/sathyam/media/media_files/uE9HuyrtxqPtEW5rsHER.jpg)
ഡല്‍ഹി: ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താൻ ഒരുങ്ങി സി.പി.എം. ഈ മാസം 27 മുതൽ ആരംഭിക്കുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ യെച്ചൂരിക്ക് പകരം ആര് പാർട്ടിയെ നയിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.
പദവിയിലിരിക്കെ ജനറൽ സെക്രട്ടറി മരിച്ച ചരിത്രം സി.പി.എമ്മിൽ ഇല്ല. അതുകൊണ്ടുതന്നെ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. ഈ സാഹചര്യത്തിൽ പകരം ജനറൽ സെക്രട്ടറി വേണോ, അതോ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് വരെ പൊളിറ്റ് ബ്യൂറോ കൂട്ടായി ചുമതലകൾ നിർവ്വഹിച്ചാൽ മതിയോ എന്നകാര്യത്തിലാണ് ആദ്യം തീരുമാനം ഉണ്ടാവേണ്ടത്.
അക്കാര്യം 27ന് ചേരുന്ന പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. യെച്ചൂരി രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ കൂട്ടായാണ് ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ച് പോരുന്നത്. എന്നാൽ പാർട്ടി കോൺഗ്രസിൽ കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ട് റിപോർട്ട് അവതരിപ്പിക്കേണ്ടത് ജനറൽ സെക്രട്ടറിയുടെ ചുമതലയാണ്.
ഇതിനൊപ്പം അടുത്ത പാർട്ടി കോൺഗ്രസ് വരെയുളള രാഷ്ട്രീയ അടവ് നയം രൂപീകരിക്കുന്നതിനായി കരട് രാഷ്ട്രീയ പ്രമേയവും തയാറാക്കി ആദ്യം കേന്ദ്ര കമ്മിറ്റിയിലും പിന്നീട് പാർട്ടി കോൺഗ്രസിലും അവതരിപ്പിക്കേണ്ടതുണ്ട്. ഇതിലും ജനറൽ സെക്രട്ടറിക്ക് നിർണായക റോളുണ്ട്.
അതിനാൽ പാർട്ടി കോൺഗ്രസ് വരെ താൽക്കാലിക ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതാകും ഉചിതമെന്നാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഭൂരിപക്ഷത്തിൻെറയും അഭിപ്രായം.
27ന് നടക്കുന്ന പിബി യോഗത്തിൽ ഈ അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചാൽ താൽക്കാലിക ജനറൽ സെക്രട്ടറിയെ നിശ്ചിയിക്കുന്നതിലേക്ക് കടക്കാനാണ് സാധ്യത. താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കും എന്നതാണ് അടുത്തകടമ്പ.
ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കുന്ന യെച്ചൂരി മധുര പാർട്ടി കോൺഗ്രസിൽ സ്ഥാനമൊഴിയാനിരുന്നതിനാൽ ആ പദവിയിൽ താൽപര്യമുളള നിരവധി നേതാക്കൾ പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലുമുണ്ട്. അതിനാൽ പുതിയ ജനറൽസെക്രട്ടറിയെ കണ്ടെത്തൽ എളുപ്പമാവില്ലെന്ന് ഉറപ്പാണ്.
മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങളെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിൽ പ്രകാശ് കാരാട്ടാണ് ഏറ്റവും സീനിയർ. നേരത്തെ 3 ടേം ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന നേതാവാണ് കാരാട്ട്. പാർട്ടിയുടെ നേതൃസമിതികളിൽ അംഗമാകന്നതിനുളള 75 വയസ് പ്രായപരിധി പിന്നിട്ടിട്ടുമുണ്ട്.
എന്നാൽ പാർട്ടി കോൺഗ്രസ് വരെ താൽക്കാലിക ജനറൽ സെക്രട്ടറിയായിരിക്കാൻ ഇതൊരു തടസമില്ലെന്ന് പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരാട്ട് കഴിഞ്ഞാൽ സി.പി.എം പൊളിറ്റ് ബ്യൂറോയിൽ ഏറ്റവും സീനിയർ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ.
1998ൽ ചടയൻ ഗോവിന്ദൻെറ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ ഇതോടെ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തുകയായിരുന്നു.
രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ നയിക്കുന്ന പിണറായി വിജയനെ അതുകൊണ്ടുതന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. 80 വയസ് പിന്നിട്ട പിണറായി ഇപ്പോൾ തന്നെ ഇളവ് ലഭിച്ചാണ് പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും തുടരുന്നത്.
എന്നാൽ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഘടകത്തിൻെറ നേതാവായ പിണറായി വിജയൻ ജനറൽ സെക്രട്ടറി പദവിയിൽ എത്തണമെന്ന് ആഗ്രഹിച്ചാൽ ഇതൊന്നും ഒരു തടസമായി മാറില്ലെന്ന് വിശ്വസിക്കുന്നവരും സി.പി.എമ്മിലുണ്ട്.
പ്രകാശ് കാരാട്ടും പിണറായി വിജയനും കഴിഞ്ഞാൽ പൊളിറ്റ് ബ്യൂറോയിലെ സീനിയർ ആന്ധ്രാപ്രദേശിൽ നിന്നുളള ബി.വി രാഘവലു ആണ്. യെച്ചൂരിയുടെ അന്തിമാഞ്ജലി ചടങ്ങുകളിൽ കാരാട്ടിന് ഒപ്പം നേതൃപരമായ പങ്കുവഹിച്ച രാഘവലു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ്വയം മുന്നോട്ടുവരുന്നുണ്ട്.
എന്നാൽ പകരക്കാരനാവേണ്ടത് സീതാറാം യെച്ചൂരി എന്ന രാഷ്ട്രീയ അതികായനാണ് എന്നതാണ് രാഘവലുവിനും മറ്റുനേതാക്കൾക്കും മുന്നിലുളള പ്രധാന തടസം. സി.പി.എമ്മിൻെറ സ്വാധീനത്തിനും പാർലമെൻറിലെ സ്വാധീനത്തിനും അപ്പുറം പാർട്ടിയെ ഉയർത്തിക്കാണിക്കാൻ കഴിഞ്ഞ നേതാവാണ് സീതാാറാം യെച്ചൂരി.
രാജ്യമാകെ അറിയപ്പെടുന്ന നേതാവെന്ന യെച്ചൂരിയുടെ വ്യക്തിപരമായ പ്രതിഛായയും എല്ലാ പാർട്ടികൾക്കും ഇടയിലുളള സ്വീകാര്യതയുമാണ് അത് സാധ്യമാക്കിയത്. ഈ സവിശേഷതകളെല്ലാം സമ്മേളിക്കുന്ന ഒരു നേതാവുപോലും ഇനി നേതൃനിരയിൽ അവശേഷിക്കുന്നില്ല എന്നതാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോൾ സി.പി.എം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി.
എല്ലാ അർത്ഥത്തിലും പകരക്കാരനില്ലാത്ത നേതാവായ യെച്ചൂരി ഒഴിച്ചിട്ട ജനറൽ സെക്രട്ടറി കസേരയിലേക്ക് പുതിയൊരാളെ പരിഗണിക്കുമ്പോൾ യെച്ചൂരിയുടെ സവിശേഷതകൾ കുറച്ചെങ്കിലും പങ്കിടുന്ന ആളായിരിക്കണം. ഇതാണ് പിണറായിക്കും ബി.വി രാഘവലുവിനും മറ്റുനേതാക്കൾക്കും എല്ലാമുളള തടസം.
ഈ മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ ബൃന്ദാ കാരാട്ടാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ ഏറ്റവും അനുയോജ്യ എന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. യെച്ചൂരിയുടെ അത്രയും ഉയർന്ന പ്രതിഛായയോ രാഷ്ട്രീയ സ്വീകാര്യതയോ ഇല്ലെങ്കിലും ഡൽഹിയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവ സാന്നിധ്യമാണ് ബൃന്ദാ കാരാട്ട്.
പ്രകാശ് കാരാട്ട് ഒഴികെ പാർട്ടിയിലെ മറ്റൊരു നേതാവിനും അവകാശപ്പെടാൻ കഴിയാത്ത സവിശേഷതയാണിത്. ബൃന്ദാ കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത നേതാവിനെ നിയോഗിച്ചെന്ന ഖ്യാതിയും സി.പി.എമ്മിന് ലഭിക്കും.
