ഡല്‍ഹി: ഈ മാസം 23 -ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത് കേന്ദ്ര ബജറ്റ് ജനപ്രിയമാകുമോ ? തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സര്‍ക്കാര്‍ പാഠം പഠിച്ചോ എന്നറിയാന്‍ 23 വരെ കാത്തിരിക്കണം. 22 നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം.
ഈ വര്‍ഷം നടക്കേണ്ട 4 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് ജനപ്രിയ ബജറ്റ് വേണമെന്ന അഭിപ്രായം ബിജെപിയില്‍ ശക്തമാണ്. മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീര്‍, ജാര്‍ഘണ്ഡ് നിയമസഭകളിലേയ്ക്ക് ഈ വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ അത് വീണ്ടും സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ പ്രതിരോധത്തിലാക്കും. അതിനാല്‍ തന്നെ ആദായനികുതി സ്ലാബില്‍ ജനപ്രിയ പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.
ആദായനികുതി സ്ലാബ് കാലാനുസൃതമായി പരിഷ്കരിക്കണം എന്ന നിലപാട് 10 വര്‍ഷം മുമ്പ് സ്വീകരിച്ച നേതാവാണ് നരേന്ദ്ര മോദി. എന്നാല്‍ അദ്ദേഹം പ്രധാനമന്ത്രി ആയശേഷം അത്തരമൊരു പരിഷ്കാരം ഉണ്ടായിട്ടില്ല. കുറഞ്ഞ ആദായനികുതി പരിധി ഉപാധികളില്ലാതെ 7.5 ലക്ഷമോ 10 ലക്ഷമോ ആയി ഉയര്‍ത്തണമെന്നാണ് ആവശ്യം.
അതുപോലെ കാര്‍ഷിക മേഖലയ്ക്കുള്ള ധനസഹായം ആറായിരം കോടിയില്‍ നിന്ന് പതിനായിരം കോടിയായി ഉയര്‍ത്തമമെന്ന ആവശ്യം ശക്തമാണ്. ഇത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ 4 നിസമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയം ഉണ്ടായാല്‍ അത് നിലവില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളുടെ ആത്മവിശ്വാസം ചോര്‍ത്തുമന്ന ഭയം സര്‍ക്കാരിനുണ്ട്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് 32 വോട്ടുകളുടെ കുറവാണ് ബിജെപിക്കുള്ളത്.