്, കംബോഡിയ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ നടന്ന സൈബർ തട്ടിപ്പുകളിൽ ആകെയായി ജനങ്ങൾക്ക് നഷ്ടമായത് 1776 കോടി രൂപയാണ്. അതിൽ 46 ശതമാനവും മ്യാന്മർ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തട്ടിപ്പുകളാണെന്ന് ഐ4സി കണക്കുകൾ പറയുന്നു.
ജനുവരി ഒന്നിനും 30നും ഇടയിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 7.4 ലക്ഷം പരാതികളാണ്. 2023ൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 15.56 ലക്ഷം പരാതികളാണ്. 2022ൽ ഇത് 9.66 ലക്ഷവും 2021ൽ 4.52 ലക്ഷവും മാത്രമായിരുന്നു.
ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പ്, ടാസ്കുകൾ നൽകിയുള്ള തട്ടിപ്പ്, ഡേറ്റിങ് തട്ടിപ്പ് എന്നിവയാണ് രാജ്യത്ത് പ്രധാനമായുമുള്ള ഡിജിറ്റൽ തട്ടിപ്പ് രീതികൾ. ഡിജിറ്റൽ അറസ്റ്റിൽ 120.3 കോടി രൂപ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടപ്പോൾ ട്രേഡിങ് തട്ടിപ്പിൽ നഷ്ടമായത് 1420.48 കോടിയാണ്.
അതേസമയം, പ്രണയവും അടുപ്പവും നടിച്ച് പണം തട്ടുന്ന രീതിയായ ഡേറ്റിങ് തട്ടിപ്പിലൂടെ 13.23 കോടിയാണ് നഷ്ടമായത് -ഐ4സി കണക്കുകൾ വ്യക്തമാക്കുന്നു.