പ്രായപരിധി മാത്രമാണ് ബൃന്ദാ കാരാട്ടിന് മുന്നിലുളള ഏക തടസം. 77 വയസ് പിന്നിട്ട ബൃന്ദ കാരാട്ട്, മധുര പാർട്ടി കോൺഗ്രസിൽ നേതൃ സമിതികളിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രായപരിധിയിൽ ഇളവ് ലഭിക്കാൻ തടസമുണ്ടാകില്ല.
ദേശിയ രാഷ്ട്രീയത്തിൽ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ ബൃന്ദയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ കേരള ഘടകം സ്വീകരിക്കുന്ന നിലപാടായിരിക്കും ഏറ്റവും നിർണായകമാകുക.
യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താൻ സി.പി.എം കേന്ദ്ര ഘടകങ്ങൾ ചർച്ച തുടങ്ങുമ്പോൾ ഉയരുന്ന ചോദ്യം കേരളത്തിൽ നിന്നുളള ഏതെങ്കിലും നേതാവ് ജനറൽ സെക്രട്ടറിയാകുമോ എന്നതാണ്.
ഇ.എം.എസ് നമ്പൂതിരിപ്പാടാണ് കേരള ഘടകത്തെ പ്രതിനിധീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറിയായ ഏക നേതാവ്. പ്രകാശ് കാരാട്ട് ജന്മം കൊണ്ട് മലയാളിയാണെങ്കിലും അദ്ദേഹം കേരള ഘടകത്തിൻെറ പ്രതിനിധിയായിരുന്നില്ല.
പൊളിറ്റ് ബ്യൂറോയിൽ കേരളത്തിൽ നിന്ന് നാലംഗങ്ങളുണ്ട്. പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് കേരളത്തിൽ നിന്നുളള പിബി അംഗങ്ങൾ.
പൊളിറ്റ് ബ്യൂറോയിലെ സീനിയർ നേതാക്കളിൽ ഒരാളായ എം.എ ബേബിയും ദേശിയ തലത്തിൽ പ്രവർത്തിക്കുന്ന എ വിജയരാഘവനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളാണ്.
രാജ്യമാകെ അറിയപ്പെടുന്ന നേതാക്കളല്ല എന്നതാണ് ഇവർക്കുളള പ്രതികൂല ഘടകം. ഹിന്ദി ഉൾപ്പെടെയുളള ഭാഷാ പരിമിതിയും തടസങ്ങളാണ്. എന്നാൽ കേരളത്തിൽ നിന്നൊരാൾ ജനറൽ സെക്രട്ടറിയാകണമെന്ന ശക്തമായ നിലപാടെടുത്ത് കേരള ഘടകം ഒരുമിച്ച് നിന്നാൽ ഈ പ്രതിബന്ധങ്ങളെയെല്ലാം തട്ടിയകറ്റി ബേബിക്കോ വിജയരാഘവനോ ജനറൽ സെക്രട്ടറിയാകാം.
എന്നാൽ കേരള നേതൃത്വത്തിന് അങ്ങനെയാരു താൽപര്യമുണ്ടോ എന്നാണ് അറിയാനുളളത്. കേരളത്തിൽ നിന്നുളള നേതാവ് ജനറൽ സെക്രട്ടറിയാകുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയന് താൽപര്യമുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും കേരള ഘടകത്തിൻെറ താൽപര്യം.
കേരളത്തിൽ നിന്നുളള നേതാവ് ജനറൽ സെക്രട്ടറിയായാൽ ഇവിടെ പുതിയൊരു അധികാര കേന്ദ്രം കൂടി സൃഷ്ടിക്കപ്പെടും. ഇപ്പോഴത്തെ രാഷ്ട്രീയ സംഘടനാ പരിതസ്ഥിതിയിൽ പിണറായി വിജയന് അതിനോട് താൽപര്യമുണ്ടാകാൻ വഴിയില്ല.
പി.വി അൻവർ ഉയർത്തിയ ആക്ഷേപങ്ങളോടെ മുഖ്യമന്ത്രി പാർട്ടിക്കകത്ത് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങൾ പുരോഗമിക്കുന്നതോടെ അത് വളരാനാണ് സാധ്യത. ഈ അപകടത്തെ കുറിച്ച് ബോധവാനായ പിണറായി, പുതിയൊരു അധികാര കേന്ദ്രം കൂടി വരുന്നതിനെ അനുകൂലിച്ചേക്കില്ല.